1984 ജൂൺ ആദ്യവാരം പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ്ണക്ഷേത്രം എന്ന സിഖ് തീർത്ഥാടനസ്ഥലത്ത് 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്ന പേരിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ഒരു മിലിട്ടറി ഓപ്പറേഷൻ നടന്നു. ആ ഓപ്പറേഷന്റെ ആഘാതം പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിൽ സൃഷ്‌ടിച്ച കോലാഹലങ്ങൾ വിവരണാതീതമാണ്. നിരവധി കുറ്റകൃത്യങ്ങൾക്ക് പിന്നിലെ പ്രേരണ ഈ ഓപ്പറേഷനിലൂടെ വ്രണപ്പെട്ട സിഖ് മത വികാരമായിരുന്നു. ഇന്ത്യ കണ്ട ഏക വനിതാപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അകാലത്തിൽ തന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതും അതുതന്നെ. അതിനുശേഷമോ, പലരും വേട്ടയാടപ്പെട്ടു. പലരെയും പട്ടാപ്പകൽ വീട്ടിൽ നിന്ന് വിളിച്ചിറക്കിയും, വഴിയിൽ തടഞ്ഞുവെച്ചുമൊക്കെ തീവെച്ചും വെട്ടിയും കൊന്നുകളഞ്ഞു.

ഇന്ദിരയുടെ കൊലപാതകം കാരണം ജീവൻ നഷ്ടപ്പെട്ടത് നിരപരാധികളായ ആയിരക്കണക്കിന് സിഖുകാർക്കാണ്. അന്ന് ബലാത്സംഗം ചെയ്യപ്പെട്ടത് നിരവധി സിഖ് സ്ത്രീകളാണ്. ഒരൊറ്റ മിലിട്ടറി ഓപ്പറേഷൻ കാരണം എത്രയെത്ര ജീവനാണ് പൊലിഞ്ഞുപോയത്, ഓപ്പറേഷനിലും, അതിനു ശേഷവുമായി. ഈ ഓപ്പറേഷന് ശേഷം കൊല്ലപ്പെട്ടവരിൽ, ഇതേ ഓപ്പറേഷന്റെ രൂപരേഖ തയ്യാറാക്കി, ഓപ്പറേഷൻ നടപ്പാക്കുമ്പോഴും അതിന് നേതൃത്വം നൽകിയ  ജനറൽ അരുൺ വൈദ്യയും ഉണ്ടായിരുന്നു.  ഓപ്പറേഷൻ ബ്ലൂസ്റ്റാർ പൂർത്തിയാക്കി തീവ്രവാദികളെ വധിച്ച്, രണ്ടുവർഷം തികയും മുമ്പ് ജനറൽ വൈദ്യയും വധിക്കപ്പെട്ടു. അദ്ദേഹത്തെ വധിച്ചത് രണ്ടു സർദാർജിമാർ ചേർന്നായിരുന്നു. ഒന്നാമൻ, ഹർജിന്ദർ സിങ്ങ് ഏലിയാസ് 'സിന്ദാ', രണ്ടാമൻ, സുഖ്‌ദേവ് സിങ്ങ് ഏലിയാസ് 'സുഖാ'. ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും വലിയ പ്രതികാരദാഹികളായിരുന്ന ഈ യുവാക്കളെ 1992 ഒക്ടോബർ 9 -ന് പുണെയിലെ യെർവാഡാ ജയിലിൽ വെച്ച് തൂക്കിലേറ്റുകയായിരുന്നു. 

ആരായിരുന്നു 'സിന്ദാ-സുഖാ' ജോഡികൾ ?

ഇരുവരും സിഖ് തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സിലെ(KCF) അംഗങ്ങളായിരുന്നു. സിഖുകാർക്ക് സ്വന്തമായി ഒരു രാജ്യം, 'ഖാലിസ്ഥാൻ' വേണമെന്നായിരുന്നു ഖാലിസ്ഥാൻ തീവ്രവാദികളുടെ വാദം. ഈ സംഘടനയ്ക്ക് സ്വജീവിതം സമർപ്പിച്ചിരുന്ന ഇരുവരും ചേർന്ന് സംഘടനയ്ക്ക് വേണ്ടി കൊള്ള, കൊലപാതകം അങ്ങനെ ചെയ്യാത്ത കുറ്റങ്ങളൊന്നുമില്ലായിരുന്നു. 

