Asianet News MalayalamAsianet News Malayalam

'6ജി ടെക്നോളജി ഇന്ത്യ സ്വയം വികസിപ്പിക്കും; വിദേശ രാജ്യങ്ങള്‍ക്ക് നല്‍കും'

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 6ജി ടെക്നോളജി 2023 അവസാനത്തോടെയോ, 2024 ആദ്യത്തോടെയോ പൂര്‍ത്തിയാകും

6G technology is expected to launch in India by 2023-24
Author
New Delhi, First Published Nov 24, 2021, 10:47 PM IST

ദില്ലി: 5ജി കാലത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്ന രാജ്യത്തിന് മുന്നിലേക്ക് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. 6ജി ടെക്നോളജി (6G Technology) ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കും എന്നാണ് വെളിപ്പെടുത്തല്‍. കേന്ദ്ര ടെലികോം കമ്യൂണിക്കേഷന്‍ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw) ആണ് ഈ കാര്യം അറിയിച്ചത്. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 6ജി ടെക്നോളജി 2023 അവസാനത്തോടെയോ, 2024 ആദ്യത്തോടെയോ പൂര്‍ത്തിയാകും എന്നാണ് ഇദ്ദേഹം പറയുന്നത്. 6ജി ടെക്നോളജി വികസിപ്പിക്കാനുള്ള ശാസ്ത്രീയ, സാങ്കേതി പരീക്ഷണങ്ങള്‍ക്കുള്ള അനുമതികള്‍ കേന്ദ്രം ഇതിനകം നല്‍കി കഴിഞ്ഞുവെന്ന് മന്ത്രി വെളിപ്പെടുത്തി. 

'6ജി വികസനം ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു, 2024 ആദ്യം അല്ലെങ്കില്‍ 2023 അവസാനം അത് പൂര്‍ത്തിയാകും. ആ രീതിയിലാണ് അതിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നെറ്റ്വവര്‍ക്കുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സോഫ്റ്റ്ലെയറുകള്‍, അതിന്‍റെ ഉപകരണങ്ങള്‍ എല്ലാം ഇന്ത്യയില്‍ വികസിപ്പിച്ച് ആഗോളതലത്തില്‍ തന്നെ ലഭ്യമാക്കുവാന്‍ നമ്മുക്ക് സാധിക്കും' - ഒരു ദേശീയ മാധ്യമത്തിന്‍റെ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

2022 മൂന്നാം പാദത്തില്‍ ലഭ്യമാക്കുന്ന രീതിയില്‍ രാജ്യത്ത് 5ജി സംവിധാനങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിന് അനുസൃതമായി 2022 രണ്ടാം പാദത്തോടെ തന്നെ 5ജി സ്പെക്ട്രം ലേലം പൂര്‍ത്തിയാക്കുമെന്നും ടെലികോം മന്ത്രി അറിയിച്ചു. 

ട്രായിക്ക് 5ജി ലേലത്തിനുള്ള റഫറന്‍സ് നല്‍കി കഴിഞ്ഞു. അതിനുള്ള കൂടിയാലോചനകള്‍ സംഘടിപ്പിക്കുകയാണ് ട്രായി ഇപ്പോള്‍. ഈ പ്രക്രിയ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ തീരും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇത് 49 ശതമാനമായിരുന്നു. 

Follow Us:
Download App:
  • android
  • ios