ഐഫോണ്‍ 17 സീരീസിന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിക്കുന്നതോടെ ഐഫോണ്‍ 16 ഫോണിന്‍റെ വില കുറയുമെന്നാണ് മുന്‍കാല ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്

ദില്ലി: ആപ്പിള്‍ പ്രേമികള്‍ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ്. അതേസമയം നിലവിലെ ഐഫോണ്‍ 16 വിലക്കുറവില്‍ വാങ്ങാനായി കാത്തിരിക്കുന്നവരുമുണ്ട്. ഐഫോണ്‍ 16 ശ്രേണിയിലെ ഫോണുകള്‍ വാങ്ങാന്‍ ഉചിതമായ സമയമാണോ ഇത്, അതോ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണോ? ആപ്പിളിന്‍റെ പതിവ് ട്രെന്‍ഡ് വച്ച് നോക്കിയാല്‍ ഐഫോണ്‍ 16 സീരീസിന് ഇനിയും വില കുറയാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നിലവിലെ ഐഫോണ്‍ 16 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില മിക്ക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കുറച്ചിട്ടുണ്ട്. 79,999 രൂപയ്ക്ക് ഇന്ത്യയില്‍ ആപ്പിള്‍ 2024ല്‍ പുറത്തിറക്കിയ ഐഫോണ്‍ 16 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഇപ്പോള്‍ ആമസോണില്‍ വില 69,999 രൂപയാണ്. അതായത് ഏകദേശം 12 ശതമാനത്തിന്‍റെ വിലക്കുറവ് ഐഫോണ്‍ 16ന് ഇപ്പോള്‍തന്നെ ലഭ്യം. 89,900 രൂപയ്ക്ക് പുറത്തിറക്കിയിരുന്ന ഐഫോണ്‍ 16 പ്ലസിന് ഇപ്പോള്‍ 79,990 രൂപയേയുള്ളൂ. എന്നാല്‍ ഐഫോണ്‍ 16 സീരീസ് മോഡലുകള്‍ വാങ്ങാനായി അല്‍പം കൂടി കാത്തിരുന്നാല്‍ മറ്റൊരു പ്രയോജനം കൂടി ആവശ്യക്കാര്‍ക്ക് ലഭിച്ചേക്കാം. ഐഫോണ്‍ 17 സീരീസ് ലോഞ്ചിന് ശേഷം ഐഫോണ്‍ 16 അടക്കമുള്ള പഴയ മോഡലുകള്‍ക്ക് ആപ്പിള്‍ വില കുറയ്ക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണിത്.

മുന്‍ വര്‍ഷങ്ങളിലെ ആപ്പിളിന്‍റെ പതിവ് വച്ച് നോക്കിയാല്‍, സെപ്റ്റംബര്‍ 9ന് നടക്കുന്ന ഐഫോണ്‍ 17 പരമ്പര ലോഞ്ചിന് ശേഷം ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയുടെ വില കുറഞ്ഞേക്കാം. എന്നാല്‍ എത്ര രൂപ ആപ്പിള്‍ ഈ ഫോണുകള്‍ക്ക് കുറയ്ക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 65,000 രൂപയ്ക്ക് ഐഫോണ്‍ 16 ബേസ് മോഡല്‍ വാങ്ങാന്‍ അവസരം ലഭിച്ചേക്കും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്‍റെയും ഫ്ലിപ്‌കാര്‍ട്ടിന്‍റെയും ഫെസ്റ്റിവല്‍ സീസണ്‍ വരെ കാത്തിരുന്നാല്‍ ഈ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതിലും വലിയ ഓഫറുകളും ലഭിച്ചേക്കാം. വെബ്‌സൈറ്റ് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും സഹിതമാണ് കിഴിവുകള്‍ ലഭ്യമാവുക.

Nehru Trophy Boat Race | Asianet News Live | Malayalam News Live | Latest Kerala Updates