ഓപ്പണ്‍എഐ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള സ്വന്തം വെബ് ബ്രൗസറിനെ കുറിച്ചറിയാം
ആഴ്ചകള്‍ക്കുള്ളില്‍ ഓപ്പണ്‍എഐ സ്വന്തം വെബ് ബ്രൗസര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് എഐ ബ്രൗസര്‍ രംഗത്ത് എന്ത് ചലനമാണ് സൃഷ്ടിക്കുക? ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് രംഗത്തെ കുത്തകയായ ഗൂഗിള്‍ ക്രോമിന് ഭീഷണിയാവാന്‍ ഓപ്പണ്‍എഐയുടെ ബ്രൗസറിന് കഴിയുമോ? ടെക് ലോകത്ത് ചോദ്യങ്ങള്‍ ഏറെയാണ്.
ഗൂഗിളിന്‍റെ ക്രോം ബ്രൗസറിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍എഐയുടെ എഐ ബ്രൗസർ വരുന്നത്. ചാറ്റ്‌ജിപിടി എന്ന എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ഗൂഗിളിന്‍റെ സെര്‍ച്ച് എഞ്ചിന്‍ വിപണിക്ക് ഓപ്പണ്‍എഐ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് ശരിവെക്കും വിധമായിരുന്നു പിന്നീടുള്ള ഓപ്പണ്‍എഐയുടെ നീക്കങ്ങള്‍. അതേസമയം ചാറ്റ്‌ജിപിടിയില്‍ നേരത്തെ തന്നെ വെബ്‌സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.
സാധാരണ വെബ് ബ്രൗസറുകളും സെര്‍ച്ച് എഞ്ചിനുകളും വെബ്‌പേജുകളിലേക്കുള്ള ഇടനിലക്കാര്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കഴിവുകള്‍ ഉൾപ്പെടുത്തിയതാകും ഓപ്പണ്‍എഐയുടെ ബ്രൗസര്‍. ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകള്‍ പൂരിപ്പിക്കുക, വെബ് പേജുകളുടെ സംഗ്രഹം കാണുക തുടങ്ങിയ ജോലികള്‍ ബ്രൗസര്‍ വിന്‍ഡോയില്‍ നിന്ന് പുറത്തുപോവാതെ തന്നെ ചെയ്യാൻ ആളുകളെ അനുവദിക്കുന്ന ചാറ്റ്ജിപിടി ശൈലിയിലുള്ള ചാറ്റ് ഇന്‍റര്‍ഫെയ്‌സ് ആയിരിക്കും ഓപ്പണ്‍എഐയുടെ വെബ് ബ്രൗസറിനെന്നാണ് കരുതുന്നത്. സാധാരണ ബ്രൗസറുകളെ പോലെ വിവിധ ടാബുകള്‍ തുറക്കേണ്ടതിന്‍റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിന്‍റേയും ആവശ്യം ഇവിടെ ഇല്ലാതാകും.
ഓപ്പണ്‍സോഴ്‌സ് കോഡായ ക്രോമിയം അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍എഐ ബ്രൗസര്‍ നിര്‍മിക്കുന്നത്. ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ്, ഓപ്പറ എന്നിവയെല്ലാം നിര്‍മിച്ചിരിക്കുന്നത് ക്രോമിയത്തിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള വെബ് ബ്രൗസറുകളില്‍ ലഭിക്കുന്ന സൈറ്റുകളും, എക്‌സ്‌റ്റെന്‍ഷനുകളും ഓപ്പണ്‍ എഐ ബ്രൗസറിലും ഉപയോഗിക്കാനാവും. ക്രോമുമായുള്ള ഓപ്പണ്‍എഐയുടെ മത്സരം എവിടെയെത്തുമെന്ന് കാത്തിരുന്നറിയാം.

