Asianet News MalayalamAsianet News Malayalam

ടിക്ടോക്കിനെ രക്ഷിക്കാന്‍ 50 ലക്ഷം റിവ്യൂ നീക്കം ചെയ്ത് ഗൂഗിള്‍

ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ആപ്പിനെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ട്. ട്വിറ്ററില്‍ #banTikTokIndia എന്ന ഹാഷ്ടാഗും, #tiktokexposed എന്ന ഹാഷ്ടാഗും കുറച്ചു ദിനങ്ങളായി ട്രെന്‍റിംഗായി കിടക്കുകയാണ്. 

Google removes over 5 million reviews from Play Store to improve TikTok rating
Author
New Delhi, First Published May 26, 2020, 10:44 AM IST

ദില്ലി: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രധാന്യമേറിയ വാര്‍ത്തയായിരുന്നു ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന്‍റെ പ്ലേ സ്റ്റോര്‍ റേറ്റിംഗ് കുത്തനെ ഇടിഞ്ഞത്. 4.8 റേറ്റിംഗ് ഉണ്ടായിരുന്ന ആപ്പിന് കഴിഞ്ഞ ചില ദിവസങ്ങളായി ലഭിച്ചത് 1.2 റേറ്റിംഗാണ്. ഇത് ടെക് വൃത്തങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആപ്പിനെതിരെ അടുത്തിടെ ശക്തമായ സോഷ്യല്‍ മീഡിയ പ്രചാരണമാണ് ഈ വന്‍വീഴ്ചയ്ക്ക് കാരണം എന്നാണ് ടെക് വൃത്തങ്ങള്‍ കണ്ടെത്തിയത്.

ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ആപ്പിനെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ട്. ട്വിറ്ററില്‍ #banTikTokIndia എന്ന ഹാഷ്ടാഗും, #tiktokexposed എന്ന ഹാഷ്ടാഗും കുറച്ചു ദിനങ്ങളായി ട്രെന്‍റിംഗായി കിടക്കുകയാണ്. അടുത്തിടെ സൈബര്‍ പ്ലാറ്റ്ഫോമില്‍ ഉടലെടുത്ത യൂട്യൂബ് ടിക്ടോക്ക് തര്‍ക്കത്തിന്‍റെ പരിണാമമാണ് പുതിയ സംഭവവികാസങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷകരുടെ അഭിപ്രായമുണ്ട്. എന്നാല്‍ ഇപ്പോള്‍ ടിക്ടോക്കിന്‍റെ രക്ഷയ്ക്ക് ഗൂഗിള്‍ തന്നെ രംഗത്ത് എത്തിയെന്നാണ് പുതിയ വാര്‍ത്ത.

സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ ഭാഗമായി ടിക് ടോക് ആപ്പിനെതിരെ 2.2 കോടി പേരാണ് റിവ്യൂ നടത്തിയത്. ഇതിനാലാണ് ആപ്ലിക്കേഷന്റെ റാങ്കിങ് 1.2 സ്റ്റാറിലേക്ക് താഴ്ന്നത. ഇതിനെ തുടര്‍ന്ന് ടിക് ടോക് ആപ്പിനെതിരെ പോസ്റ്റ് ചെയ്ത 50 ലക്ഷത്തിലധികം റിവ്യൂ, അവലോകനങ്ങൾ എന്നിവ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു എന്നാണ് പുതിയ വിവരം. ഇതിന്റെ ഫലമായിരിക്കാം ടിക് ടോക് ആപ്ലിക്കേഷന്‍റെ റേറ്റിംഗ് 1.6 ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നാണ് പുതിയ കാഴ്ച.

ആദ്യമായി ഈ വിവരം പുറത്തുവിട്ടത് ട്വിറ്റർ ഉപയോക്താവും ഡേറ്റാ സ്റ്റോറി ടെല്ലറുമായ നോബർട്ട് എലകസ് ആണ്. ഇദ്ദേഹത്തിന്‍റെ ഗൂഗിൾ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ടിക് ടോക് അവലോകനങ്ങൾ ഇല്ലാതാക്കി എന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം.  അദ്ദേഹത്തിന്റെ ട്വീറ്റിൽ ഇത് സംബന്ധിച്ച് സ്ക്രീൻഷോട്ട് കാണിക്കുന്നുണ്ട്. 

