ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡിടുന്നതിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് യോഗി ആദിത്യനാഥ്. യുപിയിൽ മുഖ്യമന്ത്രിക്കസേരയിൽ മൂന്നുമാസം തികച്ചിരിക്കുന്ന ആദ്യത്തെ ബിജെപി നേതാവ് എന്ന നേട്ടം മാർച്ച് 19 കഴിഞ്ഞാൽ യോഗിക്ക് സ്വന്തം. 2017 -ൽ യോഗി ഉത്തർപ്രദേശിന്റെ ഇരുപത്തൊന്നാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അങ്ങനെ ചെയ്യുന്ന നാലാമത്തെ ബിജെപി നേതാവായിരുന്നു അദ്ദേഹം. 

അതിനു മുമ്പ്, കല്യാൺ സിംഗ്, റാം പ്രകാശ് ഗുപ്ത, രാജ് നാഥ് സിംഗ് എന്നിവർ ബിജെപിക്കുവേണ്ടി മുഖ്യമന്ത്രിപദത്തിലേറിയിട്ടുണ്ട്. അതിൽ തന്നെ രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുണ്ട് കല്യാൺ സിംഗ്. ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായത് 1991 ജൂൺ 24 -നാണ്. അത് 1992 ഡിസംബർ 6 വരെ തുടർന്നു.  തന്റെ രണ്ടാമൂഴത്തിൽ 1997 ലാണ് അദ്ദേഹം ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ബിജെപി നേതാവാകുന്നത്. അന്ന് രണ്ടുവർഷത്തിലധികം അദ്ദേഹം മുഖ്യമന്ത്രി പദത്തിൽ തുടർന്നു. 1999 നവംബറിൽ കല്യാൺ സിംഗ് രാജിവെച്ച ശേഷം, റാം പ്രകാശ് ഗുപ്ത മുഖ്യമന്ത്രിയായി എങ്കിലും, അത് ഒരു വർഷക്കാലം മാത്രമാണ് നീണ്ടു നിന്നത്. 2000 ഒക്ടോബറിൽ  റാം പ്രകാശ് ഗുപ്ത രാജിവെച്ചപ്പോൾ അടുത്ത ഒന്നരവർഷത്തേക്ക്  രാജ് നാഥ് സിംഗായി മുഖ്യമന്ത്രി.  

"യോഗി ആദിത്യനാഥ് സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വന്നയാളാണ്. രാഷ്ട്രീയത്തിൽ ഒരു കുടുംബപാരമ്പര്യമോ, ഗോഡ്ഫാദർമാരുടെ അനുഗ്രഹമോ ഒന്നും കൊണ്ടല്ല അദ്ദേഹം വളർന്നത്. സ്വന്തം അധ്വാനം ഒന്നുമാത്രമാണ് യോഗിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഗോരഖ്പൂരിൽ ജാപ്പനീസ് എൻസഫലൈറ്റിസിനോട് പോരാടിയ അതേ വീര്യത്തോടെ അദ്ദേഹം യുപിയിൽ അഴിമതിയോടും പൊരുതി..." ബിജെപിയുടെ യുപി കോർഡിനേറ്റർ രാകേഷ് ത്രിപാഠി പിടിഐയോട് പറഞ്ഞു. എന്നാൽ കഴിഞ്ഞ മൂന്നുവർഷത്തെ 'യോഗി ഭരണം' കല്ലുവെച്ച നുണകളുടെ ഘോഷയാത്രയാണ് എന്നാണ്. സംസ്ഥാനത്തെ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പറയുന്നത്.

യോഗി ആദിത്യനാഥിന്റെ ഭൂതകാലം 

2017 മാർച്ച് 26 -ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി. അതിനുമുമ്പ് സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണത്തിന്റെ കോർഡിനേറ്റർ. അതിനും മുമ്പ് ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചുവട്ടം ലോക്സഭാംഗം. അതിനും പിന്നിലേക്ക് അധികം സഞ്ചരിച്ചു പോകാനാവില്ല, യോഗി ആദിത്യനാഥിന്റെ കാര്യത്തിൽ. 1998 തന്റെ ഇരുപത്താറാം വയസ്സിൽ, ഗോരഖ്പൂരിൽ നിന്ന് പന്ത്രണ്ടാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടായിരുന്നു, യോഗിയുടെ രാഷ്ട്രീയപ്രവേശം. 2014 -ൽ യോഗി അവൈദ്യനാഥ് എന്ന തന്റെ ആധ്യാത്മിക ഗുരുവിന്റെ മരണശേഷം, ഗോരഖ്‌നാഥ് മഠത്തിന്റെയും, മഠം വക മഹാക്ഷേത്രത്തിന്റെയും സർവ്വാധിപതിയായിരുന്നു യോഗി ആദിത്യനാഥ് എന്ന ഹൈന്ദവ സന്യാസി. അതിനും മുമ്പ്, ഹിന്ദു യുവ വാഹിനി എന്നൊരു അതിതീവ്ര ഹൈന്ദവ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു യോഗി ആദിത്യനാഥ്.  

അജയ് കുമാർ ബിഷ്‌ടിൽ നിന്ന് യോഗി ആദിത്യനാഥ് ആവുന്നത് 

1972 -ൽ ഇന്നത്തെ ഉത്തരാഖണ്ഡിൽ, അന്നത്തെ ഉത്തർപ്രദേശിലെ പൗരി ഗർവാൾ ജില്ലയിലെ പഞ്ചുർ ഗ്രാമത്തിലായിരുന്നു അജയ് മോഹൻ ബിഷ്ട് എന്നപേരിൽ ഇദ്ദേഹം ജനിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഉത്തരാഖണ്ഡിലെ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ  ബിരുദം നേടിയ ശേഷം 1993 -ൽ, തന്റെ ഇരുപത്തൊന്നാം വയസ്സിൽ മഹന്ത് യോഗി അവൈദ്യനാഥ് എന്ന സന്യാസിയുടെ ശിഷ്യനായി ദീക്ഷ സ്വീകരിച്ച്, യോഗി ആദിത്യനാഥ് എന്ന പേരും സ്വീകരിച്ച്,  റാം ജന്മഭൂമി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയതാണ്. അവൈദ്യനാഥിന്റെ ശിഷ്യനായി, സന്തത സഹചാരിയായി നടന്ന ആദിത്യനാഥ് ഒടുവിൽ ആശ്രമത്തിൽ അവൈദ്യനാഥിന്റെ പിന്തുടർച്ചാവകാശിയായി അവരോധിക്കപ്പെട്ടു. അവൈദ്യനാഥിന്റെ മരണശേഷം പീഠാധീശ്വരനായും. 
 


 

1998 -ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിൽ എത്തിയെങ്കിലും, ജനപ്രീതി വീണ്ടും വിധം ആർജ്ജിക്കാനാവാത്തതിൽ കടുത്ത അതൃപ്‍തിയിലായിരുന്നു യോഗി. അങ്ങനെയിരിക്കെയാണ് 2002 ഫെബ്രുവരി മാസം വന്നെത്തുന്നത്. മതേതര ഇന്ത്യയുടെ മനസ്സിൽ ആഴത്തിലുള്ള വ്രണങ്ങൾ വീഴ്ത്തിയ, ചരിത്രത്തിലെ രക്തരൂക്ഷിതമായ ഒരു മാസമായിരുന്നു അത്. ഗുജറാത്തിൽ, ഗോധ്രാ തീവണ്ടി കത്തിക്കൽ സംഭവത്തിന് ശേഷം, തുടർച്ചയായ സാമുദായിക കലാപങ്ങൾ നടന്നു. ആയിരക്കണക്കിന് മുസ്ലീങ്ങൾ വധിക്കപ്പെട്ടു. ഇന്ത്യൻ ചരിത്രത്തിൽ ടെലിവിഷൻ കവറേജ് ലഭ്യമായ ആദ്യത്തെ കലാപമായിരുന്നു ഗുജറാത്തിലേത്. സ്വാഭാവികമായും ഉത്തർപ്രദേശിലെ ഗോരഖ്പൂർ എന്ന പട്ടണത്തിലിരുന്ന യോഗി ആദിത്യനാഥും അതിന്റെ ദൃശ്യങ്ങൾ കണ്ടിരിക്കും. സാമുദായിക ധ്രുവീകരണം എന്ന പ്രക്രിയയുടെ രാഷ്ട്രീയ സാദ്ധ്യതകൾ അന്നാണ് യോഗിക്കുമുന്നിൽ അനാവൃതമായത്. 

