സൈബർ സുരക്ഷാ ശേഷി വിലയിരുത്തുന്നതിനിടെ തങ്ങളുടെ മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ അബദ്ധത്തിൽ മൂന്ന് സ്ഥാപനങ്ങളുടെ ലൈവ് കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് പ്രവേശിച്ചതായി എഐ കമ്പനിയായ ആന്ത്രോപിക് വെളിപ്പെടുത്തി. പരീക്ഷണത്തിനായി ഒരുക്കിയ സംവിധാനം അപ്രതീക്ഷിതമായി ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതാണ് ഇതിന് കാരണമായത്.
സൈബർ സുരക്ഷാ ശേഷി വിലയിരുത്തുന്നതിനിടെ തങ്ങളുടെ മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ അബദ്ധത്തിൽ മൂന്ന് വ്യത്യസ്‍ത സ്ഥാപനങ്ങളുടെ തത്സമയ (ലൈവ്) കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് പ്രവേശിച്ചതായി എഐ കമ്പനിയായ ആന്ത്രോപിക് (Anthropic) വെളിപ്പെടുത്തി. പരീക്ഷണത്തിനായി ഒരുക്കിയിരുന്ന പ്രത്യേക വിലയിരുത്തൽ അന്തരീക്ഷം (Evaluation Environment) അപ്രതീക്ഷിതമായി ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതാണ് സംഭവത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കി.
കണ്ടെത്തിയത് ആഭ്യന്തര പരിശോധനയിൽ
ഓപ്പൺഎഐ അടുത്തിടെ സമാനമായ ഒരു സുരക്ഷാ പിഴവ് വെളിപ്പെടുത്തിയതിനെ തുടർന്ന് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഈ സംഭവങ്ങൾ കണ്ടെത്തിയത്. ഇതോടെ എല്ലാ സൈബർ സുരക്ഷാ വിലയിരുത്തൽ പരീക്ഷണങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി ആന്ത്രോപിക് അറിയിച്ചു. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഭവത്തിൽ ബാധിക്കപ്പെട്ട സ്ഥാപനങ്ങളുമായും പരീക്ഷണ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിനുമാണ് കമ്പനിയുടെ തീരുമാനം.
ആന്ത്രോപിക് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആകെ 1,41,006 സൈബർ സുരക്ഷാ പരീക്ഷണങ്ങളാണ് കമ്പനി പരിശോധിച്ചത്. ഇതിൽ മൂന്ന് സന്ദർഭങ്ങളിലാണ് ക്ലോഡ് മോഡലുകൾ മൂന്നാം കക്ഷിയായ ഇറെഗുലർ (Irregular) നൽകിയ ടെസ്റ്റിങ് സംവിധാനത്തിലൂടെ പൊതുഇന്റർനെറ്റിലേക്ക് പ്രവേശിച്ചത്. സിമുലേഷൻ പരിസരത്തിനുള്ളിൽ മാത്രം പ്രവർത്തിക്കണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും കോൺഫിഗറേഷൻ പിഴവ് കാരണം ഇന്റർനെറ്റ് കണക്ഷൻ സജീവമായി തുടരുകയായിരുന്നു.
'ക്യാപ്ചർ ദ ഫ്ലാഗ്' (Capture the Flag) എന്നറിയപ്പെടുന്ന സൈബർ സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണങ്ങൾ. പരീക്ഷണത്തിനിടെ ലഭ്യമായ എല്ലാ സംവിധാനങ്ങളും സിമുലേഷന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച എഐ മോഡലുകൾ ദുർബലമായ പാസ്‌വേഡുകൾ, തുറന്നുകിടന്ന ക്രെഡൻഷ്യലുകൾ, സുരക്ഷാ പരിശോധനകളില്ലാത്ത എൻഡ്‌പോയിന്റുകൾ എന്നിവ ഉപയോഗിച്ച് ദൗത്യം പൂർത്തിയാക്കാൻ ശ്രമിച്ചതായി കമ്പനി വിശദീകരിച്ചു. പരീക്ഷണ പരിസരത്തിൽ നിന്ന് മനഃപൂർവം പുറത്തുകടക്കാനോ നിശ്ചയിച്ച ദൗത്യത്തിന് പുറത്തുള്ള പ്രവർത്തനങ്ങൾ നടത്താനോ എഐ മോഡലുകൾ ശ്രമിച്ചിട്ടില്ലെന്നും ആന്ത്രോപിക് വ്യക്തമാക്കി.
സംഭവങ്ങളിൽ ക്ലോഡ് ഓപ്പസ് 4.7, ക്ലോഡ് മിത്തോസ് 5, കൂടാതെ ഒരു ആഭ്യന്തര ഗവേഷണ മോഡൽ എന്നിവ ഉൾപ്പെട്ടിരുന്നു. ഒരു പരീക്ഷണത്തിൽ ഓപ്പസ് 4.7 ഒരു കമ്പനിയുടെ പ്രൊഡക്ഷൻ ഡാറ്റാബേസ് സിമുലേഷൻ ലക്ഷ്യമാണെന്ന് കരുതി അതിലേക്ക് പ്രവേശിച്ചു. മറ്റൊരു സംഭവത്തിൽ മിത്തോസ് 5 ഒരു മാഷവെയർ പൈത്തൺ പാക്കേജ് പബ്ലിഷ് ചെയ്യുകയും അത് നീക്കം ചെയ്യുന്നതിന് മുമ്പ് ഏതാനും തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു. മറ്റൊരു പരീക്ഷണത്തിൽ ആഭ്യന്തര ഗവേഷണ മോഡൽ ഇന്റർനെറ്റിൽ ലഭ്യമായ സംവിധാനങ്ങൾ സ്‍കാൻ ചെയ്തെങ്കിലും യഥാർഥ ലൈവ് പരിസരത്തിലെത്തിയെന്ന് തിരിച്ചറിഞ്ഞ ഉടൻ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
സംഭവം കണ്ടെത്തിയ ഉടൻ എല്ലാ സൈബർ സുരക്ഷാ പരീക്ഷണങ്ങളും നിർത്തിവെച്ച ആന്ത്രോപിക്, പരീക്ഷണ പങ്കാളിയായ ഇറെഗുലറിനെയും ബാധിക്കപ്പെട്ട സ്ഥാപനങ്ങളെയും വിവരം അറിയിച്ചതായി വ്യക്തമാക്കി. കൂടാതെ തേർഡ് പാർട്ടി പരിശോധന നടത്തുകയും പരീക്ഷണ സംവിധാനങ്ങളുടെ മേൽനോട്ടം ശക്തിപ്പെടുത്തുകയും ഭാവിയിലെ സൈബർ സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. പൊതുജനങ്ങൾക്ക് ലഭ്യമായ ക്ലോഡ് മോഡലുകളിൽ ഉപയോഗിക്കുന്ന സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും സേഫ്റ്റി ക്ലാസിഫയറുകളും ഈ പരീക്ഷണ മോഡലുകളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ആന്ത്രോപിക് കൂട്ടിച്ചേർത്തു.


