ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പിഴവുകൾക്കെതിരെ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ CERT-In മുന്നറിയിപ്പ് നൽകി. ഈ പിഴവുകൾ സൈബർ ആക്രമികൾക്ക് ഫോണിലെ വിവരങ്ങൾ ചോർത്താനും പ്രവർത്തനം തടസ്സപ്പെടുത്താനും വഴിയൊരുക്കുമെന്നും അതിനാൽ ഉടൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.

ൻഡ്രോയിഡ് സ്‍മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ വിഭാഗമായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ഫോണിലെ നിരവധി സുരക്ഷാ പിഴവുകൾ സൈബർ ആക്രമികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എത്രയും വേഗം ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദേശം.

നിരവധി ആൻഡ്രോയിഡ് പതിപ്പുകൾക്ക് ഭീഷണി

ആൻഡ്രോയിഡിന്റെ വിവിധ പതിപ്പുകളെയാണ് സുരക്ഷാ പിഴവുകൾ ബാധിക്കുന്നത്. ആൻഡ്രോയിഡ് 14, ആൻഡ്രോയിഡ് 15, ആൻഡ്രോയിഡ് 16, ആൻഡ്രോയിഡ് 16 ക്യുപിആർ2, ആൻഡ്രോയിഡ് 17 എന്നീ പതിപ്പുകളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. ആൻഡ്രോയിഡ് റൺടൈം, ഡോക്യുമെന്റ്സ് യുഐ, മീഡിയടെക് ഫ്രെയിംവർക്ക്, മീഡിയ കോഡെക്കുകൾ, മീഡിയ പ്രൊവൈഡർ, ടെലിഫോണി, അൾട്രാ വൈഡ്ബാൻഡ്, വൈഫൈ തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ വിവിധ പ്രധാന ഘടകങ്ങളിലാണ് സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്.

ഫോണിൽ എന്തെല്ലാം സംഭവിക്കാം?

ഈ സുരക്ഷാ പിഴവുകൾ മുതലെടുത്ത് സൈബർ ആക്രമികൾക്ക് ഫോണിൽ അനധികൃതമായി കോഡ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഉയർന്ന സിസ്റ്റം അനുമതികൾ നേടാനും ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാനും ചില സാഹചര്യങ്ങളിൽ ഉപകരണത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. ലളിതമായി പറഞ്ഞാൽ, സാധാരണ ഉപയോക്താവിന് ലഭിക്കാത്ത ഫോണിന്റെ ചില ഭാഗങ്ങളിലേക്ക് വിദൂരമായി പ്രവേശിക്കാൻ ആക്രമികൾക്ക് ഇത്തരം സുരക്ഷാ പിഴവുകൾ വഴിയൊരുക്കിയേക്കാം. പിഴവുകൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ച് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റ അപകടത്തിലാകാനും സാധ്യതയുണ്ട്.

സ്വകാര്യ വിവരങ്ങൾ അപകടത്തിൽ

ഇന്ന് സ്‍മാർട്ട്ഫോണുകളിൽ ഫോട്ടോകൾ, സന്ദേശങ്ങൾ, കോൺടാക്ടുകൾ, വ്യക്തിഗത രേഖകൾ, ബാങ്കിങ് വിവരങ്ങൾ, വിവിധ ഓൺലൈൻ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയടക്കം നിരവധി സുപ്രധാന വിവരങ്ങളാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഇത്തരം സുരക്ഷാ പിഴവുകൾ പരിഹരിക്കാതെ ഫോൺ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയായി മാറാം. വിവിധ ആൻഡ്രോയിഡ് പതിപ്പുകളെയും ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പല പ്രധാന ഘടകങ്ങളെയും പ്രശ്നം ബാധിക്കുന്നതിനാൽ മുന്നറിയിപ്പ് ഗൗരവത്തോടെയാണ് കാണേണ്ടത്.

ഫോൺ എങ്ങനെ സുരക്ഷിതമാക്കാം?

കണ്ടെത്തിയ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ സുരക്ഷാ പാച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ ഫോണിൽ പുതിയ സുരക്ഷാ അപ്ഡേറ്റ് ലഭ്യമാണോയെന്ന് പരിശോധിച്ച് ഉടൻ ഇൻസ്റ്റാൾ ചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ട മുൻകരുതൽ.

മിക്ക ആൻഡ്രോയിഡ് ഫോണുകളിലും സെറ്റിംഗ്‍സ് - സിസ്റ്റം സെറ്റിംഗ്‍സ് - സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്ന വിഭാഗത്തിലൂടെ അപ്ഡേറ്റ് പരിശോധിക്കാം. ചില ഫോണുകളിൽ സെറ്റിംഗ്‍സ് - സുരക്ഷയും പ്രൈവസിയും - സിസ്റ്റം അപ്ഡേറ്റുകൾ എന്ന വിഭാഗത്തിലായിരിക്കും ഈ സൗകര്യം. ഫോൺ നിർമാതാവിനെ ആശ്രയിച്ച് മെനുവിന്റെ പേരിലും ക്രമത്തിലും വ്യത്യാസമുണ്ടാകാം. ഫോൺ നിർമാതാവ് ലഭ്യമാക്കിയിട്ടുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് സുരക്ഷാ പാച്ചാണ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെന്നും ഉപയോക്താക്കൾ ഉറപ്പാക്കണം.

അജ്ഞാത ആപ്പുകളും ലിങ്കുകളും ഒഴിവാക്കുക

സുരക്ഷാ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനൊപ്പം അജ്ഞാത ഉറവിടങ്ങളിൽനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കണം. സന്ദേശങ്ങൾ, ഇമെയിലുകൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളോ ഫയലുകളോ തുറക്കാതിരിക്കാനും ശ്രദ്ധിക്കണം. ഫോണിന്റെ സോഫ്റ്റ്‌വെയർ കാലികമായി നിലനിർത്തുകയും സംശയാസ്പദമായ ഉള്ളടക്കങ്ങളിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം സൈബർ സുരക്ഷാ ഭീഷണികളിൽനിന്ന് ഒരു പരിധിവരെ സംരക്ഷണം നേടാനാകും.