ജിമെയില്‍ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍, ജിമെയില്‍ അക്കൗണ്ട് ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഗൂഗിളിന്‍റെ മുന്നറിയിപ്പ്

ദില്ലി: ഉടൻ പാസ്‍വേഡുകൾ മാറ്റാനും ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്‌ടീവാക്കാനും ലോകമെമ്പാടുമുള്ള 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് ഗൂഗിൾ കർശന മുന്നറിയിപ്പ് നൽകി. ഹാക്കർമാർ അവരുടെ ആക്രമണങ്ങൾ വർധിപ്പിക്കുകയാണെന്നും ഉടനടി ഉപഭോക്താക്കൾ അവരുടെ പാസ്‌വേഡുകൾ മാറ്റാനും കൂടാതെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ (2SV) ഓണാക്കാനും ഗൂഗിൾ ആവശ്യപ്പെടുന്നു. ഹാക്കിംഗുകള്‍ വര്‍ധിച്ചതോടെയാണ് ഗൂഗിള്‍ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുപ്രസിദ്ധമായ ഷൈനി ഹണ്ടേഴ്‌സ് ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു. പോക്കിമോൻ ഫ്രാഞ്ചൈസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020 മുതൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് ഇതുവരെ ടി ആൻഡ് ടി, മൈക്രോസോഫ്റ്റ്, സാന്‍റാൻഡർ, ടിക്കറ്റ്മാസ്റ്റർ തുടങ്ങിയ വൻകിട കമ്പനികളുടെയെല്ലാം ഡാറ്റകൾ ചോർത്തിയിട്ടുണ്ട്.

ഷൈനി ഹണ്ടേഴ്‌സിന്‍റെ ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ രീതി ഫിഷിംഗ് ഇമെയിലുകൾ അയയ്ക്കുക എന്നതാണ്. അത്തരം ഇമെയിലുകൾ ഉപയോക്താക്കളെ വ്യാജ ലോഗിൻ പേജിലേക്ക് നയിക്കുന്നു. ഇങ്ങനെ ആളുകളുടെ പാസ്‌വേഡുകളും സുരക്ഷാ കോഡുകളും കവരുന്നു. ഈ സമീപകാല ക്യാംപയിനില്‍ മോഷ്‌ടിക്കപ്പെട്ട ഡാറ്റയിൽ ഭൂരിഭാഗവും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നുവെന്നും എന്നാൽ ഗ്രൂപ്പ് കൂടുതൽ നാശനഷ്‍ടമുണ്ടാക്കുന്നതുമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും ഗൂഗിൾ പുതിയ മുന്നറിയിപ്പിൽ പറയുന്നു. ഭാവിയിൽ ഇത്തരം സൈബർ ആക്രമണങ്ങൾ കൂടുതൽ അപകടകരമാകുമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി.

ഷൈനിഹണ്ടേഴ്‌സ് അവരുടെ ഡാറ്റ ലീക്ക് സൈറ്റ് (DLS) ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഗൂഗിൾ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ബ്ലാക്ക‍്‌മെയിലിംഗ് കേസുകൾ വർധിപ്പിക്കുമെന്നും ഈ ഭീഷണി ഗൗരവമായി എടുക്കാനും, ഉപയോക്താക്കളോട് സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കാനും ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് ആദ്യം ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശിച്ചുകൊണ്ട് ഒരു ഇമെയിൽ അയച്ചിരുന്നു. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കാൻ അന്നും ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്തുകൊണ്ട് പ്രധാനമാണ്?

2SV അതായത് 2-സ്റ്റെപ്പ് വെരിഫിക്കേഷൻ നിങ്ങളുടെ അക്കൗണ്ടിൽ ഒരു അധിക ലോക്ക് ഇടുന്നു. ഒരു ഹാക്കർ നിങ്ങളുടെ പാസ്‌വേഡ് കവർന്നാലും ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ മൊബൈലിലേക്കോ മറ്റേതെങ്കിലും വിശ്വസനീയ ഉപകരണത്തിലേക്കോ അയയ്ക്കുന്ന ഒരു കോഡ് അയാൾക്ക് ആവശ്യമായി വരും. ഇക്കാരണത്താൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇമെയിൽ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗമായി വിദഗ്‌ധർ ടു-സ്റ്റെപ്പ് വെരിഫിക്കേഷനെ വിശേഷിപ്പിക്കുന്നു. ടു എസ്‍വി ഒരു അധിക സുരക്ഷാ പാളി ചേർക്കുകയും ഇത് അക്കൗണ്ടിനെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഓണാക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്‍സിലേക്ക് പോയി നിങ്ങൾക്ക് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്‌‌ടീവാക്കാം. ഈ സവിശേഷത ജിമെയിലിൽ മാത്രമല്ല, ബാങ്കിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലുള്ള മറ്റ് ഓൺലൈൻ സേവനങ്ങളിലും ലഭ്യമാണ്. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൈബർ ആക്രമണങ്ങൾ ഒഴിവാക്കാനും കഴിയും. സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി കണക്കിലെടുക്കുമ്പോൾ ഗൂഗിളിന്‍റെ ഈ മുന്നറിയിപ്പും വളരെ പ്രധാനമാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming