പ്രമുഖ ബിഗ് 4 സ്ഥാപനത്തിലെ മാനേജർ തന്‍റെ ജാതി ചോദിച്ചതായി ഒരു ഇന്‍റേൺ റെഡ്ഡിറ്റിൽ വെളിപ്പെടുത്തി. മുംബൈയിലെ ജോലിസ്ഥലത്ത് നടന്ന ഈ സംഭവം പ്രൊഫഷണൽ ഇടങ്ങളിലെ ജാതീയ മനോഭാവത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു. നിരവധി പേർ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പ്രമുഖ ബിഗ് 4 സ്ഥാപനത്തിലെ ഇന്‍റേൺഷിപ്പിനിടെ മാനേജർ തന്‍റെ ജാതി ചോദിച്ചതായി ഒരു ഇന്‍റേൺ നടത്തിയ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. മുംബൈയിലെ ജോലി സ്ഥലത്ത് വച്ചാണ് സംഭവം ഉണ്ടായതെന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പ്രൊഫഷണൽ അന്തരീക്ഷത്തിൽ വച്ച് അപ്രതീക്ഷിതമായി ഇത്തരമൊരു ചോദ്യം നേരിട്ടപ്പോൾ തനിക്ക് അസ്വസ്ഥതയുണ്ടായെന്നും യുവാവ് എഴുതുന്നു.
ഞെട്ടിച്ച ചോദ്യം
മാനേജരുടെ ചോദ്യം, സൗഹൃദപരമായ കൗതുകത്തിന്‍റെ ഭാഗമായിരുന്നോയെന്ന് ഉറപ്പില്ലെങ്കിലും, ജോലിസ്ഥലത്ത് ഒരു മേലുദ്യോഗസ്ഥൻ കീഴ് ജീവനക്കാരന്‍റെ ജാതി അറിയേണ്ടതിന്‍റെ ആവശ്യകത എന്താണെന്ന് മനസ്സിലായില്ലെന്നും യുവാവ് എഴുതി. മുംബൈ പോലെയുള്ള ഒരു മഹാ നഗരത്തിലെ ഒരു പ്രമുഖ കോർപ്പറേറ്റ് സ്ഥാപനത്തിൽ പോലും ഇത്തരമൊരു ചോദ്യം നേരിടേണ്ടിവന്നത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കുമ്പോൾ ഏതെങ്കിലും പ്രത്യേക സമുദായത്തെയോ വിഭാഗത്തെയോ ലക്ഷ്യമിട്ട് പൊതുവൽക്കരണം നടത്താൻ താൽപര്യമില്ലെന്നും യുവാവ് വ്യക്തമാക്കി. താൻ ഉയർന്ന ജാതിയിൽപ്പെട്ടയാളാണെങ്കിലും, ഇത്തരമൊരു ചോദ്യം ഒരു പ്രശസ്ത സ്ഥാപനത്തിലെ പ്രൊഫഷണൽ സാഹചര്യത്തിൽ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം എഴുതി.
'ജാതി ഇന്ത്യ'
പോസ്റ്റിന് പിന്നാലെ നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. സ്വകാര്യ മേഖലയിലും ജാതി അടിസ്ഥാനത്തിലുള്ള മുൻവിധികൾ നിലനിൽക്കുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ജോലിസ്ഥലത്ത് ജാതി ചോദിക്കുന്നത് അനുചിതമാണെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി. സംഭവം ആവർത്തിക്കുകയോ വിവേചനം അനുഭവപ്പെടുകയോ ചെയ്താൽ എച്ച്ആർ വിഭാഗത്തെ സമീപിക്കണമെന്ന് മറ്റുചിലർ നിർദേശിച്ചു. ഇന്ത്യയിൽ ജാതിയുടെ കാര്യത്തിൽ പൊതു - സ്വകാര്യ സ്ഥാപന വ്യത്യാസമില്ലെന്നും അത്രയേറെ ആഴത്തിലാണ് ഇന്ത്യൻ സാമൂഹികാവസ്ഥയിൽ ജാതി പിടിമുറുക്കിയതെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. ജാതീയമായ വിവേചനങ്ങളെ മറിക്കടക്കാൻ ബോധപൂർവ്വമായ ശ്രമം ആവശ്യമാണെന്നും അതിന് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ചിലർ കുറിച്ചു.


