Asianet News MalayalamAsianet News Malayalam

മിസോറാമിലെ ആ 38 ഭാര്യമാരും 94 മക്കളും  പറയുന്നു; ഞങ്ങളുടെ കുടുംബനാഥന്‍ മരിച്ചിട്ടില്ല!

 38 ഭാര്യമാരും 94 മക്കളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്ന കുടുംബവും ചാന അധ്യക്ഷനായ ക്രിസ്ത്യന്‍ അവാന്തര വിഭാഗവും ഇദ്ദേഹം മരിച്ചില്ലെന്നാണ് അവകാശപ്പെടുന്നത്.
 

Ziona Chana head of worlds largest family claimed to be alive
Author
Aizawl, First Published Jun 15, 2021, 9:27 PM IST

''അദ്ദേഹം മരിച്ചിട്ടില്ല, ആശുപത്രിയില്‍നിന്നും വീട്ടിലെത്തിച്ച ദേഹത്തില്‍ ഇപ്പോഴും ചൂടുണ്ട്. നാഡിമിടിപ്പുമുണ്ട്.''

പറയുന്നത്, ലോകത്തെ ഏറ്റവും വലിയ കുടുംബം. ആ കുടുംബത്തിന്റെ നാഥനായ മിസോറാം സ്വദേശി സിയോണ ചാനയുടെ ശവസംസ്‌കാരം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശരീരം വീട്ടില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.  38 ഭാര്യമാരും 94 മക്കളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്ന കുടുംബവും ചാന അധ്യക്ഷനായ ക്രിസ്ത്യന്‍ അവാന്തര വിഭാഗവും ഇദ്ദേഹം മരിച്ചില്ലെന്നാണ് അവകാശപ്പെടുന്നത്. വീട്ടിലെത്തിയപ്പോള്‍ ഹൃദയമിടിപ്പ് തിരികെ വന്നതായി ചാന അധ്യക്ഷനായ ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിന്റെ സെക്രട്ടറി സാതിന്‍ഖുമ പറഞ്ഞതായി പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍, കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും കാരണം ആശുപത്രിയിലെത്തിച്ച 76-കാരനായ ചാന മരിച്ചതായാണ് അദ്ദേഹത്തെ ചികില്‍സിച്ച മിസോറാം തലസ്ഥാനമായ ഐസ്‌വാളിലെ ട്രിനിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖര്‍ ചാനയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നാടകീയമായ ഈ സംഭവങ്ങള്‍. 

 

Ziona Chana head of worlds largest family claimed to be alive

 

'ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍' എന്നറിയപ്പെടുന്ന ചാന (76) അന്തരിച്ചതായി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വാര്‍ത്ത വന്നത്. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. കുടുംബം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ജീവിച്ചിരിക്കുമ്പോഴേ രാജ്യാന്തര മാധ്യമങ്ങളില്‍ ശ്രദ്ധേയനായ ചാനയുടെ മരണവും വലിയ വാര്‍ത്തയായി. അതിനിടെയാണ്, ഇദ്ദേഹം മരിച്ചില്ല എന്നവകാശപ്പെട്ട് കുടുംബം രംഗത്തുവന്നത്. ചാന അധ്യക്ഷനായ മതവിഭാഗവും ഇതേ കാര്യം വ്യക്തമാക്കി. എന്നാല്‍ കുടുംബത്തിന്റെ ഈ അവകാശവാദം ഡോക്ടര്‍മാര്‍ തള്ളി. മരണം സ്ഥിരീകരിച്ചതാണെന്ന് ട്രിനിറ്റി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.  

'പരിശോധനയില്‍ നാഡി മിടിക്കുന്നുണ്ടായിരുന്നു. ശരീരത്തിന് ഇപ്പോഴും ചൂടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിശോധിച്ചപ്പോഴും പേശികള്‍ മുറുകിയിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നത് ശരിയല്ല' - കൊഹ്‌റാന്‍ താര്‍ മതവിഭാഗത്തിന്റെ സെക്രട്ടറി സാതിന്‍ഖുമ പറഞ്ഞു. 

 

Ziona Chana head of worlds largest family claimed to be alive

 

38 ഭാര്യമാരും, 89 കുട്ടികളും, 36 പേരക്കുട്ടികളും അടങ്ങുന്ന ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ചാന് 14 മരുമക്കളും 36 കൊച്ചുമക്കളും ഉണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും കുന്നുകള്‍ക്കിടയിലുള്ള ഒരു വീട്ടില്‍ ഒന്നിച്ചായിരുന്നു താമസം. ആ വീട്ടില്‍ നാല് നിലകളിലായി 100 മുറികള്‍ ഉണ്ടായിരുന്നു. അത് 'ചുവാന്‍ താര്‍ റണ്‍' അഥവാ 'ന്യൂ ജനറേഷന്‍ ഹോം' എന്നറിയപ്പെടുന്നു.

അദ്ദേഹം കൊഹ്‌റാന്‍ താര്‍ എന്ന മത വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. 'ചാന' എന്നും അത് അറിയപ്പെടുന്നു. പുരുഷന്മാര്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാന്‍ ആ മതം അനുവദിക്കുന്നു. 1942 -ല്‍ അദ്ദേഹത്തിന്റെ പിതാവ് സ്ഥാപിച്ചതാണ് ഈ വിഭാഗം. അതില്‍ രണ്ടായിരത്തോളം അംഗങ്ങളുണ്ട്. അവരില്‍ ഭൂരിഭാഗവും മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലാണ് താമസിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള ഒരിടമാക്കി മിസോറാമിനെ മാറ്റിയതില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. 