ഗുജറാത്ത് കലാപം നൽകിയ പാഠങ്ങൾ

ഗുജറാത്തിൽ കലാപങ്ങൾ നടന്ന് ആഴ്ചകൾക്കകമാണ്, യോഗി ആദിത്യനാഥ് തന്റെ ഹിന്ദു യുവ വാഹിനി എന്ന അതിതീവ്ര സംഘടനയ്ക്ക് രൂപം നൽകുന്നത്. അത് ഒരു സാംസ്‌കാരിക സംഘടന എന്ന പേരിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടത് എങ്കിലും, അതിന്റെ സ്വഭാവം ഏറെ തീക്ഷ്ണമായിരുന്നു. മുസ്ലിങ്ങളുടെ പേരും പറഞ്ഞ് ഹിന്ദു ഭൂരിപക്ഷജനതയ്ക്കിടയിൽ ഭീതി പരത്തുക എന്നതായിരുന്നു അതിന്റെ ആദ്യകാലങ്ങളിലെ ഒരേയൊരു പ്രവർത്തനം. രണ്ടു വ്യക്തികൾക്കിടയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ, നേരിയ സംഘർഷമെങ്കിലും ഉണ്ടായാൽ, ഉടൻ അതിൽ ഇടപെട്ട്, എരിതീയിൽ എണ്ണ കോരിയൊഴിച്ച് അതിനെ ഒരു മിനി സാമുദായിക ലഹളയാക്കി യോഗിയും സംഘവും ചേർന്ന് വളർത്തിയെടുക്കും. 
 


 

മൂന്നുമാസത്തെ പ്രവർത്തനങ്ങൾ പിന്നിട്ടപ്പോഴേക്കും വാഹിനിക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നു. മുണ്ടേര എന്ന മുസ്‌ലിം ഭൂരിപക്ഷ ഗ്രാമത്തിൽ ഒരു ഹിന്ദു പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെടുന്നു. അവിടത്തെ ഒരു മുസ്ലിം കുടുംബത്തിലെ ജോലിക്കാരനുമേലാണ് യുവതിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചത്. അയാൾ പിന്നീട് പൊലീസിനാൽ അറസ്റ്റു ചെയ്യപ്പെടുന്നു, കേസിൽ ശിക്ഷിക്കപ്പെടുന്നു. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോൾ യോഗി ആദിത്യനാഥ് തന്റെ അനുയായികൾക്കൊപ്പം മുണ്ടേര സന്ദർശിച്ച്, വളരെ പ്രകോപനപരമായ ഒരു കവലപ്രസംഗം നടത്തുന്നു. ഇത് അവിടത്തെ ഗ്രാമീണർക്കിടയിൽ സാമുദായിക വേർതിരിവിന് കാരണമാകുകയും, ഒരു കലാപത്തിന് വഴിവെക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അവിടെ അഗ്നിക്കിരയാക്കപ്പെട്ടത് 47 മുസ്‌ലിം ഭവനങ്ങളാണ്. 

ഹിന്ദു യുവ വാഹിനി രൂപീകരിക്കപ്പെട്ട് ആറുമാസത്തിനകം ഗോരഖ്പൂറിന് ചുറ്റുവട്ടത്തായി നടന്നത് ആറിലധികം സാമുദായിക ലഹളകളാണ്. ചെറിയ ചെറിയ സംഘർഷങ്ങളും കണക്കില്ലാത്തത്ര എണ്ണം നടന്നു. അതിന്റെയൊക്കെ മാസ്റ്റർമൈൻഡ് ആയിരുന്നത് യോഗി ആദിത്യനാഥും യോഗിയുടെ ഗോരഖ്‌നാഥ് ട്രസ്റ്റുമായിരുന്നു. ഹിന്ദു യുവവാഹിനി പ്രവർത്തകർ യോഗിയെ ' ഗോരക്ഷാ പീഠാധീശ്വർ പരംപൂജ്യ യോഗി ആദിത്യനാഥ്ജി മഹാരാജ് ' എന്ന നെടുനീളൻ പേരിൽ കുറഞ്ഞ് ഒരു തരത്തിലും പരാമർശിക്കാൻ ഒരാളെപ്പോലും അനുവദിച്ചിരുന്നില്ല. ഒരു വെളുത്ത SUV -യിൽ, തന്റെ അടുത്ത അനുയായിയായ സുനിൽ സിംഗ് എന്ന ആജാനുബാഹുവിനൊപ്പം യോഗി ഗോരഖ്‌പൂരിൽ വിലസി. ഗോരഖ്‌പൂരിലെ ഹിന്ദുയുവാക്കളെ തന്റെ സംഘടനയിലേക്ക് അനായാസം ആകർഷിക്കാൻ യോഗിക്ക് സാധിച്ചു. വളരെ എളുപ്പമായിരുന്നു ആ പ്രക്രിയ. ഓരോ ഗ്രാമത്തിലും നിന്ന് അവർ 250 വീതം ഹിന്ദു യുവാക്കളെ സംഘടനയിലേക്ക് അംഗങ്ങളാക്കാൻ തെരഞ്ഞെടുക്കും. അവരുടെ പേര് ഗ്രാമത്തിലെ നോട്ടീസ് ബോർഡിൽ പതിപ്പിക്കും. അവർ പിന്നീട് കാവി വസ്ത്രങ്ങൾ ധരിക്കാനും, വീടുകളിൽ കാവിക്കൊടി പാറിക്കാനും മറ്റും പ്രേരിതരാകും. കിഴക്കൻ ഉത്തർപ്രദേശിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ വാഹിനിയുടെ യുവസേന വിളിച്ചുനടന്ന "പൂർവാഞ്ചൽ മേം രെഹ്‌നാ ഹേ, യോഗി യോഗി കെഹ്‌നാ ഹേ..." തുടങ്ങിയ മുദ്രാവാക്യങ്ങൾ യോഗിയെ ജനങ്ങൾക്ക് സുപരിചിതനാക്കി.   
 


