2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിൽ യൂട്യൂബിനും  ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഉള്ളടക്കം, അക്കൌണ്ട് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം 94 നിർദ്ദേശങ്ങൾ നൽകിയിരുന്നതായി മന്ത്രി വ്യക്തമാക്കുന്നു.

ദില്ലി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടപ്പിലാക്കിയ പുതിയ ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇതുവരെ വിവിധ ഉള്ളടക്കങ്ങളും അക്കൌണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ 105 തവണ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരാണ് ഈ കാര്യം അറിയിച്ചത്. 

2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിൽ യൂട്യൂബിനും ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഉള്ളടക്കം, അക്കൌണ്ട് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം 94 നിർദ്ദേശങ്ങൾ നൽകിയിരുന്നതായി മന്ത്രി വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിൽ പറയുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 2021 ഫെബ്രുവരി 25-ന് ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡുകളും) ചട്ടങ്ങൾ 2021 ("ഐടി നിയമങ്ങൾ, 2021") സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (മെയിറ്റി) എല്ലാ പാദത്തിലും സോഷ്യൽ മീഡിയ കമ്പനികളുടെ കംപ്ലയിൻസ് ഓഡിറ്റ് നടത്തുമെന്നും പറയുന്നുണ്ട്. നിലവിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എല്ലാ മാസവും ഐടി നിയമങ്ങൾ 2021 പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവിടെ വിവിധ പരാതികൾക്ക് മറുപടിയായി സ്വീകരിച്ച നടപടികളും അറിയിക്കേണ്ടതുണ്ട്.

മന്ത്രാലയം ഇപ്പോൾ എല്ലാ പാദങ്ങളിലും ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയകളെ ഓഡിറ്റ് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിന്‍റെ ഭാഗമായി, സോഷ്യൽ മീഡിയ കമ്പനികൾ അവരോട് ഉന്നയിക്കുന്ന പരാതികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും മന്ത്രാലയം പരിശോധിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കുരുക്ക് മുറുക്കുന്നതിനായി പരാതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കമ്പനികൾ എടുക്കുന്ന തീരുമാനങ്ങൾ അസാധുവാക്കാൻ അധികാരമുള്ള അപ്പീൽ പാനൽ രൂപീകരിക്കാൻ ബന്ധപ്പെട്ടവരോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഗ്രൂപ്പിലെ എല്ലാവരും തൂങ്ങിയേക്കാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്ട്സ്ആപ്പ്

ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