Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ സ്റ്റേഡിയ വരുന്നു: ഇനി ഗെയിമിങ് രംഗത്ത് കളിമാറും.!

ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിനു ഗൂഗിള്‍ സ്‌റ്റേഡിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ നവംബര്‍ 19 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇതു ലഭ്യമായി തുടങ്ങും. ഔദ്യോഗിക സമാരംഭത്തിന് മുന്നോടിയായി ഗൂഗിള്‍ സ്‌റ്റേഡിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Google Reveals Stadia Launch Lineup of 12 Games
Author
Google, First Published Nov 12, 2019, 5:31 PM IST

ന്യൂയോര്‍ക്ക്: ഗെയിമിങ് സാധ്യതകള്‍ മുന്നില്‍ കണ്ട് ഗൂഗിളിന്‍റെ പുതിയ നീക്കം ഏറ്റവും ജനപ്രിടമായ ഗെയിമുകള്‍ അതിന്‍റെ എല്ലാ സവിശേഷതകളോടും കൂടി ഒരു പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന പുതിയ പദ്ധതിക്ക് ഉടന്‍ തുടക്കമാകുന്നു. ഗൂഗിളിന്റെ സ്വന്തം ഡിവൈസുകളില്‍ മാത്രമാണ് ഇതു ലഭ്യമാകുക എന്നൊരു പോരായ്മയുണ്ടെങ്കിലും വൈകാതെ ഇത് മറ്റിടത്തേക്കും വ്യാപിക്കാനാണ് കമ്പനിയുടെ ഉദ്ദേശമെന്നു സൂചനയുണ്ട്.

ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിനു ഗൂഗിള്‍ സ്‌റ്റേഡിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ നവംബര്‍ 19 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇതു ലഭ്യമായി തുടങ്ങും. ഔദ്യോഗിക സമാരംഭത്തിന് മുന്നോടിയായി ഗൂഗിള്‍ സ്‌റ്റേഡിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാലിത് മുഴുവന്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. മറിച്ച്, പിക്‌സല്‍ 4, പിക്‌സല്‍ 3 എ, പിക്‌സല്‍ 3 എ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ ഉടമകള്‍ക്കു മാത്രമേ ഇതു ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ അനുവദിക്കുന്നുള്ളു. ഗൂഗിള്‍ സെര്‍വറുകളില്‍ നിന്ന് ജനപ്രിയ ഗെയിമുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാന്‍ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

സ്‌റ്റേഡിയ ഉപയോഗിക്കുന്നതിനായി അനുയോജ്യമായ ഉപകരണത്തിനൊപ്പം കുറഞ്ഞത് 10 എംബിപിഎസ് വേഗതയുള്ള ഒരു ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമുണ്ട്. മുകളില്‍ സൂചിപ്പിച്ച പിക്‌സല്‍ ഫോണുകള്‍ക്ക് പുറമെ ക്രോം ഒഎസ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളായ പിക്‌സല്‍ സ്ലേറ്റ്, ഏസര്‍ ക്രോംബുക്ക് ടാബ് 10, എച്ച്പി ക്രോംബുക്ക് എക്‌സ്2 എന്നിവയും ഉള്‍പ്പെടുന്നു. ഗൂഗിളിന്റെ ഗെയിമുകള്‍ കളിക്കാന്‍ യുഎസില്‍ ഒരു മാസം 9.99 ഡോളര്‍ (ഏകദേശം 690 രൂപ), കാനഡയില്‍ 11.99 ഡോളര്‍ (ഏകദേശം 860 രൂപ), യൂറോപ്പില്‍ 9.99 യൂറോ (ഏകദേശം 790 രൂപ) ഉപയോക്താവിനു ചിലവാകും. സ്‌റ്റേഡിയ ബേസ്, സ്‌റ്റേഡിയ പ്രോ എന്നിങ്ങനെ രണ്ടു രീതിയിലാണ് ഈ സേവനം ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഇതില്‍ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ്. സൗജന്യ ശ്രേണിയാണ് സ്‌റ്റേഡിയ ബേസ്. എന്നാല്‍ അത് 2020 ന് മുമ്പ് വരുന്നില്ലെന്നാണ് സൂചന.

