Asianet News MalayalamAsianet News Malayalam

ഒരൊറ്റ ആധാർ ഉപയോഗിച്ച് എടുത്തത് 658 സിം കാർഡുകൾ; ഉടമകളറിയാതെ എടുത്ത സിമ്മുകള്‍ റദ്ദാക്കണം, ചെയ്യേണ്ടത് ഇങ്ങനെ

ഓരോരുത്തരുടെയും പേരിലുള്ള സിം കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കണമെന്നും ഇപ്പോള്‍ ഉപയോഗിക്കാത്തതോ അജ്ഞാതമായതോ ആയ നമ്പറുകള്‍ സ്വന്തം പേരിലുണ്ടെങ്കില്‍ അവ റദ്ദാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടതിന് ശേഷം സിം കാര്‍ഡുകള്‍ റദ്ദാക്കാനുള്ള നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. 

658 mobile connections taken using a single id proof people advised to check the connections in their name afe
Author
First Published Aug 11, 2023, 6:26 PM IST

ഡല്‍ഹി: ഒരാളുടെ ആധാര്‍ ഉപയോഗിച്ച് അയാള്‍ പോലുമറിയാതെ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തി റദ്ദാക്കുന്ന നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറിലധികം കണക്ഷനുകള്‍ ഒരൊറ്റ ആധാറില്‍ അടുത്തിട്ടുള്ള നിരവധി സംഭവങ്ങള്‍ തമിഴ്നനാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ തമിഴ്നാട് സൈബര്‍ ക്രൈം വിങ് 25,135 സിം കാര്‍ഡുകള്‍ ഇത്തരത്തില്‍ റദ്ദാക്കി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്തതും തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതുമായ സിം കാര്‍ഡുകളാണ് ഇങ്ങനെ കണ്ടെത്തി റദ്ദാക്കിയത്.

വിജയവാഡയില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 658 സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. മൊബൈല്‍ സിം കാര്‍ഡുകള്‍, കടകള്‍ക്കും കിയോസ്‍കുകള്‍ക്കും വിതരണം ചെയ്തിരുന്ന ഒരാളുടെ പേരിലാണ് ഇത്രയും സിം കാര്‍ഡുകള്‍ ആക്ടീവായുള്ളതെന്നാണ് കണ്ടെത്തിയത്. ഓരോരുത്തരുടെയും പേരിലുള്ള സിം കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കണമെന്നും ഇപ്പോള്‍ ഉപയോഗിക്കാത്തതോ അജ്ഞാതമായതോ ആയ നമ്പറുകള്‍ സ്വന്തം പേരിലുണ്ടെങ്കില്‍ അവ റദ്ദാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടതിന് ശേഷം സിം കാര്‍ഡുകള്‍ റദ്ദാക്കാനുള്ള നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. 

സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ട് ASTR (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഫേഷ്യല്‍ റെകഗ്നിഷന്‍ പവേര്‍ഡ് സൊലൂഷന്‍ ഫോര്‍ ടെലികോം സിം സബ്‍സ്ക്രൈബര്‍ വെരിഫിക്കേഷന്‍) എന്ന സംവിധാനമാണ് ടെലികോം വകുപ്പ് കൊണ്ടുവന്നത്. സംശയകരമായ സിം കാര്‍ഡുകള്‍ പരിശോധിച്ച് ബ്ലോക്ക് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നും സിം കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് അവ ഉപയോഗിച്ച് എടുത്ത മറ്റ് കണക്ഷനുകള്‍ സ്വമേധയാ കണ്ടെത്തുന്നതാണ് ഇതിന്റെ രീതി. 

വ്യക്തികള്‍ക്ക് ടെലികോം വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്‍സൈറ്റിലൂടെ തങ്ങളുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്താനും സാധിക്കും. ഇതിനായി ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്ന പേരില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ ആധാര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള കണക്ഷനുകള്‍ ഇതിലൂടെ കണ്ടെത്താനാവും. 

https://tafcop.dgtelecom.gov.in/ എന്ന വെബ്‍സൈറ്റിലൂടെ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി നല്‍കുന്നതോടെ നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാര്‍ഡുകളുടെ വിവരങ്ങള്‍ ദൃശ്യമാവും. 

Read also:  '2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണം മാറും, വനിത പ്രധാനമന്ത്രിയാകും'; പ്രവചനവുമായി ജ്യോതിഷി

Follow Us:
Download App:
  • android
  • ios