Asianet News MalayalamAsianet News Malayalam

ഒറ്റ കൊവിഡ് കേസുപോലുമില്ല, ഈ ​ഗ്രാമം വൈറസിനെ തടുത്ത് നിർത്തിയതെങ്ങനെ?

ഇന്റർനെറ്റും, മൊബൈലും, മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു വിദൂര ഗ്രാമമാണ് അത്. മിക്ക ആളുകളും വനത്തിൽ പോയോ, മറ്റ് അല്ലറ ചില്ലറ ജോലികൾ ചെയ്തോ ഒക്കെയാണ് ജീവിക്കുന്നത്. 

zero covid cases in this village
Author
Coimbatore, First Published Jun 24, 2021, 11:42 AM IST

കൊവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തിൽ വളരെ വലിയ നിയന്ത്രണങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്. പല നല്ല മുഹൂർത്തങ്ങളും അതിന്റെ പേരിൽ നമുക്ക് നഷ്ടമാകുന്നു. മാസ്കിന്റെ മറയില്ലാതെ പ്രിയപ്പെട്ടവരുടെ മുഖം ഒന്ന് നേരെ കണ്ടിരുന്നെങ്കിൽ, പഴയപോലെ സുഹൃത്തുക്കളുമായി സ്വാതന്ത്ര്യത്തോടെ കറങ്ങാൻ സാധിച്ചിരുന്നെങ്കിൽ എന്നെല്ലാം നമ്മൾ ആഗ്രഹിക്കാറില്ലേ? ലോകം മുഴുവൻ ഇതുപോലെ മാസ്കിന്റെയും, സാനിറ്റൈസറിന്റെയും മറവിൽ ഭീതിയോടെ കഴിയുമ്പോൾ കോയമ്പത്തൂരിലെ ഒരു ഗ്രാമത്തിൽ മാത്രം ജീവിതം മാറ്റങ്ങളൊന്നുമില്ലാതെ പഴയപടി മുന്നോട്ട് പോകുന്നു. ലോകത്തെ മുക്കിലും മൂലയിലും പടർന്ന് പിടിച്ച ഈ മഹാമാരിയെ കുറിച്ച് ഇപ്പോഴും അവിടത്തുകാർക്ക് ഒരു കേട്ടുകേൾവി മാത്രമേയുള്ളൂ.  

കോയമ്പത്തൂരിലെ മലയോര പ്രദേശമായ ചിന്നമ്പതി എന്ന ആദിവാസി ഗ്രാമമാണ് ഇപ്പോഴും കൊവിഡ് മുക്തമായി തുടരുന്നത്. ലോകത്തിൽ മഹാമാരി പിടിമുറുക്കിയിട്ട് ഒന്നര വർഷത്തിന് മീതെയായി. എന്നിട്ടും പക്ഷേ ഈ ഗ്രാമത്തിൽ ഇതുവരെ ഒരൊറ്റ കൊവിഡ് കേസുപോലും രേഖപ്പെടുത്തിയിട്ടില്ല. അവിടെയുള്ളവർക്ക് അതുകൊണ്ട് മാസ്ക്കും, സാനിറ്റൈസറും ഒന്നും ആവശ്യമില്ല. ഈ ഗ്രാമത്തിലെ ആളുകൾ ഇപ്പോഴും കൊവിഡിനെ ഭയക്കാതെ കഴിയുന്നു. ഇത് എങ്ങനെ ഇവർക്ക് സാധിച്ചു എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. അതിന്റെ പ്രധാന കാരണം അവർ അവരുടെ ഗ്രാമത്തിൽ പുറത്തുനിന്നുള്ളവരെ അനുവദിക്കുന്നില്ല എന്നതാണ്. തീർത്തും ഒറ്റപ്പെട്ട് കഴിയുന്ന അവർക്ക് മഹാമാരി പകരാനുള്ള സാധ്യത സ്വാഭാവികമായും കുറയുന്നു. ഇത് കൂടാതെ അവരുടെ ജീവിതചര്യയും ഒരു പ്രധാനം കാരണമാണ്. തീർത്തും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് അവിടെ. 

ഇന്റർനെറ്റും, മൊബൈലും, മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു വിദൂര ഗ്രാമമാണ് അത്. മിക്ക ആളുകളും വനത്തിൽ പോയോ, മറ്റ് അല്ലറ ചില്ലറ ജോലികൾ ചെയ്തോ ഒക്കെയാണ് ജീവിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും അവരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. രണ്ട് ദിവസം മുൻപാണ് ഗ്രാമത്തിലെ ഏക ബിരുദധാരിയായ സന്ധ്യ അവിടത്തെ കുട്ടികൾക്ക് സൗജന്യമായി ക്ലാസുകൾ എടുത്തുകൊടുക്കുന്നതിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയത്.  

Follow Us:
Download App:
  • android
  • ios