വളരെ ചെറിയ പ്രായത്തിൽ തന്നെ ചെയ്യാത്ത തെറ്റിന് അകത്തായിപ്പോയ പാട്രിക് പുറത്തിറങ്ങിയപ്പോഴേക്കും ലോകമാകെ മാറി. എല്ലായിടത്തും സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗവുമെല്ലാം വർധിച്ചു. അതൊക്കെ പഠിക്കുകയും അതൊക്കെയായി താദാത്മ്യപ്പെടുകയും വേണം ഇനി എന്നും പാട്രിക് പറയുന്നു.
ചെയ്യാത്ത തെറ്റിന് ജയിലിനകത്ത് കിടന്ന് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ആളുകളെ കുറിച്ചുള്ള അനേകം വാർത്തകൾ ഇന്ന് നാം കേൾക്കാറുണ്ട്. അത് തന്നെയാണ് ലൂസിയാനയില്‍ നിന്നുള്ള പാട്രിക് ബ്രൗൺ എന്ന 49 -കാരന്റെ ജീവിതത്തിലും സംഭവിച്ചത്. ചെയ്യാത്ത തെറ്റിന് ഏകദേശം 30 വർഷം ജയിലിൽ കിടന്ന ശേഷമാണ് അയാൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ആറ് വയസുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു കുട്ടിയുടെ രണ്ടാനച്ഛനായ പാട്രിക്കിനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ, കുട്ടി തന്നെ ആ വാദം നിഷേധിച്ചിരുന്നു. 1994 -ലായിരുന്നു പാട്രിക്കിനെതിരെ കുറ്റം ചുമത്തപ്പെട്ടത്. കുട്ടി ഒരിക്കലും കോടതിയിൽ മൊഴി നൽകിയിരുന്നില്ല. പകരം മുതിർന്നവർ കുട്ടി പറഞ്ഞത് എന്നും പറഞ്ഞ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പാട്രിക് ശിക്ഷിക്കപ്പെട്ടത്.
ഓർലിയൻസ് പാരിഷ് ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഒരു പ്രസ്താവനയിൽ പറയുന്നത് ഇപ്പോൾ പ്രായപൂർത്തിയായ സ്ത്രീ, പാട്രിക് നിരപരാധിയാണ് എന്ന് തെളിവുകൾ സഹിതം അവകാശപ്പെട്ടു എന്നാണ്. പുതിയ തെളിവുകളും രണ്ട് പതിറ്റാണ്ടുകളായി സ്ത്രീ ഉറച്ച് പറഞ്ഞ നിലപാടുകളും കണക്കിലെടുത്ത് ക്രിമിനൽ ജില്ലാ കോടതി ജഡ്ജി കാൽവിൻ ജോൺസൺ തിങ്കളാഴ്ച പാട്രിക് ബ്രൗണിനെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാട്രിക്കിന്റെ അഭിഭാഷകയായ കെല്ലി ഓറിയൻസ് പറയുന്നത്, പാട്രിക് തടവിൽ കഴിയുമ്പോഴും തന്റെ പ്രതീക്ഷ കൈവിട്ടിരുന്നില്ല എന്നാണ്. 2020 -ൽ ഡിസ്ട്രിക്റ്റ് അറ്റോർണിയായി അധികാരമേറ്റ ജേസൺ വില്യംസ് പറയുന്നത് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെൺകുട്ടിയുടെ മൊഴി കണക്കിലെടുക്കാത്തത് വലിയ തെറ്റായിപ്പോയി എന്നാണ്. പെൺകുട്ടി പറയുന്നത് തീർച്ചയായും നിയമവും അധികൃതരും കേൾക്കേണ്ടതുണ്ടായിരുന്നു, എങ്കിൽ മാത്രമേ ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാനും യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടാനും സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വളരെ ചെറിയ പ്രായത്തിൽ തന്നെ ചെയ്യാത്ത തെറ്റിന് അകത്തായിപ്പോയ പാട്രിക് പുറത്തിറങ്ങിയപ്പോഴേക്കും ലോകമാകെ മാറി. എല്ലായിടത്തും സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗവുമെല്ലാം വർധിച്ചു. അതൊക്കെ പഠിക്കുകയും അതൊക്കെയായി താദാത്മ്യപ്പെടുകയും വേണം ഇനി എന്നും പാട്രിക് പറയുന്നു. ജീവിതത്തിന്റെ നല്ല കാലം മുഴുവനും ജയിലിൽ ചെലവഴിച്ചു എങ്കിലും ഇനിയെങ്കിലും ജീവിതം ശരിക്കും ജീവിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
