Asianet News MalayalamAsianet News Malayalam

ടിയാനൻമെൻ സ്‌ക്വയർ അക്രമത്തെ എതിർത്തതിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കിയ സാവോ സിയാങ്ങിന് ഒടുവിൽ അന്ത്യവിശ്രമം

"ഞങ്ങള്‍ വയസ്സന്മാരാണ്, ഞങ്ങൾക്കിനി പ്രസക്തിയില്ല. വരുംകാലം നിങ്ങളുടേതാണ്"  അദ്ദേഹം പറഞ്ഞു.

Zhao Ziyang the ex communist leader purged due to tianenmen opposition laid to rest
Author
Tiananmen Square, First Published Oct 18, 2019, 6:10 PM IST

1987 -ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിപദം അലങ്കരിച്ചിരുന്ന സാവോ സിയാങ്ങ്  അടിയുറച്ചൊരു  കമ്യൂണിസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യത്തിനുവേണ്ടി കാഹളമുയർത്തിക്കൊണ്ട് ടിയാനൻമെൻ സ്‌ക്വയറിൽ വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതിഷേധിച്ചു തുടങ്ങിയപ്പോൾ, പാർട്ടിക്കുള്ളിൽ അവർക്കുവേണ്ടി സംസാരിക്കാൻ ആദ്യമുയർന്ന ശബ്ദവും അദ്ദേഹത്തിന്റേതായിരുന്നു. പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികൾ സമരം ചെയ്യുന്ന കുട്ടികൾക്കുമേൽ എടുത്തുപയോഗിക്കരുത് എന്ന് അദ്ദേഹം പരമാവധി പറഞ്ഞുനോക്കി. എന്നാൽ, അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിൽക്കാൻ ആരുമുണ്ടായിരുന്നില്ല പാർട്ടിക്കുള്ളിൽ. അദ്ദേഹമൊഴികെ മറ്റെല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു, "ഗവണ്മെന്റിനെതിരെ ശബ്ദിക്കുന്നവരെ നിർദ്ദയം അടിച്ചമർത്തണം..." ഒടുവിൽ അതുതന്നെ നടന്നു. ടിയാനൻമെൻ സ്‌ക്വയറിൽ 1989 ജൂൺ 4 -ന് പട്ടാളം വിദ്യാർത്ഥികളുടെ പ്രതിഷേധസ്വരങ്ങളെ തല്ലിക്കെടുത്തി. പതിനായിരങ്ങൾക്ക് ജീവാപായമുണ്ടായി. ചൈനയിലെ ജനാധിപത്യത്തിന്‍റെ പടുതിരികളും കെട്ടടങ്ങി. 

Zhao Ziyang the ex communist leader purged due to tianenmen opposition laid to rest


ആധുനിക ചൈനയെ കെട്ടിപ്പടുത്ത ജനനേതാവ് 

മാവോയുടെ സിദ്ധാന്തങ്ങളുടെ കടുത്ത വിമർശകനായിരുന്ന സാവോ സിയാങ്ങിന്റെ പിന്തുണയോടെയാണ് ഡെൻ സിയാവോ പിങ്ങ് അധികാരത്തിലേറുന്നത്. തിരിച്ചാലോചിച്ചാൽ, സാംസ്കാരികവിപ്ലവം കെട്ടടങ്ങിയ ശേഷം സാവോ സിയാങ്ങ് എന്ന കർമ്മകുശലനായ നേതാവിനെ ചൈനയുടെ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് ഡെന്‍ സിയാവോ പിങ്ങ് ആയിരുന്നു. ഡെന്‍ സിയാവോ പിങ്ങിന്റെ ഉദാരീകരണനയങ്ങൾക്കും മുതലാളിത്ത കമ്യൂണിസ്റ്റ് സാമ്പത്തിക വിപ്ലവങ്ങൾക്കും ഒക്കെ ചുക്കാൻ പിടിച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു സാവോ. ചൈനയുടെ ബ്യൂറോക്രസിയിൽ നിന്ന് അഴിമതി തുടച്ചു നീക്കാൻ വേണ്ടി ഏറ്റവുമധികം പരിശ്രമിച്ചിട്ടുള്ളതും അദ്ദേഹം തന്നെ. അന്ന് ചൈനീസ് സർക്കാരിന്റെ അന്താരാഷ്ട്ര മുഖമായിരുന്നു സാവോ സിയാങ്ങ്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ ഒരു ചിത്രമുണ്ട്. അമേരിക്കൻ സന്ദർശന വേളയിൽ പ്രസിഡന്റ്  റൊണാൾഡ് റീഗനോടൊപ്പം കുടയും പിടിച്ചുകൊണ്ടുള്ള സാവോയുടെ ചിത്രം.

Zhao Ziyang the ex communist leader purged due to tianenmen opposition laid to rest


രാഷ്ട്രീയകാര്യങ്ങളിലൊക്കെ സാവോ സ്വീകരിച്ച, ന്യായത്തിൽ അധിഷ്ഠിതമായ കർക്കശമായ നിലപാടുകൾ അദ്ദേഹത്തെ അന്നത്തെ സെൻട്രൽ അഡ്വൈസറി കമ്മീഷന്റെ ചെയർമാൻ ആയിരുന്ന ചെൻ യുൻ, സിപിസിസി ചെയർമാൻ ലി ഷിയാനിയാൻ, അന്നത്തെ പ്രീമിയർ ആയ ലി പെങ് എന്നിവർക്ക് അനഭിമതനാക്കി. ശത്രുപക്ഷത്തുള്ളവരെല്ലാം ചേർന്ന് നടത്തിയ ഉപജാപങ്ങൾ അദ്ദേഹത്തെ  ഡെൻ സിയാവോ പിങിനും അപ്രിയനാക്കി. ഒടുവിൽ അവർ കാത്തിരുന്ന അവസരം കൈവന്നു. ടിയാനൻ മെൻ സ്‌ക്വയർ കലാപത്തിൽ സാവോ സ്വീകരിച്ച വിദ്യാർത്ഥി സൗഹൃദനിലപാടുകൾ അദ്ദേഹത്തിന് നേർക്കുള്ള പ്രതികാരനടപടികൾക്ക് പ്രേരണയായി. വിദ്യാർത്ഥികൾ പറയുന്നതിന് ചെവികൊടുക്കാനും, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും അദ്ദേഹം പരമാവധി പരിശ്രമിച്ചു. 
 

Zhao Ziyang the ex communist leader purged due to tianenmen opposition laid to rest
 

മെയ് 19 -ന് സമരങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന ടിയാനൻമെൻ സ്ക്വയറിലേക്ക് അദ്ദേഹം നടന്നുചെന്നു. അവിടെ വെച്ച് സാവോ സിയാങ്ങ് പിൽക്കാലത്ത് പ്രസിദ്ധമായ തന്റെ പ്രസംഗം നടത്തി, "വിദ്യാർത്ഥി സഖാക്കളേ, ഞങ്ങൾ നിങ്ങളുടെ അടുത്തെത്താൻ ഏറെ വൈകി. എനിക്കറിയാം. ക്ഷമിക്കുക. നിങ്ങൾ ഞങ്ങളെപ്പറ്റി ചർച്ചചെയ്യുന്നു. വിമർശിക്കുന്നു. അതൊക്കെ വേണ്ടതുതന്നെ. ഞാൻ നിങ്ങളോട് മാപ്പിരക്കാൻ മാത്രമല്ല വന്നത്. നിങ്ങൾ സമരം തുടങ്ങിയിട്ട് നാളേറെയായി. ഇത്രയുംനാൾ നിങ്ങൾ നിരാഹാരം കിടന്നു. ഇനിയും അത് തുടർന്നാൽ, ഈ സമരം നിങ്ങളുടെ ശരീരങ്ങൾക്ക് തിരിച്ചു പിടിക്കാനാകാത്ത നഷ്ടങ്ങൾ സമ്മാനിച്ചേക്കും. അതുകൊണ്ട്, എത്രയും പെട്ടെന്ന് ഈ സമരം നിർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. പ്രശ്നങ്ങൾക്കൊക്കെയും നമുക്ക് ചർച്ചകളിലൂടെ വരുംകാലങ്ങളിൽ പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ... ഞങ്ങളൊക്കെ വയസ്സായവരാണ്. ഞങ്ങൾക്കിനി പ്രസക്തിയില്ല. വരുംകാലം നിങ്ങളുടേതാണ്." അദ്ദേഹം പറഞ്ഞുനിര്‍ത്തിയപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികളതിനെ സ്വീകരിച്ചത്.

