Asianet News MalayalamAsianet News Malayalam

134 ദിവസം, ഫോണോ ഇന്റർനെറ്റോ ഇല്ലാതെ തന്റെ രാജ്യം ചുറ്റിക്കറങ്ങി യുവാവ്, അത്ഭുതപ്പെടുത്തുന്ന അനുഭവം

സോഷ്യൽ മീഡിയയോ നോട്ടിഫിക്കേഷനോ ഒന്നും ശല്യപ്പെടുത്താനില്ല. ഒരുപാട് വായിക്കുകയും എഴുതുകയും ജീവിതം പൂർ‌ണമായും ആസ്വദിക്കുകയും ചെയ്തുവെന്നാണ് ഹാവോ പറയുന്നത്. 

Yang Hao phd student from china travel 134 days without phone or internet
Author
First Published Aug 12, 2024, 5:18 PM IST | Last Updated Aug 12, 2024, 5:18 PM IST

ഫോൺ കയ്യിലില്ലാതെ ഒരു ദിവസം കഴിയാൻ സാധിക്കുമോ? എന്തിന് ഒരു മണിക്കൂറെങ്കിലും? വളരെയധികം പ്രയാസകരമായിരിക്കും അല്ലേ? എന്നാൽ, ഒരു പിഎച്ച്‍ഡി വിദ്യാർത്ഥി 134 ദിവസം ചൈനയിലെമ്പാടും ഫോണില്ലാതെ യാത്ര ചെയ്തതാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പിഎച്ച്‌ഡി വിദ്യാർത്ഥിയായ യാങ് ഹാവോ കഴിഞ്ഞ നവംബറിലാണ് തന്റെ ജന്മനാടായ ഷാങ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ തയ്യുവാനിൽ നിന്നും യാത്ര പുറപ്പെട്ടത്. ആറ് മാസത്തോളം ആ യാത്ര നീണ്ടുനിന്നു. പ്രധാനപ്പെട്ട 24 പ്രവിശ്യകളും പ്രദേശങ്ങളും ഈ യാത്രയിൽ ഉൾക്കൊള്ളുന്നു. മൊബൈൽ ഫോണും കമ്പ്യൂട്ടറും വീട്ടിൽ വച്ച് ഒരു സാധാരണ ക്യാമറയുമായിട്ടായിരുന്നു ഹാവോയുടെ യാത്ര. 

ഡിജിറ്റലായിട്ടുള്ള നമ്മുടെ ഒരു അവയവം പോലെ തന്നെയാണ് നമുക്കിന്ന് മൊബൈൽ ഫോൺ. ഒരു ഫോണില്ലാതെ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കാറില്ല. ഇന്റർനെറ്റേ ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് കണ്ടെത്താൻ ഞാൻ ആ​ഗ്രഹിച്ചു. കുറേ മാസങ്ങൾ‌ ഇന്റർനെറ്റ് ഇല്ലാതെ കഴിയുമ്പോൾ എന്തുണ്ടാവും എന്നായിരുന്നു അറിയാനാ​ഗ്രഹിച്ചത് എന്നാണ് ഹാവോ പറയുന്നത്. 

സാങ്കേതികവിദ്യ ഇല്ലാത്ത തന്റെ ചൈനായാത്ര വെല്ലുവിളി നിറഞ്ഞത് തന്നെയായിരുന്നു എന്നും യുവാവ് സമ്മതിക്കുന്നുണ്ട്. ഹോട്ടൽ ബുക്ക് ചെയ്യുക, ടാക്സി പിടിക്കുക ഇവയൊക്കെ കഠിനമായിരുന്നു. പഴയ രീതികളെയാണ് പലപ്പോഴും ഹാവോയ്ക്ക് ആശ്രയിക്കേണ്ടി വന്നത്. അത് പലയവസരങ്ങളിലും നിരാശയും സമ്മാനിച്ചു എന്നും ഹാവോ തുറന്ന് സമ്മതിക്കുന്നു. ഡിജിറ്റൽ പേമെന്റ് ചെയ്യാനാവാത്തതിനാൽ പലപ്പോഴും എടിഎം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. എന്നാൽ, നാട്ടുകാരുമായും സഹയാത്രികരുമായും ഇടപഴകിക്കൊണ്ട് ഇതിനൊക്കെയുള്ള പരിഹാരം കണ്ടെത്തിയെന്നും ഹാവോ പറയുന്നു. 

ഫോണോ ഇന്റർനെറ്റോ ഇല്ലാതെ യാത്ര ചെയ്യുന്ന തന്നെ കണ്ട് പലരും അത്ഭുതപ്പെട്ടുവെന്നും ഹാവോ പറയുന്നു. അതേസമയം, ഈ യാത്ര തനിക്ക് വ്യത്യസ്തമായ ജീവിതം സമ്മാനിച്ചു എന്നും യുവാവ് പറയുന്നു. സോഷ്യൽ മീഡിയയോ നോട്ടിഫിക്കേഷനോ ഒന്നും ശല്യപ്പെടുത്താനില്ല. ഒരുപാട് വായിക്കുകയും എഴുതുകയും ജീവിതം പൂർ‌ണമായും ആസ്വദിക്കുകയും ചെയ്തുവെന്നാണ് ഹാവോ പറയുന്നത്. 

അതേസമയം, ഹാവോയ്ക്ക് ഇത് വെറുമൊരു യാത്ര മാത്രമല്ല. ഹാവോയുടെ ​ഗവേഷണവും മനുഷ്യജീവിതത്തിൽ ഡിജിറ്റലൈസേഷൻ്റെ അഗാധമായ സ്വാധീനം എന്ന വിഷയത്തെ മുൻനിർത്തിയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios