തന്റെ പണം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി മടങ്ങിയെത്തിയ ഇവാൻ ഫോൺ സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു അജ്ഞാതൻറെ സന്ദേശം ശ്രദ്ധയിൽപ്പെട്ടത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ക്രിപ്‌റ്റോകറൻസി വാലറ്റിന്റെ വിശദാംശങ്ങൾ അറിയാതെ പങ്കുവച്ചതിനെ തുടർന്ന് ബ്രസീലിയൻ യൂട്യൂബറിന് വൻ സാമ്പത്തിക നഷ്ടം. തന്റെ യൂട്യൂബ് ചാനലായ ഫ്രറ്റേണിഡേഡ് ക്രിപ്‌റ്റോയിലൂടെ ജനപ്രിയനായ ഇവാൻ ബിയാൻകോ, ആണ് ഒരു ലൈവ് സ്ട്രീമിൽ തന്റെ ക്രിപ്‌റ്റോകറൻസി വാലറ്റിന്റെ വിശദാംശങ്ങൾ അബദ്ധത്തിൽ പങ്കുവെച്ചത്. 

ഇയാളുടെ അക്കൗണ്ടിൽ നിന്ന് 60,000 ഡോളർ (ഏകദേശം 50 ലക്ഷം രൂപ) മൂല്യമുള്ള ക്രിപ്‌റ്റോകറൻസിയും വിലപിടിപ്പുള്ള NFT കളുടെ ശേഖരവും ആണ് മോഷ്ടിക്കപ്പെട്ടത്. പക്ഷേ, കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. പൊലീസ് കേസ് എടുത്തതിനുശേഷം, കള്ളൻ സ്വമേധയാ ഇവാൻ ബിയാൻകോയെ ബന്ധപ്പെടുകയും മോഷ്ടിച്ച പണത്തിന്റെ ഒരു വലിയ ഭാഗം തിരികെ നൽകുകയും ചെയ്തു.

ഒരു തത്സമയ സ്ട്രീമിംഗ് സമയത്ത് ഇവാൻറെ ഭാഗത്തുനിന്നും ഉണ്ടായ ഒരു കൈയബദ്ധമാണ് ഇത്തരത്തിൽ ഒരു വൻമോഷണത്തിന് അദ്ദേഹത്തെ ഇരയാക്കിയത്. സ്ട്രീമിങ്ങിനിടെ തൻറെ പ്രേക്ഷകർക്കായി ചില രേഖകൾ കാണിക്കുന്നതിനിടയിലാണ് ക്രിപ്‌റ്റോകറൻസി വാലറ്റിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖയും പ്രേക്ഷകർ കാണാൻ ഇടയായത്. ഇത് മുതലാക്കിയാണ് മോഷ്ടാക്കൾ ഇവാൻറെ ക്രിപ്റ്റോ ആസ്തികളിൽ ഭൂരിഭാഗവും മോഷ്ടിച്ചത്. തന്റെ വാലറ്റ് ക്രെഡൻഷ്യലുകൾ അപഹരിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യൂട്യൂബർ പുതിയ വാലറ്റ് സൃഷ്‌ടിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം പാഴാവുകയും അതിനോടകം തന്നെ മോഷണം നടക്കുകയും ചെയ്തിരുന്നു.

തന്റെ പണം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി മടങ്ങിയെത്തിയ ഇവാൻ ഫോൺ സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു അജ്ഞാതൻറെ സന്ദേശം ശ്രദ്ധയിൽപ്പെട്ടത്. അത് പണം മോഷ്ടിച്ച വ്യക്തിയുടെതായിരുന്നു. പേര് വെളിപ്പെടുത്താത്ത ആ വ്യക്തി തന്റെ തെറ്റിന് മാപ്പ് പറയുകയും മോഷ്ടിച്ചെടുത്ത ക്രിപ്‌റ്റോ ഫണ്ടുകളുടെ വലിയൊരു ഭാഗം തിരികെ നൽകുകയും ചെയ്തു. മോഷ്ടിച്ച പണത്തിൽ ഏകദേശം 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) ഇവാൻ ബിയാൻകോയ്ക്ക് തിരികെ ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.