Asianet News MalayalamAsianet News Malayalam

ടെലഗ്രാമില്‍ സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നവര്‍ക്ക് എട്ടിന്‍റെ പണി വരുന്നു; ഒടുവില്‍ കേന്ദ്രം അത് പ്രഖ്യാപിച്ചു

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

Central nodal officers appointed to act against pirated content on digital platforms like telegram vvk
Author
First Published Nov 5, 2023, 11:32 AM IST | Last Updated Nov 5, 2023, 11:32 AM IST

ദില്ലി: സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്നം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

നിലവിൽ, പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാനുള്ള അനുമതി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല.  ഒരു നല്ല കണ്ടന്‍റ് ഉണ്ടാക്കാന്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍  ധാരാളം സമയവും ഊർജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു.  പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാന്‍ സാധിക്കും. ഇത്തരം പരാതികളില്‍ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൈറസി നടത്തുന്നവര്‍ക്ക് അവര്‍ 3 ലക്ഷം മുതല്‍ പൈറസി ചെയ്ത കണ്ടന്‍റിന്‍റെ നിര്‍മ്മാണ മൂല്യത്തിന്‍റെ അഞ്ച് ശതമാനം തുകവരെ പിഴയായി നല്‍കേണ്ടി വരും. 

ഒരു കണ്ടന്‍റിന്‍റെ കോപ്പിറൈറ്റ് ഉടമയ്ക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് പരാതി നല്‍കാം. അതേ സമയം പകർപ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നല്‍കിയാല്‍ നോഡൽ ഓഫീസർക്ക് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്. അത് അനുസരിച്ച് തീരുമാനവും എടുക്കാം. 

യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഐ ആൻഡ് ബി മന്ത്രാലയത്തിന്‍റെ പത്രകുറിപ്പ് പറയുന്നു. 

ഇന്റർനെറ്റിന്‍റെ വ്യാപനവും സിനിമകള്‍ സൌജന്യമായി കാണാനുള്ള ആഗ്രഹവും അടുത്തിടെ  പൈറസി കൂടാന്‍ കാരണമായി. അതിനാല്‍ തന്നെ പൈറസി കേസുകളിൽ ഉടനടി നടപടിയെടുക്കാന്‍ കഴിയുന്ന സംവിധാനം സിനിമ വ്യവസായ രംഗത്ത് ആശ്വാസം നൽകുമെന്ന്  മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഐശ്വര്യയെ അടുത്ത് നിര്‍ത്തി ആരാധ്യയുടെ ആദ്യ പൊതുവേദി പ്രസംഗം: ട്രോള്‍, വിമര്‍ശനം, എതിര്‍വാദം.!

മായിച്ച് കളഞ്ഞതെല്ലാം വീണ്ടും പ്രത്യക്ഷപ്പെടുന്നു?: സാമന്ത നാഗചൈതന്യ വീണ്ടും ഒന്നുക്കുന്നോ.!

​​​​​​​Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios