ഡെവലപ്പർമാർക്ക് കുറഞ്ഞ ചെലവിൽ നൂതന എഐ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിനായിട്ടാണ് ഓപ്പൺഎഐ രണ്ട് പുതിയ ഓപ്പൺ-വെയ്റ്റ് എഐ മോഡലുകൾ പുറത്തിറക്കിയത്
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട്, ഓപ്പൺഎഐ രണ്ട് പുതിയ ഓപ്പൺ-സോഴ്‌സ് എഐ മോഡലുകളായ ജിപിടി-ഒഎസ്എസ്-120ബി, ജിപിടി-ഒഎസ്എസ്-20ബി എന്നിവ ഔദ്യോഗികമായി പുറത്തിറക്കി. ഡെവലപ്പർമാർക്ക് കുറഞ്ഞ ചെലവിൽ നൂതന എഐ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിനായിട്ടാണ് ഓപ്പൺഎഐ രണ്ട് പുതിയ ഓപ്പൺ-വെയ്റ്റ് എഐ മോഡലുകൾ പുറത്തിറക്കിയത്. ഈ രണ്ട് മോഡലുകളും മികച്ചതാണെന്നും ലാപ്‌ടോപ്പുകൾ പോലുള്ള സാധാരണ ഡിവൈസുകളിൽ പോലും ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. അതായത് ഇന്‍റർനെറ്റിന്‍റെയോ ക്ലൗഡിന്‍റെയോ ആവശ്യമില്ല.
ഓപ്പൺ-വെയ്റ്റ് മോഡൽ എന്നത് ഒരു എഐ മോഡലാണ്. ഇതിൽ പരിശീലനം ലഭിച്ച മോഡൽ വെയ്‌റ്റുകൾ (പാരാമീറ്ററുകൾ) കമ്പനി പരസ്യമായി പുറത്തിറക്കുന്നു. ഇത് ഡെവലപ്പർമാർ, ഗവേഷകർ ഉൾപ്പെടെയുള്ള ആർക്കും സ്വന്തം ഇൻഫ്രാസ്ട്രക്ചർ അനുസരിച്ച് ഈ മോഡലുകൾ ഡൗൺലോഡ് ചെയ്യാനും പ്രവർത്തിപ്പിക്കാനും പരിഷ്‌ക്കരിക്കാനും ഫൈൻ-ട്യൂൺ ചെയ്യാനും അനുവദിക്കുന്നു. ഒ ജിപിടി-2 വിന് ശേഷം ഓപ്പൺഎഐ ഒരു ഓപ്പൺ-വെയ്റ്റ് മോഡൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഈ മോഡലുകളുടെ പാരാമീറ്ററുകൾ പൂർണ്ണമായും തുറന്നിരിക്കുന്നതിനാൽ ഡെവലപ്പർമാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവ ഇഷ്‌ടാനുസൃതമാക്കാൻ കഴിയും. പ്രകടനത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഈ മോഡലുകൾ എന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ ലോഞ്ച് പുതിയ തരം ഗവേഷണങ്ങൾക്കും പുതിയ തരം ഉൽപ്പന്നങ്ങളുടെ സൃഷ്‍ടിക്കും പ്രാപ്‍തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു എക്സ് പോസ്റ്റിലൂടെ പുതിയ മോഡലുകൾ പ്രഖ്യാപിച്ചുകൊണ്ട് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. ഓപ്പൺഎഐയുടെ gpt-oss-120b, gpt-oss-20b മോഡലുകൾ അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ ലഭ്യമാണ്. വലിയ മോഡലായ gpt-oss-120b, ഓപ്പൺഎഐയുടെ പ്രൊപ്രൈറ്ററി o4-മിനി മോഡലിന്‍റെ പ്രകടനവുമായി പൊരുത്തപ്പെടുമെന്ന് അവകാശപ്പെടുന്നു. അതേസമയം ചെറിയ gpt-oss-20b പരിമിതമായ ഹാർഡ്‌വെയർ ഉള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. രണ്ട് മോഡലുകളും യുക്തിസഹമായ ജോലികൾക്കായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. കൂടാതെ ചാറ്റ്ബോട്ടുകൾ നിർമ്മിക്കുന്നതിനും കോഡിംഗ് സഹായത്തിനും മറ്റ് എഐ പവർ ഉപകരണങ്ങൾക്കും ഉപയോഗിക്കാം.
gpt-oss-120b മോഡലിന് 80 ജിബി ജിപിയുവിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്ന് ഓപ്പൺ എഐ പറയുന്നു. അതേസമയം gpt-oss-20b വെറും 16 ജിബി മെമ്മറിയുള്ള ഡിവൈസുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. രണ്ട് മോഡലുകൾക്കും യുക്തിസഹമായ റീസണിംഗ്, ഫംഗ്ഷൻ കോളിംഗ്, ടൂൾ ഉപയോഗം എന്നിവ സാധിക്കുമെന്ന് ഓപ്പൺ എഐ പറയുന്നു. വേഗതയും പ്രകടനവും സന്തുലിതമാക്കുന്നതിന് ടാസ്‌ക്കിനെ ആശ്രയിച്ച് റീസണിംഗ് ശ്രമങ്ങൾ ക്രമീകരിക്കാനും അവയ്ക്ക് കഴിയും. ഈ മോഡലുകൾക്കായി സുരക്ഷാ പരിശീലനവും വിലയിരുത്തലുകളും നടത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.