ഇതിൽ പ്ലേസ്റ്റോറിൽ ടിക് ടോകിന് 2.8 കോടി അവലോകനങ്ങൾ കാണിക്കുന്നുണ്ട്, റേറ്റിങ് 1.2 സ്റ്റാറുകളാണ്. മറ്റൊരു സ്ക്രീൻഷോട്ടിൽ 1.6 സ്റ്റാറുകളുള്ള 2.7 കോടി അവലോകനങ്ങൾ കാണിക്കുന്നു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച്, ടിക് ടോക്കിനായി പ്ലേസ്റ്റോർ 2.2 കോടി അവലോകനങ്ങൾ കാണിക്കുന്നു, ഇതിന് 1.5 റേറ്റിങ് ഉണ്ട്. ഇതിനർഥം കഴിഞ്ഞ ആഴ്‌ച മുതൽ ഗൂഗിൾ ഏകദേശം 50 ലക്ഷം ഉപയോക്തൃ അവലോകനങ്ങൾ നീക്കം ചെയ്‌തുവെന്നാണെന്ന് പറയുന്നു.

എന്തായാലും ഈ  സംഭവങ്ങളുടെ എല്ലാം പ്രശ്നത്തിന് പിന്നിലുള്ള കാരണങ്ങള്‍ ഇങ്ങനെയാണ്-  ദേശീയ തലത്തില്‍ പ്രത്യേകിച്ച് ഹിന്ദി ഭാഷയില്‍ ടിക്ടോക് വിരുദ്ധ പ്രചാരണം തുടങ്ങിയിട്ട് കുറച്ചുനാളായി. ടിക്ടോക്ക് യൂട്യൂബ് താരങ്ങള്‍ പരസ്പരം റോസ്റ്റ് വീഡിയോകള്‍ ഇടുന്നത് ഏറെ ചര്‍ച്ചയായിട്ടുമുണ്ട്. അടുത്തിടെയാണ് ക്യാരിമിനിയാറ്റി എന്ന് പേരുള്ള യൂട്യൂബ് യൂസര്‍ ( ഇദ്ദേഹത്തിന്‍റെ ശരിക്കും പേര് അജയ് നഗര്‍) ടിക്ടോക് റോസ്റ്റിംഗ് വീഡിയോ ഇട്ടത്. 'YouTube vs TikTok: The End'എന്ന ടൈറ്റിലില്‍ ഇറക്കിയ വീഡിയോ വലിയ തരംഗമാണ് സൃഷ്ടിച്ചത്. 24 മണിക്കൂറിനുള്ളില്‍ 3 ദശലക്ഷം കാഴ്ചക്കാരെ വീഡിയോ ഉണ്ടാക്കി.

പ്രധാനമായും ടിക്ടോക്കിലെ താരമായ അമീര്‍ സിദ്ദിഖിയുടെ വീഡിയോകളെ റോസ്റ്റ് ചെയ്തായിരുന്നു ഈ വീഡിയോ തയ്യാറാക്കിയത്. എന്നാല്‍ വീഡിയോ ശ്രദ്ധേയമായതിന് പിന്നാലെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. യൂട്യൂബ് ഉപയോഗ നിയമങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞാണ് ദശലക്ഷങ്ങള്‍ കണ്ട വീഡിയോ നീക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രമുഖ യൂട്യൂബറായ ക്യാരിമിനിയാറ്റിയുടെ ആരാധകരും മറ്റും ടിക്ടോക് റേറ്റിംഗ് കുറച്ച് പ്ലേസ്റ്റോറില്‍ പ്രതിഷേധം തുടങ്ങിയത്.

ഇതിനിടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് വന്നത്. ടിക്ടോക്കിലെ താരമായ അമീര്‍ സിദ്ദിഖിയുടെ സഹോദരന്‍ ഫൈസല്‍ സിദ്ദിഖിയുടെ ഒരു ടിക്ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. സ്ത്രീകള്‍ക്കെതിരായ അസിഡ് ആക്രമണങ്ങളെ ഫൈസല്‍ സിദ്ദിഖി മഹത്വവത്കരിക്കുന്നു എന്നതാണ് വീഡിയോയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം. ഇത് ഇപ്പോഴും ടിക്ടോക് നിലനിര്‍ത്തിയത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സംഭവം ഹിന്ദി ചാനലുകളില്‍ അടക്കം വാര്‍ത്തയായി. ഇതോടെയാണ് #tiktokexposed എന്ന ഹാഷ്ടാഗ് വൈറലായത്.  

റിപ്പബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ടിക്ടോക് ഇന്ത്യയില്‍ നിരോധിക്കണം എന്ന് തുറന്നടിച്ചു. ഇതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന പോരിലേക്ക് നീങ്ങിയിരിക്കുകയാണ് ടിക്ടോക് യൂട്യൂബ് പോര്. ശരിക്കും ടിക്ടോക് യൂട്യൂബ് പോര് എന്നതിനപ്പുറം ടിക്ടോക്ക് നിരോധനം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് എത്തിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍ വികസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ടിക്ടോക്ക് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ വിവാദം തലപൊക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

Follow Us:
Download App:
  • android
  • ios