രാജ്യത്തെ പ്രധാന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിലക്കയറ്റം കാരണം വീട് വാങ്ങുകയെന്ന സ്വപ്നം ഉപേക്ഷിച്ച് യുവതലമുറ ആഡംബര ഉൽപ്പന്നങ്ങൾക്കായി പണം ചെലവഴിക്കുന്നു. ഈ പ്രവണത സാമ്പത്തിക സുരക്ഷിതത്വമില്ലാത്ത, 'കാഴ്ചയിൽ മാത്രം സമ്പന്നരായ' ഒരു തലമുറയെ സൃഷ്ടിക്കുമെന്ന് ആശങ്കയുയരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ വസ്തുവകകളുടെ വില കുതിച്ചുയരുന്നതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാധാരണക്കാർക്ക് അപ്രാപ്യമാകുന്നു. വേതന വളർച്ചയെക്കാൾ വേഗത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടാകുന്ന വിലക്കയറ്റം കാരണം ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാരും സമ്പാദ്യവും നിക്ഷേപങ്ങളും ഉപേക്ഷിച്ച് ആഡംബര ഉൽപ്പന്നങ്ങളിൽ ആനന്ദം കണ്ടെത്താൻ നിർബന്ധിതരാകുന്നതായി റിപ്പോർട്ട്.

സമ്പാദ്യം ആഡംബരത്തിന്

ഇതിനെക്കുറിച്ച് 'പ്രണവ്' എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് പ്രമുഖ മെട്രോ നഗരങ്ങളിൽ മാന്യമായ ഒരു വീട് വാങ്ങുക എന്നത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ, വാച്ചുകൾ, ഗാഡ്‌ജെറ്റുകൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി യഥേഷ്ടം പണം ചെലവഴിക്കാൻ തുടങ്ങിയതായി അദ്ദേഹം കുറിച്ചു. "വലിയ സ്വപ്നങ്ങളെ നിലവിലെ സാമ്പത്തിക വ്യവസ്ഥ തകർക്കുമ്പോൾ, സമൂഹം ചെറിയ ആഗ്രഹങ്ങളിൽ സന്തോഷം കണ്ടെത്താൻ തുടങ്ങും. കുട്ടികളില്ലാത്ത ജീവിതരീതി തെരഞ്ഞെടുക്കുന്ന ദമ്പതികളുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിൽ തങ്ങളുടെ മക്കൾക്ക് മികച്ചൊരു ഭാവി അവർ കാണുന്നില്ല. യഥാർത്ഥത്തിൽ പണക്കാരനാകാൻ സാധിച്ചില്ലെങ്കിലും ജീവിച്ചിരിക്കുന്ന കാലത്തോളം ആ അനുഭവമുണ്ടാക്കുക എന്നതാണ് ഈ മനഃശാസ്ത്രത്തിന് പിന്നിൽ," പ്രണവ് വ്യക്തമാക്കി.

Scroll to load tweet…

'കാഴ്ചയിൽ മാത്രം സമ്പന്നർ'

ഇത് ഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മുൻ തലമുറകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്നത്തെ തലമുറ പുറമെ പണക്കാരായി തോന്നുമെങ്കിലും, സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വിരമിക്കലിന് ശേഷം എങ്ങനെ ജീവിക്കുമെന്ന് നിശ്ചയമില്ലാത്ത, 'കാഴ്ചയിൽ മാത്രം സമ്പന്നരായ' ഒരു തലമുറയാണ് രൂപപ്പെട്ടുവരുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പലരും ക്രെഡിറ്റ് കാർഡുകളും വായ്പകളും ഉപയോഗിച്ചാണ് ഇത്തരം ആഡംബര ചെലവുകൾ നടത്തുന്നതെന്നത് സാഹചര്യം കൂടുതൽ വഷളാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. അമിതമായ റിയൽ എസ്റ്റേറ്റ് വിലക്കയറ്റമാണ് രാജ്യത്തെ ചെറുപ്പക്കാരുടെ ജീവിതനിലവാര തകർച്ചയ്ക്ക് പ്രധാന കാരണമെന്നും മെട്രോ നഗരങ്ങളിൽ വീട് വാങ്ങുന്നതിന് പകരം ടയർ - 3 നഗരങ്ങളിലോ ഗ്രാമങ്ങളിലോ നിക്ഷേപം നടത്തുന്നതാണ് ബുദ്ധിയെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.