 

2007 -ൽ യോഗി അടുത്ത കലാപത്തിന് കാരണമായ പ്രസംഗം നടത്തി. അത് ഒരു മുസ്ലിം ആഘോഷത്തിനിടെ നടന്ന സംഘർഷത്തിൽ ഒരു ഹിന്ദു യുവാവ് മരണപ്പെട്ട സംഭവത്തോട് അനുബന്ധിച്ചായിരുന്നു. അന്ന് യോഗി പറഞ്ഞത്, അവിടത്തെ പ്രധാന ആരാധനാലയമായ താസിയാ ടവേഴ്സ് കത്തിക്കും എന്നായിരുന്നു. അന്ന് അതിനു ശ്രമിക്കുകയുണ്ടായി എങ്കിലും സംസ്ഥാന സർക്കാർ ഇടപെട്ട് അവരെ അറസ്റ്റു ചെയ്തുനീക്കി. യോഗി ആദിത്യനാഥ് അറസ്റ്റിലായി. 11 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ടു. ആയിടെ യോഗിയുടെ പൊലീസ് സംരക്ഷണം പിൻവലിക്കപ്പെട്ടു. തനിക്കു നേരെ വധഭീഷണിയുണ്ട് എന്ന പേരിൽ യോഗി നിരന്തരം പാർലമെന്റിൽ നിലവിളിശബ്ദമുയർത്തി. ഇത് യോഗിക്ക് ഒരു തിരിച്ചടിയുടെ കാലഘട്ടമായിരുന്നു. 

യോഗി ആദിത്യനാഥിന്റെ താരോദയം 

എതിർപ്പുകളുടെ കാലഘട്ടത്തെ യോഗി അതിജീവിക്കുന്നത് നിശബ്ദമായി സമയം തള്ളിനീക്കിക്കൊണ്ടാണ്. വർഷങ്ങൾ ഒരനക്കവും കൂടാതെ കടന്നുപോയി. ആളുകൾ ഒക്കെ മറന്നുതുടങ്ങി എന്ന് തോന്നിയപ്പോൾ യോഗിയും സംഘവും വീണ്ടും തങ്ങളുടെ തീവ്ര ഹിന്ദു നിലപാടുകളും പൊടിതട്ടിയെടുത്തുകൊണ്ട് രംഗത്തിറങ്ങി. ഇത്തവണ വാഹിനിയിൽ നിന്ന് വേറിട്ട് നിന്നുകൊണ്ടായിരുന്നു യോഗിയുടെ അങ്കം. വിദ്വേഷ പ്രസംഗങ്ങൾ തലങ്ങും വിലങ്ങും നടത്തി എങ്കിലും, അതൊന്നും വാഹിനിയുടെ ബാനറിൽ ആയിരുന്നില്ല. യോഗിയുടെ ശുക്രദശ തെളിയുന്നത്, 2014 -ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ ഭരണത്തിലേറുന്നതോടെയാണ്. അതിനു തൊട്ടു മുമ്പുള്ള മാസങ്ങളിലൊന്നിൽ, കൃത്യമായി പറഞ്ഞാൽ 2013 ഡിസംബറിൽ യോഗി ആദിത്യനാഥ് ഉത്തർ പ്രദേശിന്റെ നേപ്പാൾ അതിർത്തിയിലുള്ള ഒരു ഗ്രാമമായ ബൽറാംപൂരിൽ നടത്തിയ റാലിയിൽ പ്രഖ്യാപിച്ചു, "മുസ്ലിങ്ങൾ ഭീകരവാദികളെ അവരുടെ സംരക്ഷകരായി കാണുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾ ഒന്നിക്കണം. ജാഗരൂകരായി ഇരിക്കണം. ആവശ്യമെന്നു തോന്നുന്നിടങ്ങളിലൊക്കെ മുസ്ലീങ്ങളെ സധൈര്യം എതിർക്കണം..." 
 


