പൈപ്പ് ലൈനിനായി കുഴി നിർമ്മിക്കുന്ന ഒരു തൊഴിലാളിയാണ് പണിക്കിടയിൽ മണ്ണിൻ്റെ അടിത്തട്ടിൽ നിന്നും തനിക്ക് കിട്ടിയ ഒരു പ്ലാസ്റ്റിക് കവറിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് വെളിപ്പെടുത്തുന്നത്.
പ്ലാസ്റ്റിക് ഭൂമിക്ക് എത്രമാത്രം അപകടകരമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ആവുകയാണ്. പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. എക്സില്‍ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ വർഷങ്ങൾക്കു മുൻപ് ആരോ വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് പായ്ക്കറ്റ് മണ്ണിനടിയിൽ നിന്നും ഒരാൾ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
നാം വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് കവറും പരിസ്ഥിതിയെ എത്രമാത്രം അപകടപ്പെടുത്തുന്നുണ്ട് എന്ന് ഈ വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. 'പതിറ്റാണ്ടുകളോളം പ്ലാസ്റ്റിക് പ്രകൃതിയിൽ നശിപ്പിക്കപ്പെടുന്നില്ല, അതിനാൽ ഭൂമിക്കും ജലത്തിനും ജീവജാലങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയാണിത്. ദയവായി ഉപയോഗിക്കരുത്' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ, പൈപ്പ് ലൈനിനായി കുഴി നിർമ്മിക്കുന്ന ഒരു തൊഴിലാളിയാണ് പണിക്കിടയിൽ മണ്ണിൻ്റെ അടിത്തട്ടിൽ നിന്നും തനിക്ക് കിട്ടിയ ഒരു പ്ലാസ്റ്റിക് കവറിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് വെളിപ്പെടുത്തുന്നത്. എന്നാൽ, പ്ലാസ്റ്റിക്കിനാകട്ടെ കാര്യമായ ഒരു കേടുപാടും സംഭവിച്ചിട്ടുമില്ല.
പ്ലാസ്റ്റിക് എളുപ്പത്തിൽ മണ്ണിൽ വിഘടിക്കില്ല, കാരണം അത് ശക്തവും കാലങ്ങളോളം ഈടുനിൽക്കുന്നതുമായ സിന്തറ്റിക് പോളിമറുകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് നൂറുകണക്കിന് വർഷങ്ങൾ പരിസ്ഥിതിയിൽ നശിക്കാതെ നിലനിൽക്കും. വർഷങ്ങളായി പ്ലാസ്റ്റിക് പരിസ്ഥിതിക്കേല്പിക്കാൻ പോകുന്ന ആഘാതങ്ങളെ കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾ ഇവിടെ നടക്കുന്നുണ്ട്.
