Asianet News MalayalamAsianet News Malayalam

പിരിച്ചുവിടൽ മാത്രമല്ല, ബാക്കിയുള്ള ജീവനക്കാർക്കും പണികൊടുത്ത് മസ്ക്

ട്വിറ്റർ ജീവനക്കാർക്ക് തുടർച്ചയായ വൻ അടിയായിരിക്കുകയാണ് മസ്കിന്റെ പുതിയ നടപടി. ട്വിറ്റർ ഏറ്റെടുത്തത് മുതലുള്ള മസ്കിന്റെ നീക്കങ്ങളെല്ലാം ഏറെ വിമർശിക്കപ്പെട്ടിരുന്നു. 

Elon Musk cuts perks of remaining Twitter employees
Author
First Published Nov 25, 2022, 3:45 PM IST

ട്വിറ്റർ ജീവനക്കാർക്ക് തുടർച്ചയായ വൻ അടിയായിരിക്കുകയാണ് മസ്കിന്റെ പുതിയ നടപടി. ട്വിറ്റർ ഏറ്റെടുത്തത് മുതലുള്ള മസ്കിന്റെ നീക്കങ്ങളെല്ലാം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി ചർച്ചയാകുന്നത്. ട്വിറ്ററിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് മസ്ക്. ഇവരുടെ ജോലിഭാരം ഉയർത്തിയതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ എല്ലാം എടുത്തുകളഞ്ഞത്. 

ആരോഗ്യ പരിരക്ഷാ  ആനുകൂല്യങ്ങളും ഹോം ഇന്റെർനെറ്റ് ആനുകൂല്യങ്ങളുമടക്കം നിലവിൽ റദ്ദാക്കിയിരിക്കുന്നത്.  കമ്പനിയിലെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ മാറ്റങ്ങൾ വരുമെന്നാണ് വിവരം. ജീവനക്കാരോട് അതാത് ആഴ്ചകളിലെ തൊഴിൽ വിവരങ്ങൾ ഇമെയിൽ മുഖാന്തരം അറിയിക്കണമെന്ന നിർദേശവും ട്വിറ്റർ നൽകിയിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾക്ക് കാരണമെന്തെന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല. 

ട്വിറ്റർ ഏറ്റെടുത്ത ശേഷം ഏകദേശം 60 ശതമാനത്തോളം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടു. ഇനി പിരിച്ചുവിടലുണ്ടാകില്ലെന്നാണ് ട്വിറ്റർ നിലവിൽഅറിയിച്ചിരിക്കുന്നത്. നേരത്തെ ട്വിറ്ററിൽ കൂട്ടരാജിവെപ്പ് നടന്നിരുന്നു .പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ചാണ് നൂറുകണക്കിന് ജീവനക്കാർ കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയത്.  ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചിരിക്കുന്നത്. കമ്പനിയിൽ തുടരാൻ താല്പര്യമുള്ളവർ മസ്ക് മെയിൽ ചെയ്ത ഗൂഗിൾ ഫോമിൽ നൽകിയിരിക്കുന്ന സമ്മതപത്രത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ യെസ് എന്ന് രേഖപ്പെടുത്തണം. 

പിരിച്ചുവിടൽ പാക്കേജ് എല്ലാവർക്കും ലഭിക്കും.ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ മെയിലിനോട് പ്രതികരിക്കേണ്ടെന്നാണ് നിലവിലെ  ഭൂരിപക്ഷം ജീവനക്കാരുടെയും തീരുമാനം.

Read more: മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു. എലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  5,500 തൊഴിലാളികളിൽ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ  കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും അദ്ദേഹം പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു.

Follow Us:
Download App:
  • android
  • ios