 

യോഗിയുടെ വിശ്വസ്തനായ സുനിൽ സിങ് ഒരു പടികൂടി കടന്ന പ്രസ്താവനയാണ് നടത്തിയത്, "ഇസ്ലാമിക് ഭീകരവാദത്തിന് അന്ത്യം കാണണം എന്നുണ്ടെങ്കിൽ, അതിന്റെ ബാലപാഠങ്ങൾ അവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന മദ്രസകളും പള്ളികളും തകർക്കേണ്ടതുണ്ട്. ബാങ്ക് വിളികൾ കേൾക്കുമ്പോഴൊക്കെ, അതിനേക്കാൾ ഉച്ചത്തിൽ നിങ്ങൾ ജയ് ശ്രീറാം എന്ന് വിളിക്കണം. ഹിന്ദുസ്ഥാനിൽ ഇനിയും സ്വൈര്യമായി വിഹരിക്കാൻ ഹിന്ദു യുവ വാഹിനിയുടെ പ്രവർത്തകർ ഈ മുസൽമാന്മാരെ അനുവദിക്കില്ല. ഉറപ്പ്..." 

മോദി തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രി പദത്തിലേറിയതോടെ യോഗിക്ക് ഒരു കാര്യം മനസ്സിലായി. മോദി തരംഗം തുടങ്ങിക്കഴിഞ്ഞു. ഇനി ഉത്തർപ്രദേശ് ബിജെപിയുടെ കൈപ്പിടിയിലാവാൻ അധികം താമസമില്ല. യോഗി തന്റെ യുവ വാഹിനി സ്വാധീനം ഉപയോഗപ്പെടുത്തിക്കൊണ്ട്, 2017 -ൽ നടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ  മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്റെ പേര് ഉയർത്തിക്കൊണ്ടുവന്നു. ഹിന്ദു യുവതികളെ മതംമാറ്റുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തെ മുസ്‌ലിം യുവാക്കൾ വിദേശ ധനസഹായത്തോടെ 'ലവ് ജിഹാദ്' നടത്തുന്നുണ്ട് എന്ന പ്രചാരണം അക്കാലത്ത് യുവ വാഹിനി നിരന്തരം നടത്തുകയുണ്ടായി. 
 


 

അതിനു ശേഷമുണ്ടായത്, 'ഘർ വാപസി' എന്നപേരിൽ സംസ്ഥാനത്തെ മുസ്ലിങ്ങളെ ഹിന്ദുമതത്തിലേക്ക് നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമങ്ങളാണ്. 2015 ജനുവരിയിൽ സുനിൽ സിങ്ങും സംഘവും ചേർന്ന് ഖുശി നഗർ ജില്ലയിലെ ഗാസിപൂർ ഗ്രാമത്തിലുള്ള 300 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് നിർബന്ധിച്ച് മതം മാറ്റി. അടുത്തമാസം ഭിബാനി ഗ്രാമത്തിൽ 82 പേരെക്കൂടി മതം മാറ്റിച്ചു. ഈ  ഗ്രാമങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കിയെങ്കിലും, മറ്റുഭാഗങ്ങളിൽ ഇരുന്നുകൊണ്ട് യോഗി തന്റെ വിദ്വേഷപ്രസംഗങ്ങൾ തുടർന്നു. പശു സംരക്ഷണത്തിന്റെ പേരിലും മുസ്‌ലിംകൾക്കെതിരെ നിരവധി ആൾക്കൂട്ട മർദ്ദനങ്ങൾ ഹിന്ദു യുവ വാഹിനി പ്രവർത്തകർ അഴിച്ചുവിട്ടു. 

