മെല്‍ബണ്‍: മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കാണിക്കുന്നതിന് പ്രദേശിക മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിയമത്തിനെതിരെ ഭീഷണിയുമായി ഗൂഗിള്‍ രംഗത്ത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ച് സേവനങ്ങള്‍ അവസാനിപ്പിക്കും എന്നാണ് ഗൂഗിളിന്‍റെ ഭീഷണി. ഇത് സംബന്ധിച്ച് മാസങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവാണ് ഗൂഗിളിന്‍റെ ഭീഷണി.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജറായ ഓസ്ട്രേലിയ ന്യൂസിലന്‍റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ ഈ പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്ന് അറിയിച്ചു. അതേ സമയം ഇത്തരം ഒരു നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയിലെ സെര്‍ച്ചിംഗ് സേവനം അവസാനിപ്പിക്കേണ്ടിവരും ഗൂഗിള്‍ മേധാവി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ ഓണ്‍ലൈന്‍ സെര്‍ച്ചിന്‍റെ 94 ശതമാനം ഗൂഗിള്‍ വഴിയാണ് നടക്കുന്നത് എന്നാണ് കണക്ക്.

എന്നാല്‍ ഇത്തരം ഭീഷണികളോട് പ്രതികരിക്കാനില്ലെന്നാണ് ഇതിനോട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ് പ്രതികരിച്ചത്. നിങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലാണ് ഓസ്ട്രേലിയ നിയമം ഉണ്ടാക്കുന്നത്, അത് ഞങ്ങളുടെ പാര്‍ലമെന്‍റും സര്‍ക്കാറും ചെയ്യുന്നതാണ്. ഓസ്ട്രേലിയയില്‍ കാര്യങ്ങള്‍ നടക്കുന്നത് അങ്ങനെയാണ്- ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറയുന്നു.

ഗൂഗിളിന്‍റെ വഴിയില്‍ തന്നെയാണ് ഫേസ്ബുക്കും പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് അതിന്‍റെ മാധ്യമങ്ങള്‍ക്ക് പണം നല്‍കണം എന്ന നിയമം വന്നാല്‍ തീര്‍ച്ചയായും ഓസ്ട്രേലിയക്കാരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥയാകും ഫേസ്ബുക്ക് മേധാവികള്‍ പാര്‍ലമെന്‍റ് കമ്മിറ്റിയോട് പറഞ്ഞു.

അതേ സമയം നിയമം നടപ്പിലാക്കാനുള്ള പദ്ധതികളില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലപാട്. പുതിയ നിയമം ന്യായമുള്ളതും, ഡിജിറ്റല്‍ ലോകത്ത് അത്യവശ്യമാണെന്നുമാണ് ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍‍ കമ്മീഷന്‍റെ അഭിപ്രായം. രാജ്യത്തെ മാധ്യമങ്ങളുടെ നിലനില്‍പ്പിന് ഇത് അത്യവശ്യമാണെന്നും ഇവര്‍ പറയുന്നു. വാര്‍ത്തകള്‍ക്ക് നല്‍കേണ്ട പ്രതിഫലം ഇപ്പോഴത്തെ നിയമപ്രകാരം ഗൂഗിളിനും ഫേസ്ബുക്കിനും തീരുമാനിക്കാം. എന്നാല്‍ അത് സാധിക്കാത്ത പക്ഷം സര്‍ക്കാര്‍ ഇടപെടും.