സ്‌റ്റേഡിയ ബേസില്‍ സൗജന്യ ഗെയിമുകള്‍ അധികം ഉള്‍പ്പെടുത്താന്‍ ഗൂഗിളിനു പദ്ധതിയില്ല. അതില്‍ ഇപ്പോള്‍ ഡെസ്റ്റിനി 2 ഉള്‍പ്പെടുന്നു, ഒപ്പം ഇന്‍ഗെയിം വാങ്ങലുകളുടെ കിഴിവുകളും, ഇവയെല്ലാം പ്രോ സേവന വരിക്കാര്‍ക്ക് ലഭ്യമാകും. സ്‌റ്റേഡിയ പ്രീമിയര്‍ പതിപ്പും ഉണ്ട്. അതില്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് അള്‍ട്ര, ഒരു സ്‌റ്റേഡിയ കണ്‍ട്രോളര്‍, സ്‌റ്റേഡിയ പ്രോയുടെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. സ്‌റ്റേഡിയ പ്രീമിയര്‍ പതിപ്പ് സ്മാര്‍ട്ട് ടിവികളിലും പിന്തുണയ്ക്കുന്ന മറ്റ് ഉപകരണങ്ങളിലും 4 എഫ് റെസല്യൂഷനില്‍ 60 എഫ്പിഎസ് വരെ ഫ്രെയിം വേഗതയും എച്ച്ഡിആര്‍, സറൗണ്ട് സൗണ്ട് 5.1 എന്നിവയോടെ ലഭ്യമാക്കും. 

ഗൂഗിള്‍ സ്‌റ്റേഡിയയില്‍ ആകെ 38 ഗെയിമുകളാണ് പ്രാരംഭഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അസ്സാസിന്‍സ് ക്രീഡ് ഒഡീസി, ബല്‍ഡൂര്‍സ് ഗേറ്റ് 3, ബോര്‍ഡര്‍ലാന്‍ഡ്‌സ് 3, സൈബര്‍പങ്ക് 2077, ഡാര്‍ക്ക്‌സൈഡേഴ്‌സ് ജെനസിസ്, ഡെസ്റ്റിനി 2: കളക്ഷന്‍സ്, ഡിസ്‌ട്രോയി ഓള് ഹ്യൂമന്‍സ്, ഡൂം, ഡൂം എറ്റേണല്‍, ഫാര്‍മിംഗ് സിമുലേറ്റര്‍ 19, ഫൈനല്‍ ഫാന്റസി എക്‌സ് വി, ഫുട്‌ബോള്‍ മാനേജര്‍ 2020, ഗെറ്റ് പായ്ക്ക്ഡ്, ഗോസ്റ്റ് റീകണ്‍ ബ്രേക്ക്‌പോയിന്റ്, ഗോഡ്‌സ് & മോണ്‍സ്‌റ്റേഴ്‌സ്, ഗ്രിഡ്, ജിവൈഎല്‍ടി, ജസ്റ്റ് ഡാന്‍സ് 2020, കൈന്‍, മാര്‍വെല്‍സ് അവഞ്ചേഴ്‌സ്, മെട്രോ എക്‌സോഡസ്, മോര്‍ട്ടല്‍ കോമ്പാറ്റ് 11, എന്‍ബിഎ 2 കെ 20, ഓര്‍ക്കസ് മസ്റ്റ് ഡൈ 3, റേജ് 2, റെഡ് ഡെഡ് റിഡംപ്ഷന്‍ 2, റൈസ് ഓഫ് ടോംബ് റൈഡര്‍, ഷാഡോ ഓഫ് ടോംബ് റൈഡര്‍, സൂപ്പര്‍ഹോട്ട്, ദി ക്രൂ 2, എല്‍ഡര്‍ സ്‌ക്രോള്‍സ് ഓണ്‍ലൈന്‍, തമ്പര്‍, ടോം ക്ലാന്‍സി ദി ഡിവിഷന്‍ 2, ടോംബ് റൈഡര്‍: ഡെഫനിറ്റീവ് എഡിഷന്‍, ട്രയല്‍സ് റൈസിംഗ്, വാച്ച് ഡോഗ്‌സ് ലെജിയന്‍, വിന്‍ഡ്ജാമേഴ്‌സ് 2, വുള്‍ഫെന്‍സ്‌റ്റൈന്‍: യങ്ബ്ലൂഡ് എന്നിവ തുടക്കത്തില്‍ 14 രാജ്യങ്ങളില്‍ ലഭ്യമാകും.

 ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, അയര്‍ലന്‍ഡ്, നെതര്‍ലാന്റ്‌സ്, നോര്‍വേ, സ്‌പെയിന്‍, സ്വീഡന്‍, യുകെ, യുഎസ് എന്നിവയാണത്. ഇന്ത്യയില്‍ സ്റ്റേഡിയ അടുത്ത വര്‍ഷമേ ലഭ്യമാകൂ. ഗൂഗിള്‍ ഗാഡ്ജറ്റുകള്‍ ഇന്ത്യയില്‍ അത്ര ജനപ്രിയമല്ലാത്തതിനാലാണ് സ്‌റ്റേഡിയ രാജ്യത്ത് എത്താന്‍ വൈകുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യക്കാര്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്നു സാരം.
 

Follow Us:
Download App:
  • android
  • ios