ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സിഇഒയുടെ വൻ വെളിപ്പെടുത്തൽ, വരുന്നൂ നിങ്ങളെപ്പോലെ ഇമെയിലുകൾ എഴുതാൻ കഴിയുന്ന ഒരു എഐ ടൂൾ

കാലിഫോര്‍ണിയ: നിങ്ങളുടെ ഇമെയിൽ വായിച്ച് മനസിലാക്കി നിങ്ങളുടെ ശൈലിയില്‍ തന്നെ അതിന് മറുപടി നല്‍കാന്‍ കഴിവുള്ള ഒരാളെ സങ്കൽപ്പിക്കുക! അതെ, ഇത് ഉടൻ തന്നെ സാധ്യമാകും. നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ എഴുത്ത് ശൈലി പഠിക്കാനും ഇമെയിലുകൾക്ക് മറുപടി നൽകാനും കഴിയുന്ന ഒരു എഐ ടൂൾ തന്‍റെ ടീം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗൂഗിളിന്‍റെ എഐ കമ്പനിയായ ഡീപ്‌മൈന്‍ഡിന്‍റെ സിഇഒ ഡെമിസ് ഹസാബിസ്, പ്രഖ്യാപിച്ചു.

"എന്‍റെ ഇമെയിലുകൾ കൈകാര്യം ചെയ്യാൻ ആരെങ്കിലും വേണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഇതിനായി പ്രതിമാസം ആയിരക്കണക്കിന് ഡോളർ നൽകാൻ ഞാൻ തയ്യാറാണ്." SXSW ഫെസ്റ്റിവലിൽ സംസാരിക്കവെ ഹസാബിസ് പറഞ്ഞു. ദൈനംദിന ഡിജിറ്റൽ ജോലികളുടെ ബുദ്ധിമുട്ടിൽ നിന്ന് ആളുകളെ മോചിപ്പിക്കുക എന്നതാണ് ഈ ടൂളിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ എഐ സിസ്റ്റം ദൈനംദിന സന്ദേശങ്ങൾ സ്വയമേവ കൈകാര്യം ചെയ്യുകയും ഉപയോക്താവിന്‍റെ സ്വരത്തിൽ പ്രതികരിക്കുകയും അടിയന്തിര ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുമെന്നും, അടിസ്ഥാനപരമായി ഒരു ഡിജിറ്റൽ പേഴ്‌സണൽ അസിസ്റ്റന്‍റായി പ്രവർത്തിക്കുമെന്നും ഹസാബിസ് പറഞ്ഞു. മികച്ച ഉപദേശം നല്‍കാനും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാനും നിങ്ങളുടെ ദൈനംദിന ചെറിയ ജോലികള്‍ സ്വയം നിര്‍വഹിക്കാനും കഴിയുന്ന ഒരു യൂണിവേഴ്‌സല്‍ എഐ അസിസ്റ്റന്‍റിനെ സൃഷ്‍ടിക്കുക എന്നതാണ് തന്‍റെ സ്വപ്‍നമെന്നും ഹസാബിസ് പറഞ്ഞു.

മനുഷ്യരെപ്പോലെ ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യുന്ന എജിഐ (ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ്) വരുന്ന അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന് അദേഹം പറഞ്ഞു. പുതിയ വ്യാവസായിക വിപ്ലവം പോലെയുള്ള ഒരു വലിയ മാറ്റമാണ് ഇതെന്ന് അദേഹം വിശേഷിപ്പിച്ചു. എഐയുടെ അപകടങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടെ എഐയുടെ സുരക്ഷയിലും നിയന്ത്രണങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളോട് ഹസാബിസ് അഭ്യർഥിച്ചു. എഐ ലോകത്തെ മുഴുവൻ ബാധിക്കുമെന്ന് ഹസാബിസ് വിശ്വസിക്കുന്നു. അതിനാൽ അതിന്‍റെ സുരക്ഷയും ഉത്തരവാദിത്തവും മുഴുവൻ ലോകവും പങ്കിടണം എന്നും അദേഹം പറഞ്ഞു.

ലോകത്തിന് അഭിവൃദ്ധി കൈവരിക്കാൻ എഐ സഹായകമാകുന്നുണ്ടെങ്കിൽ, തിരഞ്ഞെടുത്ത ചിലർക്ക് മാത്രമല്ല എല്ലാവരും അതിന്‍റെ പ്രയോജനം നേടേണ്ടത് പ്രധാനമാണെന്നും ഹസാബിസ് പറഞ്ഞു. ഭാവിയിലേക്ക് നോക്കുമ്പോൾ എഐ നയിക്കുന്ന അഭിവൃദ്ധി എങ്ങനെ ന്യായമായി പങ്കിടാൻ കഴിയുമെന്ന് പരിശോധിക്കാൻ അദേഹം സാമ്പത്തിക വിദഗ്ധരോടും സാമൂഹിക ശാസ്ത്രജ്ഞരോടും ആഹ്വാനം ചെയ്തു. നമുക്ക് സമൂലമായ സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധിയും ലഭിക്കുന്ന നല്ല സാഹചര്യത്തിൽ അത് ന്യായമായി പങ്കിടപ്പെടുന്നുണ്ടെന്നും ന്യായമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും നമുക്ക് ഉറപ്പാക്കാൻ കഴിയണമെന്നും ഡെമിസ് ഹസാബിസ് പറഞ്ഞു.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News