അമൃത്സറിലെ ഒരു കർഷക കുടുംബത്തിൽ 1962  -ലാണ് ഹർജിന്ദർ സിങ്ങ് അഥവാ 'സിന്ദാ' ജനിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടക്കുമ്പോൾ സിന്ദാ ഖൽസാ കോളേജിൽ ഡിഗ്രി രണ്ടാം വർഷം. ഈ ഓപ്പറേഷനിൽ ശക്തമായ പ്രതിഷേധിച്ചുകൊണ്ട്, പ്രതികരിക്കാൻ മാർഗമന്വേഷിച്ചു നടന്ന സിന്ധ് ഒടുവിൽ എത്തിപ്പെടുന്നത് ഖാലിസ്ഥാനി തീവ്രവാദികളുടെ കയ്യിലാണ്. അവർ സിന്ദയെ തങ്ങളിൽ ഒരാളാക്കി മാറ്റിയെടുത്തു. 

സുഖ്‌ദേവ് സിങ്ങ് അഥവാ സുഖ ജനിച്ചത് രാജസ്ഥാനിലെ ഗംഗാനഗറിലായിരുന്നു. അദ്ദേഹത്തിന്റേതും ഒരു കാർഷികകുടുംബമായിരുന്നു. കരൺപൂരിലെ ഗ്യാൻജ്യോതി കോളേജിൽ ബിരുദാന്തരബിരുദത്തിന് പഠിക്കുമ്പോഴാണ് ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്നതും, സിന്ദയുടെ വഴിയേ തന്നെ സുഖയും ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സിൽ അംഗമാകുന്നതും. 

എങ്ങനെയും ബ്ലൂസ്റ്റാർ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച, സിഖ് മതവികാരത്തെ വ്രണപ്പെടുത്തിയവരെ ഇല്ലാതാക്കണം എന്നുറപ്പിച്ച് അതിനായി പരിശ്രമിച്ച ഇരുവരും ചേർന്ന് നടപ്പിലാക്കിയത് നിരവധി ഹൈ പ്രൊഫൈൽ കൊലപാതകങ്ങളാണ് 

കോൺഗ്രസ് നേതാവ് ലളിത് മാഖന്റെ വധം 

ലളിത് മാഖൻ എംപി, അറിയപ്പെടുന്ന കോൺഗ്രസ് ട്രേഡ് യൂണിയൻ നേതാവ്. രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമയുടെ മരുമകൻ, പിൽക്കാലത്ത് മന്ത്രിയായ അജയ് മാഖന്റെ അമ്മാവൻ. സൗത്ത് ദില്ലിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു മാഖൻ.

1984 ഇന്ദിരാഗാന്ധിയുടെ വധത്തിനു തൊട്ടുപിന്നാലെ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള  കോൺഗ്രസ് നേതാവാണ് മാഖനെന്ന കാര്യം എല്ലാവർക്കും  അറിവുള്ളതാണ്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) എന്ന സംഘടന അക്കാലത്ത്, 'ഉത്തരവാദികൾ ആരാണ്..?' ( 'Who Are The Guilty') എന്ന പേരിൽ 31 പേജുകളുള്ള ഒരു കൊച്ചു കൈപ്പുസ്തകം ഇറങ്ങിയിരുന്നു. വെറും മൂന്നുദിവസം കൊണ്ട് 17,000 -ലധികം സിഖുകാരുടെ വധത്തിന് കാരണമായ കലാപങ്ങൾക്ക് ജനങ്ങളെ ഇളക്കിവിട്ട 227  നേതാക്കളുടെ പേരുകൾ അച്ചടിച്ചിരുന്നു ആ പുസ്തകത്തിൽ. ഈ ഹിറ്റ് ലിസ്റ്റിൽ നാലാമതായിരുന്നു ലളിത് മാഖൻ.


