ഉപയോക്താക്കൾക്ക് ഗൂഗിൾ ലെൻസ് വഴി ചിത്രങ്ങള്‍ റീഡയറക്‌ട് ചെയ്യാനാകും, സെർച്ച് ടൂൾ ഇൻപുട്ടായി ടൈപ്പിംഗിന് പുറമെ വോയ്‌സ് പിന്തുണയും ലഭ്യമാണ്

ദില്ലി: ഇന്ത്യയിലും ഗൂഗിൾ സെർച്ച് എഞ്ചിനില്‍ എഐ മോഡ് അവതരിപ്പിച്ചു. യുഎസിലാണ് ഈ ഫീച്ചർ കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. അമേരിക്കയ്ക്ക് ശേഷം എഐ മോഡ് ഗൂഗിള്‍ അവതരിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. യുഎസിലെ ഉപയോക്താക്കളിൽ നിന്ന് വളരെ നല്ല പ്രതികരണം ലഭിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ഗൂഗിൾ ലാബ്‌സിന് കീഴിൽ ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷയിൽ പുത്തന്‍ എഐ ഫീച്ചര്‍ ലഭ്യമാക്കിയത്. ഗൂഗിള്‍ ലെന്‍സുമായി സംയോജിപ്പിച്ച ഇമേജ്-അധിഷ്‌ഠിത അന്വേഷണവും ഇന്ത്യയില്‍ ലഭ്യമാകും.

ഗൂഗിളിന്‍റെ പുതിയ AI മോഡ് ഉപയോക്താക്കളെ ദീർഘവും സങ്കീർണ്ണവും വിശദവുമായ ചോദ്യങ്ങൾ അനായാസം ചോദിച്ചറിയാന്‍ അനുവദിക്കുന്നു. മുമ്പ് അവയ്ക്ക് വ്യക്തമായി ഉത്തരം ലഭിക്കാന്‍ ഒന്നിലധികം തിരയലുകൾ ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിവന്നിരുന്ന സ്ഥാനത്താണിത്. ജെമിനി 2.5 ലാർജ് ലാംഗ്വേജ് മോഡലിന്‍റെ (LLM) ഒരു കസ്റ്റം പതിപ്പ് ഉപയോഗിച്ചാണ് ഈ എഐ മോഡ് പ്രവർത്തിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ പുത്തന്‍ ഫീച്ചര്‍ നേറ്റീവ് തിങ്കിംഗ് ശേഷിയോടെയാണ് എഐ മോഡ് വരുന്നതെന്നും ഗൂഗിൾ പറയുന്നു. നിങ്ങളുടെ ഒരു സെര്‍ച്ചിനെ നിരവധി വിഷയങ്ങളായി തിരിച്ച് ഒരേസമയം ഒന്നിലധികം സെര്‍ച്ചുകള്‍ നടത്തി ഉത്തരം നല്‍കുന്നതാണ് പുത്തന്‍ രീതി. ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഷോപ്പിംഗ് സംബന്ധിയായ വിവരങ്ങൾ നിങ്ങൾക്ക് ഇത്തരത്തില്‍ അനായാസം കണ്ടെത്താനാകും എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം.

എഐ മോഡ് വഴിയുള്ള സെര്‍ച്ചിന് മൾട്ടിമോഡൽ പിന്തുണ ഗൂഗിള്‍ നല്‍കുന്നു. സെര്‍ച്ചിനായി വോയിസ് മോഡിലൂടെയോ ടൈപ്പ് ചെയ്തോ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌തോ നിങ്ങൾക്ക് എഐ മോഡ് ഉപയോഗിക്കാം. ഡെസ്‌ക്‌ടോപ്പുകളിലെ വെബ്‌സൈറ്റ് വ്യൂവിലും ഗൂഗിൾ ആപ്പ് വഴിയും നിലവിൽ സെര്‍ച്ച് എഐ മോഡ് ലഭ്യമാണ്.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News