ഈ കാലഘട്ടത്തെ അന്ധകാരയുഗം എന്നാണ് പൊതുവിൽ വിശേഷിപ്പിക്കുന്നത്. ഈ അന്ധകാരത്തിന്റെ യഥാർത്ഥ ഉറവിടം മുമ്പ് ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു.
2022 പടിയിറങ്ങാൻ ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്. വ്യക്തിപരമായ പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകാമെങ്കിലും പൊതുവിൽ നേട്ടങ്ങളുടെ ഒരു വർഷം തന്നെയായിരുന്നു 2022. പ്രളയവും കൊവിഡും ഒക്കെ തീരാനഷ്ടങ്ങൾ സമ്മാനിച്ച വർഷങ്ങൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന വർഷമായിരുന്നു 2022. പ്രതീക്ഷിച്ചതു പോലെ തന്നെ വീണ്ടെടുക്കലുകളുടെ ഒരു വർഷം ആകാൻ 2022 -ന് സാധിച്ചു. എന്നാൽ, ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ ദുരിതകാലങ്ങളായി മാനവരാശി ഒന്നാകെ വിശേഷിപ്പിച്ച ചില വർഷങ്ങൾ ഉണ്ട്.
1349: എലികളിൽ കണ്ടുവരുന്ന ചെള്ളുകൾ വഴി മനുഷ്യരിലേക്ക് പടരുന്ന അണുബാധയായ ബ്യൂബോണിക് പ്ലേഗ് പിടിപെട്ട് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം ആളുകൾ കൊല്ലപ്പെട്ടു. ബ്ലാക്ക് ഡെത്ത് എന്നാണ് ചരിത്രത്തിൻറെ താളുകളിൽ ആ സംഭവം ഇന്നും അറിയപ്പെടുന്നത്. രോഗത്തെ പ്രതിരോധിക്കാൻ ഒരു വാക്സിൻ ഇല്ലായിരുന്നു എന്നതാണ് മരണസംഖ്യ ഇത്രമാത്രം ഭീതികരമായ രീതിയിൽ വളരാൻ കാരണമായത്. കൊവിഡിന്റെ തുടക്കകാലത്ത് നമ്മൾ അഭിമുഖീകരിച്ചതിലും ഭീകരമായ അവസ്ഥയിലൂടെ ആയിരുന്നു അന്ന് യൂറോപ്പിലെ ജനത കടന്നുപോയത്.
1520: അമേരിക്കയിൽ പടർന്നു പിടിച്ച വസൂരിയിൽ അവിടുത്തെ ഗോത്ര നിവാസികളിൽ 60 മുതൽ 90 ശതമാനം വരെ ആളുകൾ കൊല്ലപ്പെട്ടു.
1918: സ്പാനിഷ് ഫ്ലൂ 50 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിലേക്ക് നയിച്ചു.
എന്നാൽ, ഇതിനേക്കാൾ എല്ലാം ഭീകരമായ അവസ്ഥ സൃഷ്ടിച്ച ഒരു വർഷം ഉണ്ട് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. AD 536 ആണ് ആ വർഷം. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയെ രണ്ട് വർഷത്തോളം 24 മണിക്കൂറും ഇരുട്ടിൽ മുക്കിയ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന, വിശദീകരിക്കാനാകാത്ത, ഇടതൂർന്ന മൂടൽമഞ്ഞിൽ നിന്നാണ് ആ വർഷം ആരംഭിച്ചത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
തൽഫലമായി, ആഗോള താപനില കുത്തനെ ഇടിഞ്ഞു, ഇത് 2,000 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദശകത്തിലേക്ക് നയിച്ചു. ക്ഷാമം രൂക്ഷമായി, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെല്ലാം വിളകൾ നശിച്ചു. നിർഭാഗ്യവശാൽ, 536 AD കൂടുതൽ ദുരിതങ്ങളുടെ ഒരു മുന്നോടി ആയിരുന്നു. കടുത്ത തണുപ്പിന്റെയും പട്ടിണിയുടെയും ഈ കാലഘട്ടം യൂറോപ്പിൽ 541 എ.ഡിയിലും സാമ്പത്തിക ദുരന്തത്തിന് കാരണമായി. ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത് ഏകദേശം 100 ദശലക്ഷം ആളുകളുടെ മരണത്തിലേക്കും ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പകുതിയോളം ആളുകളുടെ മരണത്തിലേക്കും നയിച്ചു.
ഈ കാലഘട്ടത്തെ അന്ധകാരയുഗം എന്നാണ് പൊതുവിൽ വിശേഷിപ്പിക്കുന്നത്. ഈ അന്ധകാരത്തിന്റെ യഥാർത്ഥ ഉറവിടം മുമ്പ് ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. 536 -ന്റെ തുടക്കത്തിൽ ഐസ്‌ലൻഡിൽ ഉണ്ടായ അഗ്നിപർവ്വത സ്‌ഫോടനം ആണ് ഇതിനു കാരണമായതെന്ന് പിന്നീട് ശാസ്ത്രജ്ഞർ കണ്ടെത്തി. ആ അഗ്നിപർവ്വത സ്ഫോടനത്തിൽ അവിശ്വസനീയമാംവിധം ലോകത്തിൻറെ പല ഭാഗങ്ങളിലേക്ക് മൂടൽമഞ്ഞ് വ്യാപിക്കാൻ കാരണമായി. ഇതാണ് ലോകത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ കാരണമായതെന്നാണ് ഹിമശാസ്‌ത്രജ്ഞനായ പോൾ മയേവ്‌സ്‌കിയുടെയും നേതൃത്വത്തിലുള്ള ഗവേഷകർ പറയുന്നത്.