1985  ജൂലായ് 31... ദില്ലിയിലെ കീർത്തിനഗറിലുള്ള തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടന്ന് അപ്പുറത്ത് പാർക്ക് ചെയ്തിരുന്ന  കാറിലേക്ക് നടന്നു പോവുകയായിരുന്നു മാഖൻ. സിന്ദാ, സുഖാ, മൂന്നാമതൊരു കമാൻഡോ രഞ്ജിത് സിങ് ഗിൽ - ഇത്രയും പേർ ഒരു സ്‌കൂട്ടറിൽ ആ വഴി വന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന മാഖനു നേരെ അവർ തുരുതുരാ വെടിയുതിർത്തു. അയാൾ തിരിഞ്ഞ് സ്വന്തം വീട്ടിനുള്ളിലേക്ക് ഓടിക്കയറാൻ  ശ്രമിച്ചു. അവർ വെടിവെപ്പ് തുടർന്നു. ഈ വെടിയുണ്ടകൾക്കിടയില്‍ ഒച്ചകേട്ട് ഓടിവന്ന മാഖന്റെ ഭാര്യ ഗീതാഞ്ജലിയും വീട്ടിൽ വിരുന്നുവന്നിരുന്ന അതിഥി ബാൽ കിഷനും പെട്ടു. ലളിത് മാഖൻ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗീതാഞ്ജലി പിന്നീട് ആശുപത്രിയിൽ വെച്ചും. 

ജനറൽ വൈദ്യയുടെ കൊലപാതകം 

അടുത്തത് ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ കാർമികത്വം വഹിച്ച ജനറൽ അരുൺ കുമാർ ശ്രീധർ വൈദ്യയുടെ ഊഴമായിരുന്നു. ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഡിസൈൻ ചെയ്തതും, തുടക്കം മുതൽ ഒടുക്കം വരെ അതിന് മേൽനോട്ടം വഹിച്ചതും ഒക്കെ ജനറൽ വൈദ്യ എന്ന കൃതഹസ്തനായ സൈനിക മേധാവിയായിരുന്നു. ഷാബേഗ് സിങ്ങും, ഭിന്ദ്രൻവാലയും ഒക്കെയടങ്ങുന്ന തീവ്രവാദിസംഘം സുവർണക്ഷേത്രത്തിനുള്ളിൽ അഭയം പ്രാപിച്ചപ്പോൾ അവരെ പിടികൂടാൻ വേണ്ടി പട്ടാളത്തെ സുവർണ്ണക്ഷേത്രം എന്ന സിഖുകാരുടെ പവിത്രഭൂമിയിലേക്ക് പറഞ്ഞയച്ച ദൗത്യമായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ആ ദൗത്യത്തിന് ചുക്കാൻ പിടിച്ച ആൾ എന്ന നിലയ്ക്ക്, അന്നുമുതലേ സിഖ് ഭീകരവാദ സംഘടനകളുടെ ഹിറ്റ് ലിസ്റ്റിൽ ജനറൽ വൈദ്യയുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം പതിനായിരക്കണക്കിന് സിഖുകാർ വേട്ടയാടപ്പെട്ടപ്പോൾ ആ വൈരം ഒന്നുകൂടി ഇരട്ടിച്ചു. 

വലത്തേയറ്റത്ത് ജനറൽ വൈദ്യ 

എന്നാൽ, ജനറൽ വൈദ്യ അവസാനം വരെയും അടിയുറച്ചു വിശ്വസിച്ചിരുന്നത് താൻ ചെയ്തത് തന്റെ ഔദ്യോഗികകർത്തവ്യങ്ങളുടെ പാലനം മാത്രമാണ് എന്നുതന്നെയായിരുന്നു. 1985 -ൽ അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "രാജ്യത്തിൻറെ ശത്രു, അത് വിദേശിയായാലും, ഇനി രാജ്യത്തിന് അകത്തുനിന്നുതന്നെയുള്ള വിഘടന വാദികളായാലും അവർക്കെതിരെ ആയുധമെടുത്ത് പോരാടിയതിൽ എനിക്ക് ഒരു പശ്ചാത്താപവുമില്ല." നിരന്തരം നേരിട്ടുകൊണ്ടിരുന്ന വധഭീഷണികളെ അദ്ദേഹം സാരമാക്കിയിരുന്നില്ല. "യുദ്ധങ്ങൾ ഇത്രയധികം കണ്ട് ചോരയോടുള്ള അറപ്പ് മാറിയ ഒരാളാണ് ഞാൻ. എനിക്ക് മരണത്തെ പേടിയില്ല. എന്റെ നെഞ്ചുതുളച്ച് പോകാൻ ഒരു വെടിയുണ്ടയ്ക്ക് നിയോഗമുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് എന്റെ പേരും എഴുതിവെച്ചുകൊണ്ട് എന്നെത്തേടി വരികതന്നെ ചെയ്യും..." എന്നദ്ദേഹം എപ്പോഴും പറയുമായിരുന്നു. 

പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം വിശ്രമജീവിതത്തിനായി തിരഞ്ഞെടുത്തത് പുണെ ആയിരുന്നു. അവിടേക്ക് താമസം മാറ്റി ആറുമാസത്തിനകം ജനറൽ വൈദ്യയെ തന്റെ വെള്ള മാരുതി കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചയോടെ, മാർക്കറ്റിൽ പോയി തിരികെ വരുന്നവഴി, വാഹനത്തിനരികിൽ കൊണ്ട് ബൈക്ക് നിർത്തിയ നാലുപേരിൽ ഒരാൾ ഡ്രൈവിങ്ങ് സീറ്റിന്റെ സൈഡ് ഗ്ലാസിലൂടെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആദ്യത്തെ രണ്ടു വെടിയുണ്ടകൾ തന്നെ തലച്ചോറിനുള്ളിലേക്ക് തുളച്ചുകയറി, മൂന്നാമത്തെ വെടിയുണ്ട ജനറലിന്‍റെ തോളിലാണ് ഏറ്റതെങ്കില്‍ അടുത്ത വെടിയുണ്ട കൂടെയുണ്ടായിരുന്ന ഭാര്യ ഭാനുമതിക്കാണ് കൊണ്ടത്. അംഗരക്ഷകനും വെടിവെപ്പിൽ പരിക്കേറ്റു. ആ വഴി വന്ന ഒരു മാറ്റഡോർ വാനിൽ കയറ്റി ജനറലിനെ ആശുപത്രിയിലെത്തിച്ചു എങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ആ സംഘത്തിലും സിന്ദയും സുഖയും തന്നെയായിരുന്നു മുന്നിൽ നിന്ന് വെടിവെച്ചത്. 

 അർജൻ ദാസ് വധിക്കപ്പെടുന്നു 

1985 സെപ്റ്റംബർ അഞ്ചിനാണ് അർജൻ ദാസ് എന്ന കോൺഗ്രസ് നേതാവ് കൊല്ലപ്പെടുന്നത്. കലാപത്തിന് ശേഷം നാനാവതി കമ്മീഷന് സമർപ്പിക്കപ്പെട്ട കുറ്റവാളികളുടെ ലിസ്റ്റിൽ രാജീവ് ഗാന്ധിയുടെ അടുത്ത സ്നേഹിതനായ അർജൻ ദാസിന്റെ പേരുമുണ്ടായിരുന്നു. രാജീവ് ഗാന്ധിയോട് ദാസിനുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ ഹിറ്റ്‌ലിസ്റ്റിൽ മുകളിലേക്ക് എത്തിച്ചത്. സിന്ദയും സുഖയും ചേർന്ന് അർജൻ ദാസിനെയും വെടിവെച്ചുവീഴ്ത്തുകയായിരുന്നു. 

സുഖാ അറസ്റ്റിലാകുന്നു 

ജനറൽ വൈദ്യയെ വധിക്കാനുപയോഗിച്ച ആയുധങ്ങൾ പുണെയിൽ ഉപേക്ഷിച്ചിട്ടാണ് സിന്ദയും സുഖയും പോയത്. ആ ആയുധങ്ങളെടുക്കാൻ വേണ്ടി സുഖ വീണ്ടും പുണെയിലേക്ക് തിരിച്ചുപോകുന്നു. ജനറൽ വൈദ്യയെ വധിക്കാൻ പോയന്ന് ഉപയോഗിച്ചിരുന്ന അതേ കറുത്ത ബൈക്കിൽ പോകുമ്പോൾ ഒരു ട്രക്കുമായി കൂട്ടിയിടിക്കുന്നു. അവിടെ വെച്ച് സുഖ അറസ്റ്റിലാകുന്നു. സുഖയെ പോലീസ് യെർവാഡാ ജയിലിലേക്ക് അയക്കുന്നു. 

