സോഷ്യൽ മീഡിയയിലെ 'സിപ്പ് ടൈ എസ്കേപ്പ് ചലഞ്ച്' അനുകരിച്ച ചൈനീസ് യുവാവ് വീട്ടിൽ കുടുങ്ങി. ശ്വാസംമുട്ടി അവശനായ ഇയാളെ ഒടുവില്‍ രക്ഷപ്പെടുത്തി. നിലവിളി കേട്ടെത്തിയ ഡെലിവറി ബോയ് ആണ് പൊലീസിനെ വിവരം അറിയിച്ചത്.
സോഷ്യൽ മീഡിയയിലെ വിചിത്രമായ 'സിപ്പ് ടൈ എസ്കേപ്പ് ചലഞ്ച്' (Zip Tie Escape Challenge) അനുകരിക്കുന്നതിനിടെ ചൈനീസ് യുവാവ് സ്വന്തം വീട്ടിൽ കുടുങ്ങിപ്പോയത് മണിക്കൂറുകളോളം. ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഒടുവിൽ ഒരു ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. വൈറൽ ചലഞ്ചിന്റെ ഭാഗമായി യുവാവ് സ്വയം ശരീരമാസകലം ബന്ധിക്കുകയായിരുന്നു. ആദ്യം ഒരു കോട്ടൺ പുതപ്പ് കൊണ്ട് ശരീരം പൊതിഞ്ഞ ഇയാൾ, അതിനു മുകളിലൂടെ മീൻപിടിക്കുന്ന വല ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. ഇതിനുശേഷം കഴുത്ത് മുതൽ കണങ്കാൽ വരെ നിരവധി നീളമുള്ള പ്ലാസ്റ്റിക് സിപ്പ് ടൈകൾ ഉപയോഗിച്ച് ശരീരം ബെഡിനോട് ചേർത്ത് ബന്ധിച്ചു. പ്ലാസ്റ്റിക് ടൈകൾ മുറിച്ചുമാറ്റി സ്വയം രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.
എന്നാൽ, ഉദ്ദേശിച്ചതുപോലെ കെട്ടുകൾ അഴിക്കാൻ കഴിയാതെ വന്നതോടെ യുവാവ് ശ്വാസം മുട്ടിയും വേദനയാലും വലഞ്ഞു. അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ഇയാൾ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. ഈ സമയത്ത് വീടിന് മുന്നിലൂടെ പോയ ഒരു ഡെലിവറി ബോയ് നിലവിളി കേട്ട് പോലീസിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന്റെ മുൻവാതിൽ തകർത്താണ് ഉദ്യോഗസ്ഥർ അകത്തുകയറിയത്. ബെഡിൽ പൂർണ്ണമായും ബന്ധിക്കപ്പെട്ട നിലയിലായിരുന്ന യുവാവിനെ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ മോചിപ്പിച്ചത്. "യുവാവിന്റെ കഴുത്തിന് ചുറ്റുമുള്ള സിപ്പ് ടൈകൾ അപകടകരമാം വിധം മുറുകിയിരുന്നു. അല്പം കൂടി വൈകിയിരുന്നെങ്കിൽ ശ്വാസം മുട്ടി മരണം സംഭവിക്കുമായിരുന്നു," എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ലിയു ജുൻജി പറഞ്ഞു.
ഇത്തരം അർത്ഥശൂന്യവും ജീവന് ഭീഷണിയാകുന്നതുമായ ഓൺലൈൻ ചലഞ്ചുകൾ ഏറ്റെടുക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഇതിനുമുൻപും ബൾബ് വിഴുങ്ങുന്നതുൾപ്പെടെയുള്ള വിചിത്രമായ ചലഞ്ചുകൾ ചൈനയിൽ വലിയ അപകടങ്ങൾ വരുത്തിവെച്ചിട്ടുണ്ട്.
