Asianet News MalayalamAsianet News Malayalam

കൊവിഡ് കേസുകള്‍ മറച്ചുവച്ചു; ആമസോണിന് പിഴ ശിക്ഷ

കാലിഫോര്‍ണിയയിലെ ആമസോണിന്‍റെ തൊഴിലിടങ്ങളിലെ കൊവിഡ് കേസ് വിവരങ്ങളാണ് കമ്പനി പൂഴ്ത്തിയതായി കണ്ടെത്തിയത്. 

Amazon fined 3.71 Crore for failing to notify California workers about COVID-19 cases
Author
Amazon Corporate Headquarters, First Published Nov 16, 2021, 7:19 PM IST

ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കൊവിഡ് (Covid 19) വിവരങ്ങള്‍ ഒളിച്ചുവച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് (Amazon) പിഴ ശിക്ഷ. കൊവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് 5 ലക്ഷം ഡോളര്‍ (ഏതാണ്ട് 3.71 കോടി രൂപ) ആമസോണിന് പിഴ ചുമത്തിയത്. സഹപ്രവര്‍ത്തകരുടെ കൊവിഡ് വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കുന്നതില്‍ ആമസോണ്‍ പരാജയപ്പെട്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

കാലിഫോര്‍ണിയയിലെ ആമസോണിന്‍റെ തൊഴിലിടങ്ങളിലെ കൊവിഡ് കേസ് വിവരങ്ങളാണ് കമ്പനി പൂഴ്ത്തിയതായി കണ്ടെത്തിയത്. കാലിഫോര്‍ണിയ സംസ്ഥാനത്തിലെ ആരോഗ്യ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ കോടതിയാണ് നടപടി എടുത്ത് പിഴ ചുമത്തിയത് എന്നാണ് ലോസ് അഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നടപടിയെ തുടര്‍ന്ന് ഇനി മുതല്‍ കൊവിഡ് കേസുകള്‍ പ്രദേശിക ആരോഗ്യ ഏജന്‍സിയുമായി കൃത്യമായി പങ്കുവയ്ക്കാനും, പിഴ അടയ്ക്കാനും ആമസോണ്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ കൊവിഡ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരമാണ് ആമസോണിന് പിഴ വിധിച്ചിരിക്കുന്നത്. ഈ നിയമപ്രകാരം തൊഴിലുടമ ഒരോ ദിവസത്തെയും തൊഴിലാളികള്‍ക്കിടയിലെ കൊവിഡ് കേസുകള്‍ മറ്റ് തൊഴിലാളികളെ അറിയിക്കണം. ഇത് കൂടാതെ 48 മണിക്കൂറിനുള്ളില്‍ തൊഴിലാളികള്‍ക്കിടയിലെ കൊവിഡ് കേസുകള്‍ പ്രദേശിക ആരോഗ്യ ഏജന്‍സികളെയും അറിയിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു.

ഇപ്പോള്‍ വന്ന കോടതിയുടെ നിര്‍ദേശ പ്രകാരം ആമസോണ്‍ കാലിഫോര്‍ണിയയിലെ തങ്ങളുടെ വെയര്‍ഹൌസ് ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകരിലെ കൊവിഡ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ആമസോണിനെതിരെ ഉയര്‍ന്ന പരാതി കോടതിക്ക് ബോധ്യമായതിനാലാണ് പിഴ ചുമത്തിയത് എന്നാണ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട പറയുന്നത്. 

Follow Us:
Download App:
  • android
  • ios