അന്നത്തെ ആ പ്രസംഗം, സാവോയുടെ അവസാനത്തെ പ്രസംഗമായിരുന്നു. അതിനുശേഷം അദ്ദേഹം ഒരു ചടങ്ങിലും പ്രത്യക്ഷപ്പെട്ടുമില്ല. ഡെൻ സിയാവോ പിങ്ങ് ടിയാനൻമെൻ സ്ക്വയറിലേക്ക് പട്ടാളത്തെ അയച്ച ആ നിമിഷം സാവോ സിയാങ്ങ് പാർട്ടി അംഗത്വം രാജിവെച്ചു. അത് ചൈനയിലെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നുതന്നെ അദ്ദേഹത്തെ പാർട്ടി വെട്ടിനിരത്തുന്നതിലേക്ക് നയിച്ചു. പിന്നീടങ്ങോട്ട് തന്റെ എൺപത്തഞ്ചാമത്തെ വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങളാൽ സ്വാഭാവിക മൃത്യു തേടിയെത്തും വരെയും അദ്ദേഹത്തിന് വീട്ടുതടങ്കലിൽ കഴിച്ചുകൂട്ടേണ്ടി വന്നു. 
 

Zhao Ziyang the ex communist leader purged due to tianenmen opposition laid to rest
 

 2005 ജനുവരിയിൽ ബീജിങ്ങിൽ വെച്ച് സ്ട്രോക്ക് വന്നാണ് സാവോ സിയാങ്ങ് മരിക്കുന്നത്. ഭരണവർഗത്തിനു മുന്നിൽ ഇകഴ്ത്തപ്പെട്ടവനായതുകൊണ്ട്, അദ്ദേഹം അർഹിക്കുന്ന ഒരു ശവമടക്ക് അന്നദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചിതാഭസ്മത്തെ അടക്കം ചെയ്യാൻ ഒരു പൊതുസ്ഥലം അനുവദിച്ചുകിട്ടാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് കാത്തിരിക്കേണ്ടി വന്നത് 14  കൊല്ലങ്ങളാണ്.  
 

Zhao Ziyang the ex communist leader purged due to tianenmen opposition laid to rest
 

ഇന്ന്, 2019  ഒക്ടോബർ 18 -ന് നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് പുറമെ ആകെ വന്നത് വിരലിൽ എണ്ണാവുന്ന ചിലർ മാത്രമാണ്.  "ഇനിയെങ്കിലും അച്ഛന്റെ ആത്മാവ് സ്വസ്ഥമായി അതിന്റെ കല്ലറയിൽ ഉറങ്ങട്ടെ..." എന്ന് മകൾ വാങ്ങ് യാനൻ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങ് ആഡംബര രഹിതമായി, ഏറ്റവും കുറച്ച് ആളുകളെ വിളിച്ചു നടത്താൻ,  സാവോയുടെ കുടുംബത്തിന് പാർട്ടിയുടെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. മരിക്കും മുമ്പ് സാവോ സിയാങ് എഴുതിപ്പൂർത്തിയാക്കിയിരുന്ന ആത്മകഥ പോലും ഏറെ പണിപ്പെട്ടാണ് മരണാനന്തരം അദ്ദേഹത്തിന്റെ ബന്ധുക്കൾ ലണ്ടനിലേക്ക് കടത്തുന്നതും, അവിടെ പ്രസിദ്ധപ്പെടുത്തുന്നതും. ഇന്നും ആ പുസ്തകത്തിന് ചൈനയിൽ നിരോധനമുണ്ട്. 


 

Follow Us:
Download App:
  • android
  • ios