Asianet News MalayalamAsianet News Malayalam

ആനകളെ വേട്ടയാടാൻ സിംബാബ്‍വെ, 'ട്രോഫി വേട്ട'ക്ക് അനുമതി, പ്രതിഷേധവും ശക്തം

ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രണ്ടാമത്തെ രാജ്യം സിംബാബ്‌വെ ആണെങ്കിൽ, അയൽരാജ്യമായ ബോട്സ്വാനയിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. അഞ്ചുവർഷത്തെ വിലക്കിനെത്തുടർന്ന് ഇപ്പോൾ ബോട്സ്വാനയും ആന വേട്ട പുനരാരംഭിക്കുകയാണ്. 

Zimbabwe to hunt elephants
Author
Zimbabwe, First Published Apr 23, 2021, 2:20 PM IST

കൊറോണ വൈറസ് ലോകത്തെ പിടിച്ചുലക്കുമ്പോൾ പല രാജ്യങ്ങളും സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ദുരിതക്കെടുതിയിൽ നിന്ന് കരകയറാൻ സാധിക്കാതെ പല രാജ്യങ്ങളും നട്ടം തിരിയുകയാണ്. ടൂറിസത്തെ പ്രധാനമായും ആശ്രയിച്ചിരുന്ന സിംബാബ്‌വെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ, ഇപ്പോൾ ആനകളെ വേട്ടയാടാനുള്ള അനുമതി നൽകിയാണ് രാജ്യം സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നത്. അതുവഴി ടൂറിസം മേഖലയിൽ കൂടുതൽ വരുമാനം നേടാനാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഈ വർഷം 500 ആനകളെ വരെ വെടിവയ്ക്കാനുള്ള ലൈസൻസ് നൽകുമെന്നാണ് സർക്കാർ ഈ ആഴ്ച പ്രഖ്യാപിച്ചത്. എന്നാൽ, വംശനാശഭീഷണി നേരിടുന്ന അവയെ വേട്ടയാടാൻ അനുമതി നൽകിയത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.  

കൊറോണ വൈറസ് പാൻഡെമിക് മൂലം ടൂറിസത്തിൽ നിന്നുള്ള വരുമാനം കുറയുന്നതാണ് ഈ നീക്കത്തിനുള്ള പ്രധാന കാരണമെന്ന് സിംബാബ്‌വെ പാർക്കുകളുടെയും വൈൽഡ്‌ലൈഫ് മാനേജ്‌മെന്റ് അതോറിറ്റിയുടെയും വക്താവ് ടിനാഷെ ഫറാവോ പറഞ്ഞു. "കൊന്ന ആനകളെ ഞങ്ങൾ തന്നെ കഴിക്കും. കൊറോണ വൈറസ് മൂലം ടൂറിസം മേഖല ഏകദേശം മരവിച്ച അവസ്ഥയിലാണ്" ഫറാവോ പറഞ്ഞു.  ആഫ്രിക്കൻ വന ആനകളെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലും, ആഫ്രിക്കൻ സവന്ന ആനകളെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ആനകളെ വേട്ടയാടാൻ അനുവദിക്കുന്ന തീരുമാനം ഭയാനകമാണെന്ന് സിംബാബ്‌വെയിലെ പരിസ്ഥിതി മനുഷ്യാവകാശ അഭിഭാഷക ഗ്രൂപ്പായ ഫോർത്ത് നാച്ചുറൽ റിസോഴ്‌സ് ഗവേണൻസിന്റെ വക്താവ് സിമിസോ മെലേവ് പറഞ്ഞു.

Zimbabwe to hunt elephants

"ട്രോഫി വേട്ടയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. വന്യമൃഗങ്ങളെ പ്രകോപിക്കുകയും മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ സമ്പ്രദായം നിർത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നു" മെലേവ് പറഞ്ഞു. "വന്യജീവികളെ വിവേകമില്ലാതെ വെടിവച്ചുകൊല്ലുന്നത് അവയിൽ പക ജനിപ്പിക്കാനും നിസ്സഹായരായ ഗ്രാമീണരോട് അവ പ്രതികാരം ചെയ്യാനും കാരണമാകുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.  ട്രോഫി വേട്ട എന്നത് സംരക്ഷണത്തെ സഹായിക്കുന്നുവെന്നാണ് സർക്കാർ വാദിക്കുന്നതെങ്കിലും, ഈ ശീലം അത്യാഗ്രഹവും, പണക്കൊതിയും ലക്ഷ്യമാക്കിയുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ സഫാരികളിൽ നിന്നും പൊതുവേ ടൂറിസത്തിൽ നിന്നുമുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ നൂതനവും പരിസ്ഥിതി സൗഹൃദവുമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംബാബ്‌വെ മാത്രമല്ല ആനകളെ വേട്ടയാടാൻ അനുവദിക്കുന്നത്, ഡിസംബറിൽ നമീബിയയിൽ വരൾച്ചയും ആനകളുടെ എണ്ണത്തിലുണ്ടായ വർധനയും കാരണം 170 ഉയർന്ന മൂല്യമുള്ള കാട്ടാനകളെ വിൽപ്പനയ്ക്ക് വയ്ക്കുകയുണ്ടായി.  

Zimbabwe to hunt elephants

ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രണ്ടാമത്തെ രാജ്യം സിംബാബ്‌വെ ആണെങ്കിൽ, അയൽരാജ്യമായ ബോട്സ്വാനയിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. അഞ്ചുവർഷത്തെ വിലക്കിനെത്തുടർന്ന് ഇപ്പോൾ ബോട്സ്വാനയും ആന വേട്ട പുനരാരംഭിക്കുകയാണ്. മനുഷ്യ വിനോദത്തിനായി കാട്ടു മൃഗങ്ങളെ വേട്ടയാടുന്നതാണ് ട്രോഫി വേട്ട. വേട്ടയുടെ വിജയ സൂചകമായി ചത്ത മൃഗത്തിന്റെ ഒരു ഭാഗം ട്രോഫിപോലെ സൂക്ഷിച്ചു വയ്ക്കുന്നു. സാധാരണയായി, മൃഗത്തിന്റെ തല, തൊലി, കൊമ്പുകൾ പോലുള്ള ചില ഭാഗങ്ങൾ മാത്രമേ ട്രോഫികളായി സൂക്ഷിക്കുകയുള്ളൂ. കൂടാതെ ശവം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു അല്ലെങ്കിൽ പ്രാദേശിക സമൂഹത്തിന് സംഭാവന ചെയ്യുന്നു. യുഎസ്, റഷ്യ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നാണ് വേട്ടക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തുന്നത്. ആനയെ കൊല്ലാനുള്ള ലൈസൻസിനായി പണമടയ്ക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾ അവരെ നയിക്കാനായി പ്രൊഫഷണൽ വേട്ടക്കാർക്ക് പണം നൽകുകയും അവരുടെ ട്രോഫികൾ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios