അവിടെയുള്ള ഉയർന്ന കൊമ്പിലെ ഒരിലയിൽ ഉറുമ്പ് തന്റെ താടിയെല്ലുകൾ കുത്തിയിറക്കുന്നു. പിന്നെ അവയ്ക്ക് അവിടെ നിന്ന് അനങ്ങാൻ സാധിക്കില്ല. അങ്ങനെ ഉറുമ്പ് സ്വന്തം ശരീരത്തിൽ തടവുകാരനായി ജീവിതം അവസാനിപ്പിക്കുന്നു.
ഇംഗ്ലീഷ് നോവലുകളിലും സിനിമകളിലും നമ്മൾ ഏറെ കേട്ടിട്ടുള്ള കഥാപാത്രങ്ങളാണ് സോംബി(Zombie)കൾ. മനുഷ്യമാംസം ഭക്ഷിക്കുന്ന ജീവനുള്ള പ്രേതങ്ങളാണ് കഥകളിൽ അവ. അവയ്ക്ക് യാതൊരു വികാരങ്ങളും ഉണ്ടാകില്ലെന്നും, സോംബിയുടെ കടിയേൽക്കുന്ന നിമിഷം കടിയേൽക്കുന്നയാളും സോംബിയായി മാറും എന്നും മറ്റുമുള്ള ഭയപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് ഈ സാങ്കല്പിക കഥാപാത്രങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുള്ളത്.
എന്നാൽ, യഥാർത്ഥ ജീവിതത്തിലും സോംബിയുടെ സ്വഭാവം കാണിക്കുന്ന ഒരു ഫംഗസുണ്ട്. എന്നാൽ, അത് ഭാഗ്യവശാൽ മനുഷ്യനെ ആക്രമിക്കാറില്ല. മറിച്ച് ഉറുമ്പുകളെയാണ് അവ ലക്ഷ്യമിടുന്നത്. ഇതിന്റെ ആക്രമണത്തിൽ ഉറുമ്പുകൾ സോംബികളായി മാറുന്നു. ഫംഗസിന്റെ പ്രവർത്തനം മൂലം അവയുടെ ജീവൻ ഇഞ്ചിഞ്ചായി ഇല്ലാതാവുന്നു. ഓഫിയോകോർഡിസെപ്സ് ഫംഗസ്(Ophiocordyceps unilateralis) എന്നാണ് ഇത് അറിയപ്പെടുന്നത്. മഴക്കാടുകളിൽ നിലത്തും മരത്തിലും ഒക്കെ ഈ ഫംഗസിന്റെ ബീജം ഒട്ടി കിടക്കുന്നത് കാണാം. ഈ ബീജത്തിൽ ചവിട്ടുന്നതിലൂടെയാണ് ഫംഗസ് ഉറുമ്പിന്റെ ശരീരത്തിൽ പ്രവേശിക്കുന്നത്. ഉറുമ്പിന്റെ രക്തത്തിൽ ആദ്യം ഒരു ഒറ്റക്കോശമായി ഫംഗസ് നിലനിൽക്കുകയും, പതുക്കെ കൂടുതൽ കോശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. ഈ കോശങ്ങൾ താമസിയാതെ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നു. പിന്നീട്, പോഷകങ്ങൾ കൈമാറുന്നു. ഉറുമ്പിനെ ഫംഗസ് ഉള്ളിൽ നിന്ന് ഭക്ഷിക്കാനും, പുതിയ കോശങ്ങളായി പെരുകാനും ആരംഭിക്കുന്നത് അപ്പോഴാണ്. പക്ഷേ, ഇതൊന്നുമറിയാതെ പാവം ഉറുമ്പ് അതിന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു. ഒടുവിൽ ഉറുമ്പിന്റെ ശരീരത്തിന്റെ പകുതിയോളം ഈ ഫംഗസ് കീഴടക്കുന്നു.
ഒടുവിൽ പരാന്നഭോജിയായ ഈ ഫംഗസ് ഉറുമ്പിന്റെ തലച്ചോറിനെയും, പേശികളെയും നിയന്ത്രിക്കാൻ തുടങ്ങുന്നു. അക്ഷരാർത്ഥത്തിൽ ഒരാൾ പാവയെ നിയന്ത്രിയ്ക്കും പോലെ ഫംഗസ് ഉറുമ്പുകളുടെ ചലനങ്ങളെ നിയന്ത്രിക്കാൻ തുടങ്ങും. ഫംഗസിന്റെ പൂർണ്ണമായ നിയന്ത്രണത്തിലായി തീരും ഉറുമ്പ്. ആ സമയത്ത് ഫംഗസ് ഉറുമ്പിനെ കൊണ്ട് വളരെ വിചിത്രമായ ഒന്ന് ചെയ്യിപ്പിക്കുന്നു. അണുബാധ പുരോഗമിക്കുമ്പോൾ, സ്വന്തം കൂട് ഉപേക്ഷിച്ച് ഫംഗസിന്റെ വളർച്ചയ്ക്ക് അനുകൂലമായ കൂടുതൽ ഈർപ്പമുള്ള ഒരിടത്തേക്ക് പോകാൻ ഉറുമ്പ് നിർബന്ധിതമാകുന്നു. മിക്കപ്പോഴും, നിലത്തു നിന്ന് ഏകദേശം 10 ഇഞ്ച് ഉയരമുള്ള ഒരു സ്ഥലത്തേക്കായിരിക്കും അവ പോകുന്നത്.
തുടർന്ന്, അവിടെയുള്ള ഉയർന്ന കൊമ്പിലെ ഒരിലയിൽ ഉറുമ്പ് തന്റെ താടിയെല്ലുകൾ കുത്തിയിറക്കുന്നു. പിന്നെ അവയ്ക്ക് അവിടെ നിന്ന് അനങ്ങാൻ സാധിക്കില്ല. അങ്ങനെ ഉറുമ്പ് സ്വന്തം ശരീരത്തിൽ തടവുകാരനായി ജീവിതം അവസാനിപ്പിക്കുന്നു. ഉറുമ്പ് ചത്തു കുറെ ദിവസങ്ങൾക്കു ശേഷം ഉറുമ്പിന്റെ തലയിൽ നിന്ന് ചെറു കൂൺ പോലെ ഫംഗസ് പുറത്തേക്ക് വളരുന്നു. അത് താഴെയുള്ള ഉറുമ്പിന്റെ പാതകളിലേക്ക് ബീജങ്ങളെ വർഷിക്കുന്നു. വൈകാതെ അടുത്ത ഇരയായ ഉറുമ്പിനെ അവ കണ്ടെത്തുന്നു. ഓരോ 2-3 ആഴ്ച്ചകളുടെ ഇടവേളയിൽ ഇത് നടക്കാറുണ്ട്. ഫംഗസ് ബാധിച്ച ഇത്തരം സോംബി ഉറുമ്പുകളുടെ ശവങ്ങളാൽ മഴക്കാടുകൾ നിറഞ്ഞിരിക്കുന്നു. ഒരേസമയം വിചിത്രവും, ഭയാനകവുമാണ് ഫംഗസിന്റെ പ്രവർത്തനം.