ഇന്ത്യ കണ്ട ഏറ്റവും വലിയ കൊള്ള 

സുഖ അറസ്റ്റിലായ ശേഷവും സിന്ദ തന്റെ പ്രവർത്തനങ്ങൾ തുടർന്നുപോയി. പുതിയ അനുയായികളുടെ സഹായം സിന്ദയ്ക്ക് കിട്ടി. 1987 -ൽ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ തന്റെ സഹായികളോട് ചേർന്ന് സിന്ദ അക്കാലത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള നടപ്പിലാക്കി. ലുധിയാനയിൽ മിലർഗഞ്ചിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിലേക്ക് പതിനഞ്ചോളം പേര്‍ പൊലീസ് വേഷത്തിൽ യന്ത്രത്തോക്കുകളുമായി കടന്നുവന്നു. ജീവനക്കാരെ മുൾമുനയിൽ നിർത്തി അവർ ഒരു വെടിയുണ്ടപോലും ഉതിർക്കാതെ, ഒരു തുള്ളി ചോര പോലും വീഴ്ത്താതെ  ബാങ്കിലെ സേഫിൽ സൂക്ഷിച്ചിരുന്ന കോടികളുമായി സ്ഥലം വിട്ടു. ഈ ഓപ്പറേഷനിൽ സിന്ദയോടൊപ്പം ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സിന്റെ ചീഫായ ലാഭ്‌ സിങ്ങും നേരിട്ട് പങ്കെടുത്തിരുന്നു. 

ഖാലിസ്ഥാൻ ചീഫ് ലാഭ് സിങ്ങ് 

സിന്ദയും ഒടുവിൽ പിടിയിലാകുന്നു

പൊലീസിന്റെ പിടിയിൽ പെടാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു സിന്ദ. എന്നാൽ, നമ്മുടെ പൊലീസ് ഒരാളെ പൊക്കണം എന്നുറപ്പിച്ചാൽ, അയാൾ ഇനി പാതാളത്തിൽ ചെന്നൊളിച്ചിരുന്നാലും അവർ പൊക്കിയിരിക്കും. അതുതന്നെയാണ് സിന്ദയുടെ കാര്യത്തിലുമുണ്ടായത്. ദില്ലിയിൽ വെച്ചാണ് സിന്ദയെ പൊലീസ് പിടികൂടുന്നത്. മജ്‌നു കാ ടീലാ ഭാഗത്ത് ഒരു ഗുരുദ്വാരയ്ക്കുള്ളിൽ ഒളിച്ചു കഴിയുകയായിരുന്നു സിന്ദ. പൊലീസ് പിടിക്കാൻ വന്നപ്പോഴും രക്ഷപ്പെട്ടോടാൻ ശ്രമിച്ച സിന്ദയെ പൊലീസ് മുട്ടിന് താഴെ വെടിവെച്ച് കീഴ്‍പ്പെടുത്തുകയായിരുന്നു. 

സുഖയോടൊപ്പം സിന്ദയെയും യെർവാഡാ ജയിലിൽ തന്നെയാണ് അടച്ചത്. ഇരുവരെയും വിചാരണ ചെയ്തതും ഒരുമിച്ചുതന്നെ. കോടതി ഇരുവർക്കും ഒരേ ദിവസമാണ് വധശിക്ഷയും വിധിച്ചത്.  തങ്ങൾ ചെയ്ത കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കാൻ തയ്യാറായ ഇരുവരും പക്ഷേ, തങ്ങൾ ചെയ്തത് കുറ്റമാണ് എന്നുമാത്രം സമ്മതിക്കാൻ തയ്യാറായില്ല. നീതി നടപ്പിലാക്കുകയാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു അവരുടെ ധാരണ. 

തൂക്കിലേറ്റപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ്, അവർ രാഷ്ട്രപതിക്കയച്ച ദയാഹർജിയും വിശേഷമായിരുന്നു. തങ്ങളുടെ പ്രവൃത്തികൾക്ക് മാപ്പിരക്കുന്നില്ല എന്നും, എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കിക്കോളൂ എന്നുമായിരുന്നു അതിൽ പറഞ്ഞത്. 1992 ഒക്ടോബർ 9 -ന് പുണെയിലെ യെർവാഡാ ജയിലിൽ വെച്ച് അവർ തൂക്കിലേറ്റപ്പെട്ടു.