ഒടുവിൽ മുഖ്യമന്ത്രി പദത്തിലേക്ക് 

2017 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ബിജെപി ഉത്തർപ്രദേശ് തൂത്തുവാരി. മോദി യോഗി ആദിത്യനാഥിനെ സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ അവരോധിച്ചു. അത് ഹിന്ദു യുവ വാഹിനിക്ക് ഒരു വൻ ഉത്തേജകമായി ഭവിച്ചു. രണ്ടുലക്ഷത്തിലധികം അംഗങ്ങളുള്ള ആ സംഘടനയിലെ അംഗസംഖ്യ പ്രതിദിനം വർധിച്ചു വന്നു. 
 


 

ഇന്ന് തന്റെ നാല്പത്തിയാറാം വയസ്സിൽ എത്തി നിൽക്കുന്ന യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലെ 325 നിയമസഭാ സാമാജികരിൽ ഏറ്റവും ജനപ്രിയനായ നേതാവ് മാത്രമല്ല, കിഴക്കൻ യുപിയിൽ അതിമാനുഷമായ ഒരു പ്രതിച്ഛായയുള്ള രാഷ്ട്രീയ ചാണക്യൻ കൂടിയാണ്. എന്നാൽ യോഗി ഭരിച്ചിരുന്ന കാലത്ത് തന്നെ ഉത്തർപ്രദേശിലെ ആരോഗ്യപരിപാലന രംഗം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് കൂപ്പുകുത്തി. ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച, പിന്നീട് ഡോ. കഫീൽ ഖാനെ അറസ്റ്റു ചെയ്ത് ജയിലിലടച്ച കേസൊക്കെ ഉണ്ടാകുന്നത് ഈ കാലത്താണ്. സംസ്ഥാനത്തെ നിരവധി കശാപ്പുശാലകൾ അടച്ചു പൂട്ടാൻ യോഗി തീരുമാനിച്ചു. ഈ കാലയളവിൽ തന്നെ കടുത്ത സദാചാരപോലീസിങ്ങിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. സാമുദായിക വൈരമുണ്ടാക്കുന്ന നിരവധി പ്രസ്താവനകൾ മുഖ്യമന്ത്രിയിൽ നിന്നുണ്ടായിട്ടുണ്ട്.  തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ വേണ്ടിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എതിരാളികൾ ഉന്നയിക്കുന്നത് എന്നാണ് യോഗിക്ക് പറയാനുള്ളത്. താൻ സാമുദായിക ധ്രുവീകരണം നടത്തുന്നു എന്ന് ആരോപിക്കുന്നവരോട്, "പോയി കടലിൽ ചാടി ചത്തോളൂ"  എന്നാണ് യോഗി ഒരിക്കൽ പരസ്യമായിത്തന്നെ പറഞ്ഞത്. 
 


യോഗിഭരണം മൂന്നുവർഷം തികയ്ക്കുമ്പോൾ 

മൂന്നു വർഷം തികയ്ക്കുന്നതിന്റെ ആത്മവിശ്വാസം യോഗിയുടെ പ്രവൃത്തികളിൽ പ്രകടമാണ്. പൗരത്വ നിയമ ഭേദഗതിയെത്തുടർന്നുണ്ടായ അക്രമങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ഉത്തർപ്രദേശിലാണ്. വളരെ സമാധാനപരമായി നടന്ന പ്രതിഷേധങ്ങളെപ്പോലും യോഗി ആദിത്യനാഥിന്റെ പൊലീസ് ക്രൂരമായി അടിച്ചമർത്തിയിരുന്നു. അക്രമം നടന്ന പ്രദേശങ്ങളിലുള്ള മുസ്‌ലിം വീടുകളിൽ നിരന്തരം റെയ്ഡുകൾ നടത്തിയും,  യാതൊരു വിവേചനബുദ്ധിയും കൂടാതെ പ്രതിഷേധക്കാരെ ഒന്നടങ്കം അറസ്റ്റുചെയ്ത് ജയിലിൽ തള്ളിയും, പ്രതിഷേധക്കാരുടെ പേരും വിലാസവും ഫോട്ടോയും സഹിതം വലിയ ഫ്ളക്സുകൾ അടിച്ച് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചുമൊക്കെ യോഗി അരങ്ങു തകർക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ നിരന്തരം പിന്തുടർന്ന് വേട്ടയാടുകയാണ് യോഗി. ഇനി അവശേഷിക്കുന്ന രണ്ടു വർഷം ഉത്തർപ്രദേശിലെ ജനങ്ങളുടെ ജീവിതങ്ങളിൽ യോജിഭരണത്തിന്റെ സ്വാധീനം എവ്വിധമായിരിക്കുമെന്ന കാത്തിരുന്നു കാണാം.