Asianet News MalayalamAsianet News Malayalam

Clubhouse : 'നീലറൂമുകള്‍' സജീവം; എല്ലാ അതിരും ലംഘിക്കുന്ന അശ്ലീലം; ക്ലബ് ഹൗസില്‍ ന‍ടക്കുന്നത്

ഇത്തരം റൂമുകള്‍ 'ഹണി ട്രാപ്പ്' പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു

clubhouse redrooms make nuisance and law and order issue
Author
Thiruvananthapuram, First Published Apr 5, 2022, 5:55 PM IST

തിരുവനന്തപുരം: പുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൗസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അര്‍ധരാത്രികളില്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന 'റെഡ് റൂമുകള്‍' സജീവമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.കഴിഞ്ഞ സെപ്തംബറില്‍ ഇത്തരം വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഈ ആപ്പില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. 

ഇത്തരം റൂമുകള്‍ 'ഹണി ട്രാപ്പ്' പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. മലയാളികള്‍ അടക്കം ഇത്തരം റൂമുകള്‍ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള 'റെഡ് റൂമുകള്‍' സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്. 

ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.

അര്‍ധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുന്നത് എന്നാണ് കണ്ടെത്തല്‍. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളെ ഇത്തരം റൂമുകള്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 18 ന് മുകളില്‍ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളില്‍ പലപ്പോഴും കൗമരക്കാരാണ് കൂടുതല്‍‍ എന്നാണ് റിപ്പോര്‍ട്ട്. 

ചില ഗ്രൂപ്പുകളില്‍ ലൈംഗിക ശബ്ദങ്ങള്‍ വച്ചാണ് കേള്‍വിക്കാരെ കൂട്ടുന്നത്. പിന്നീട് മോഡേര്‍സിനെ ഫോളോ ചെയ്യാനും, പിന്‍ ചെയ്തിരിക്കുന്ന ലിങ്കുകള്‍ ഫോളോ ചെയ്യാനും പറയും. ചിലപ്പോള്‍ അത് ടെലഗ്രാം ഗ്രൂപ്പോ, ഇന്‍സ്റ്റ പേജുകളോ ആയിരിക്കാം. ഇത് ഫോളോ ചെയ്യുന്നവരെ പിന്നീട് പല തരത്തിലും ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ലൈവായ സംസാരം ആര്‍ക്കും കേള്‍ക്കാം, ഏത് ഗ്രൂപ്പിലും കയറാം എന്നതാണ് ക്ലബ് ഹൗസിന്‍റെ പ്രത്യേകത. അതിനാല്‍ തന്നെ ഇത്തരം റൂമുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. 

പുതുതായി ക്ലബ് ഹൗസില്‍ ചാറ്റിംഗ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും, ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല ലൈവ് സെക്സ് ചാറ്റ് ആപ്പുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ചൂണ്ടയായി ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടി എടുക്കാന്‍ ക്ലബ് ഹൗസിന് സാധിക്കുന്നില്ല എന്നതാണ് വിമര്‍ശകര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ബൗദ്ധിക രംഗത്ത് വന്‍ സംഭവമായി അവതരിപ്പിക്കപ്പെട്ട ആപ്പാണ് ക്ലബ് ഹൗസ്. ഇലോണ്‍ മസ്കിനെ പോലെയുള്ളവര്‍ നേരിട്ട് എത്തി സംവദിക്കുന്ന ഇത്തരം ഒരു ആശയം അതിവേഗമാണ് വളര്‍ന്നത്. അതിനാല്‍ തന്നെ ഫേസ്ബുക്ക് അടക്കമുള്ളവര്‍ ഇതിന്‍റെ 'റൂം' ആശയം കടമെടുത്തു പിന്‍കാലത്ത്.

എന്നാല്‍ 2021 മെയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ക്ലബ്ബഹൗസ് ഒന്നാം വാര്‍ഷികമാകും മുന്‍പ് അതിന്‍റെ പ്രതാപം വിട്ടൊഴിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഒപ്പം ആപ്പിനെ മറ്റൊരു രീതിയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും, രീതികളും വര്‍ദ്ധിക്കുന്നു. 

Follow Us:
Download App:
  • android
  • ios