ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ മറ്റ് സൈറ്റുകളില്‍ എംബഡ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരെ ഇന്‍സ്റ്റഗ്രാമിന്‍റെ മുന്നറിയിപ്പ്. ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ ഇന്‍സ്റ്റഗ്രാമിലെ ഒരു യൂസറുടെ ഫോട്ടോകള്‍ മറ്റൊരു സൈറ്റില്‍ എംബഡ് ചെയ്ത് ഉപയോഗിച്ചാല്‍ അത് പകര്‍പ്പവകാശ ലംഘനമാണ് എന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്.

ഏറെ ജനപ്രിയ ഫോട്ടോഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. എന്നാല്‍ ഏത് യൂസറുടെ ഫോട്ടോയാണോ എംബഡ് ചെയ്യുന്നത്. അയാളുടെ അനുമതി വാങ്ങിയ ശേഷം എംബഡ് ചെയ്യാം എന്ന് ഇന്‍സ്റ്റഗ്രാം അറിയിക്കുന്നുണ്ട്.

അനുമതി വാങ്ങാതെ ചിത്രം ഇന്‍സ്റ്റഗ്രാമിന് പുറത്തുള്ള ഒരു വെബ് സൈറ്റില്‍ ഉപയോഗിച്ചാല്‍ അത് ഗുരുതരമായ കോപ്പിറൈറ്റ് ലംഘനമാണെന്നും, ഇത് സംബന്ധിച്ച് യൂസര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. 

എആര്‍എസ് ടെക്നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഉപയോക്താക്കള്‍ക്ക് തന്നെ അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സംബന്ധിച്ച കോപ്പി റൈറ്റ് അവകാശങ്ങളും നല്‍കുന്നു എന്നാണ് പറയുന്നത്. ഇന്‍സ്റ്റഗ്രാമിന്‍റെ ഇപ്പോഴത്തെ  കോപ്പിറൈറ്റ് നിയമങ്ങള്‍ പ്രകാരം ഒരു ചിത്രത്തിന്‍റെ  എംബഡ് എപിഐയുടെ കോപ്പിറൈറ്റ് സബ് ലൈസന്‍സിന് യൂസറും അവകാശിയാണെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഇത് പ്രകാരം ഒരു ചിത്രം ഒരു പ്ലാറ്റ്ഫോമില്‍ നിന്നും തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമിലേക്ക് എംബഡ് ചെയ്യാന്‍ ഉപയോക്താവിന്‍റെ സമ്മതം ആവശ്യമാണ്.

അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം ചിത്രത്തിന്‍റെ ഉപയോഗം സംബന്ധിച്ച് ന്യൂസ് വീക്ക് എന്ന പ്രസിദ്ധീകരണത്തിന് ന്യൂയോര്‍ക്ക് കോടതിയില്‍ നിന്നും റൂളിംഗ് ലഭിച്ചതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിന്‍റെ നടപടി. ഇതുവരെ എംബഡ് പ്രൈവറ്റാക്കി വയ്ക്കാനുള്ള സംവിധാനമാണ് യൂസര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇത് ഇന്‍സ്റ്റഗ്രാം പോസ്റ്റ് റീച്ചിനെ ബാധിക്കുമായിരുന്നു.