ലോകം കാണാനിറങ്ങിയ സീബ്രകള്‍ വാര്‍ത്തയായി മാറി. സോഷ്യല്‍ മീഡിയയില്‍ ഇവയുടെ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതോടെ, മാധ്യമങ്ങളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞു.  

ഒന്നൊരു ആണ്‍ സീബ്ര. മറ്റേത് പെണ്ണ്. രണ്ടും കൂടി ഒരു മൃഗശാലയില്‍നിന്നും ചാടി. പിന്നെ ഓട്ടമായിരുന്നു. പാടങ്ങളിലൂടെ ഓടിയോടി അവര്‍ ഹൈവേയിലേക്കിറങ്ങി. ഇതോടെ ലോകം കാണാനിറങ്ങിയ സീബ്രകള്‍ വാര്‍ത്തയായി മാറി. സോഷ്യല്‍ മീഡിയയില്‍ ഇവയുടെ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതോടെ, മാധ്യമങ്ങളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞു. 

രസകരമായ ഈ സംഭവം അമേരിക്കയില്‍ നിന്നാണ്. ചിക്കാഗോയ്ക്കടുത്തുള്ള പിന്‍ഗ്രീ ഗ്രോവിലുള്ള ഒരു ഫാമിലാണ്, ഈ സീബ്രകള്‍ താമസിച്ചിരുന്ന സ്വകാര്യ മൃഗശാല. അവിടെ നിന്നാണ്, കഴിഞ്ഞ ദിവസം രണ്ടു കൂടി ചാടിയത്. എങ്ങനെയാണ്, ഇവര്‍ രണ്ടു പുറത്തിറങ്ങിയത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. 

ആദ്യമിവരെ കണ്ടത് അടുത്തുള്ള പാടങ്ങളിലാണ്. ഓടിക്കൊണ്ടിരുന്ന വരയന്‍ കുതിരകളെ പലരും ക്യാമറയില്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വൈകാതെ ഇതിന്റെ വീഡിയോകള്‍ വന്നു തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇവ റോഡിലേക്കിറങ്ങി. റൂട്ട് 47 ഹൈവേ മുറിച്ചു കടന്നായി ഓട്ടം. ഇതിനിടെ, ഒരാള്‍ ഇവയുടെ വീഡിയോ എടുത്ത് ടിക്‌ടോക്കിലിട്ടു. കണ്ടാല്‍ സീബ്രകളെ പോലുണ്ട്, ആ ശരിക്കും അതു തന്നെയാണ്' എന്ന അടിക്കുറിപ്പോടെ വന്ന വീഡിയോ വൈറലാവുകയും ചെയ്തു. 

അപകടമുണ്ടാവുമെന്ന് ഭയന്ന് ഇതോടെ പൊലീസ് ഇടപെട്ടു. അവര്‍ പ്രദേശത്തെ ഗതാഗതം അല്‍പ്പ നേരത്തേക്ക് നിര്‍ത്തിവെച്ചു. ഹൈവേയിലൂടെ പോവുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും, ഇടയ്ക്കിടെ ഇവ റോഡിലിറങ്ങി. അതിനിടെ, ഒരു ട്രക്ക് ചെറിയ അപകടത്തില്‍ പെടുകയും ചെയ്തു. 

തുടര്‍ന്നാണ് ഇവരെ തിരഞ്ഞു നടന്നിരുന്ന മൃഗശാല അധികൃതര്‍ സ്ഥലത്തെത്തിയത്. പല വാഹനങ്ങളിലായി വന്ന ജീവനക്കാര്‍ അവസാനം രണ്ടിനെയും പിടികൂടുക തന്നെ ചെയ്തു. മൃഗശാലയുടെ വാഹനങ്ങളില്‍ ഇവെയ കൊണ്ടുപോവുന്ന ദൃശ്യങ്ങളും പിന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.