1945 ജൂലൈ 21 -നാണ് സിയോണയുടെ ജനനം. പതിനഞ്ചാമത്തെ വയസില്‍ അദ്ദേഹം തന്റെ ആദ്യഭാര്യയായ സാത്തിയാംഗിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അദ്ദേഹത്തേക്കാള്‍ മൂന്നുവയസ് കൂടുതലായിരുന്നു. അവരാണ് ഇപ്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കുന്നത്. അതിനുശേഷം, സിയോണ 38 തവണ കൂടി വിവാഹം കഴിച്ചു. ഏറ്റവും ഒടുവില്‍ 2014 -ലാണ് അദ്ദേഹം വിവാഹിതനായത്. 33 -കാരിയായ ഭാര്യ മാഡം സിയാംതംഗിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 180 കുടുംബാംഗങ്ങളും ഒരുമിച്ച് അച്ഛന്റെ തണലിലാണ് ജീവിക്കുന്നത്. അവര്‍ പൂര്‍ണമായും സ്വയംപര്യാപ്തരാണ്. അവര്‍ സര്‍ക്കാര്‍ സഹായമൊന്നും അവകാശപ്പെടുന്നില്ല. അവര്‍ക്കാവശ്യമുള്ള ആഹാരം അവര്‍ തന്നെ കൃഷി ചെയ്യുന്നു. തോട്ടങ്ങളില്‍ ചീര, കാബേജ്, കടുക്, മുളക്, ബ്രൊക്കോളി എന്നിവ പ്രകൃതിദത്ത രീതിയില്‍ അവര്‍ വളര്‍ത്തി എടുക്കുന്നു. സിയോണയുടെ സഹോദരന്‍ നടത്തുന്ന സ്‌കൂളിലാണ് കുടുംബത്തിലെ കുട്ടികള്‍ പഠിക്കുന്നത്.  

പട്ടാളച്ചിട്ടയിലാണ് സിയോണ കുടുംബം ജീവിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങളും ആദ്യഭാര്യയുടെ ഉത്തരവ് അനുസരിക്കുന്നു. എല്ലാവരും വീട്ടിലെ ജോലികള്‍ പങ്കിട്ട് ചെയ്യുന്നു. പുലര്‍ച്ചെ 5.30 -ന് കുടുംബത്തിലെ സ്ത്രീകള്‍ പാചകം ആരംഭിക്കുന്നു. പെണ്‍മക്കള്‍ വീട് വൃത്തിയാക്കല്‍, പാത്രം കഴുകല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നു. പുരുഷന്മാര്‍ കന്നുകാലി വളര്‍ത്തല്‍, കൃഷി, പാത്ര നിര്‍മ്മാണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവ ചെയ്യുന്നു. വൈകുന്നേരം 4 -നും 6 -നും ഇടയിലാണ് അത്താഴം വിളമ്പുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നു. വീട്ടിലെ വലിയ ഡൈനിംഗ് ഹാളില്‍ 50 ടേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്ന അംഗങ്ങള്‍ കസേരയില്‍ ഇരുന്ന് കഴിക്കുമ്പോള്‍ കുട്ടികള്‍ നിലത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു. ഒരു ദിവസം 100 കിലോ അരിയെങ്കിലും വേണം ആ കുടുംബത്തിന് കഴിയാന്‍. ഇത് കൂടാതെ 60 കിലോ ഉരുളക്കിഴങ്ങ്, 39 കോഴി അങ്ങനെ നീളുന്നു അവരുടെ ഒരു ദിവസത്തെ ആഹാരത്തിന്റെ പട്ടിക. രാത്രി 9 മണിക്ക് അവര്‍ എല്ലാവരും ഉറങ്ങാന്‍ കിടക്കുന്നു. സിയോണ താഴത്തെ നിലയിലാണ് രാത്രി ഉറങ്ങുന്നത്. ഭാര്യമാരെല്ലാം ഡോര്‍മെട്രി പോലൊരു മുറിയിലാണ് കഴിയുന്നത്. ഓരോ ദിവസവും രാത്രി അവര്‍ മാറിമാറി അദ്ദേഹത്തിനൊപ്പം ഉറങ്ങുന്നു. 

 

Ziona Chana head of worlds largest family claimed to be alive

 

മുന്‍പ് ഒരു വര്‍ഷം പത്ത് പേരെ വരെ വിവാഹം കഴിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചയാളാണ് അദ്ദേഹം. 2012 -ല്‍ സിയോണ ബ്രിട്ടീഷ് ടാബ്ലോയിഡായ മിററിനോട് തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, ''ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ തലവനായത് ഒരു ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു.'' അതേസമയം അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണം സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിലതില്‍ അത് 38 പേരാണ്ടെങ്കില്‍, ചിലതില്‍ അത് 39 ആണ്. എന്ത് തന്നെയായാലും, പരസ്പര വിശ്വാസവും, സ്‌നേഹവുമാണ് അവരെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതെന്നതില്‍ സംശയമില്ല. പര്‍വത അതിര്‍ത്തിയിലുള്ള സിയോണയുടെ വീട് ഇന്നൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ആളുകള്‍ക്ക് ആ കുടുംബത്തെക്കുറിച്ചും, നടത്തിപ്പിനെക്കുറിച്ചും, ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ വല്ലാത്ത കൗതുകമാണ്. 

 

Follow Us:
Download App:
  • android
  • ios