എന്നാൽ, ഹോക്കിയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാൻ ലിൻഡയ്ക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെ അവർ വനിതാ ലീഗിന്റെ ഭാഗമായി കളി തുടർന്നു.
വിശ്വസിക്കാൻ പ്രയാസമായിരിക്കും എങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി പ്ലെയറിന്‍റെ പ്രായം എത്രയാണെന്ന് അറിയാമോ? 82 വയസ്സ്. ആളൊരു മുത്തശ്ശി ആണെന്ന് കരുതിയാൽ തെറ്റി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഈ നേട്ടത്തിന് അർഹയായ ഹോക്കി താരം ലോർട്ടനിലെ ലിൻഡ സിൻറോഡ് ആണ്. 35-ാം വയസ്സിലാണ് ഇവർ ഹോക്കിയിൽ ആകൃഷ്ടയാകുന്നത്.
സുഹൃത്തുക്കൾക്കൊപ്പം വിനോദ വേളകളിൽ കളിക്കാനുള്ള ഒരു കായിക വിനോദം മാത്രമായിട്ടായിരുന്നു ആദ്യമൊക്കെ ഇവർ ഹോക്കി കളിയെ കണ്ടിരുന്നത്. എന്നാൽ പിന്നീട് ഹോക്കിയോട് ഏറെ അടുത്തതോടെ ലിൻഡ കളിയെ കൂടുതൽ ഗൗരവമായി കണ്ടു തുടങ്ങി. അങ്ങനെ അവർ വാഷിംഗ്ടൺ ഡി.സി. ഏരിയയിലെ ആദ്യത്തെ വനിതാ ഹോക്കി ടീമിന്റെ സ്ഥാപക അംഗമായി. പിന്നീട് 10 വർഷക്കാലത്തോളം അവർ ടീമിൽ സജീവമായി കളിച്ചു. പിന്നീട് ടീമിൽ നിന്ന് വിട്ടെങ്കിലും സഹ കളിക്കാരുമായുള്ള ബന്ധം തുടർന്നു.
പിന്നീട് തൻറെ 67ാം വയസ്സിൽ പ്രിൻസ് വില്യം വൈൽഡ്കാറ്റ്സ് ടീമിൻറെ ഭാഗമായി കളിയിൽ വീണ്ടും സജീവമായി. എന്നാൽ അൽപകാലം കഴിഞ്ഞതോടെ കളിക്കാർ ലിൻഡയോട് ടീം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങിയതിനാൽ ലിൻഡയുമായി സഹകരിച്ചു പോകാൻ അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായിരുന്നു കാരണം. അങ്ങനെ തൻ്റെ 75 -ാം വയസ്സിൽ വൈൽഡ്കാറ്റ്സ് ടീമിൽ നിന്നും അവർ വിരമിച്ചു.
എന്നാൽ, ഹോക്കിയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാൻ ലിൻഡയ്ക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെ അവർ വനിതാ ലീഗിന്റെ ഭാഗമായി കളി തുടർന്നു. ഇപ്പോൾ 80 -ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി താരം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പുരസ്കാരം ലിൻഡയെ തേടി എത്തിയിരിക്കുകയാണ്.
