Asianet News MalayalamAsianet News Malayalam

പേര് പോണ്‍ സൈറ്റിന് സമാനം: 'എക്സിനെ' ഇന്തോനേഷ്യ താൽക്കാലികമായി നിരോധിച്ചു

അശ്ലീലസാഹിത്യം, ചൂതാട്ടം തുടങ്ങിയ ഇന്തോനേഷ്യയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്ന വിവിധ സൈറ്റുകള്‍ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം

Elon Musk's 'X' Temporarily Banned In Indonesia vvk
Author
First Published Jul 27, 2023, 10:25 PM IST

ജക്കാര്‍ത്ത: ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മുന്‍പ് ട്വിറ്ററായിരുന്ന പേര് മാറിയ 'എക്സിനെ' ഇന്തോനേഷ്യ താൽക്കാലികമായി നിരോധിച്ചു. ഇന്തോനേഷ്യയിൽ മാത്രം ഏകദേശം 24 ദശലക്ഷം ഉപയോക്താക്കളുള്ള എക്സിനെതിരെ പേര് മാറ്റത്തിന് ശേഷം ശക്തമായ നടപടി എടുക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്തോനേഷ്യ.

മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ സൈറ്റായ ഇലോൺ മസ്‌കിന്റെ എക്‌സ് പോണ്‍ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക അശ്ലീല, ചൂതാട്ട നിരോധന നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇന്തോനേഷ്യയിൽ സോഷ്യൽ മീഡിയ സൈറ്റിനെതിരെ താല്‍ക്കാലിക നിരോധനം വന്നത് എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

അശ്ലീലസാഹിത്യം, ചൂതാട്ടം തുടങ്ങിയ ഇന്തോനേഷ്യയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്ന വിവിധ സൈറ്റുകള്‍ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം എന്ന് ഇന്തോനേഷ്യയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

എക്‌സിന്‍റെ അധികാരികള്‍ പ്രശ്‌നം പരിഹരിക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  X.com ഡൊമെയ്‌ൻ ഇപ്പോൾ ട്വിറ്ററിന്റെ ഉടമസ്ഥതയിലാണെന്ന് കാണിച്ച് അവർ ഉദ്യോഗസ്ഥർക്ക് കത്ത് നല്‍കുമെന്ന് ഇലോണ്‍ മസ്കിന്‍റെ കമ്പനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വരുന്നുണ്ട്. 

"ട്വിറ്ററിൽ നിന്നുള്ള പ്രതിനിധികളുമായി സംസാരിച്ചു, X.com ട്വിറ്റർ ഉപയോഗിക്കുമെന്ന് അറിയിക്കാൻ അവർ ഞങ്ങൾക്ക് ഒരു കത്ത് അയയ്ക്കും." - മന്ത്രാലയത്തിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ഉസ്മാൻ കൻസോംഗ്  ഇന്തോനേഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.

ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് ജൂലൈ 24നാണ്  ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയാണ് ട്വിറ്ററില്‍ ഇപ്പോള്‍. അക്ഷരാര്‍ത്ഥത്തില്‍ ട്വിറ്ററിന്‍റെ 'കിളി' പോയി, ട്വിറ്റർ ഇനി 'എക്സ്' എന്നാണ് അറിയപ്പെടുക.  ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ബ്രാൻഡാണ് ഇതോടെ ഇല്ലാതാകുന്നത്. എന്തായാലും നിരന്തരം മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന സംരംഭകന്‍ എന്ന നിലയില്‍ ട്വിറ്റര്‍ വാങ്ങിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഈ മാറ്റം വെറുതെ വരുത്തിയത് അല്ല. 

ചൈനയിലെ 'വീചാറ്റ്' പോലെ ഒരു എവരിതിംഗ് ആപ്പായി ട്വിറ്ററിനെ മാറ്റണം എന്ന മസ്കിന്‍റെ ആഗ്രഹത്തിന്‍റെ തുടക്കമാണ് എക്സിലേക്കുള്ള മാറ്റം. 'എക്സ്' എന്നത് ഒരു ഓള്‍ ഇന്‍ വണ്‍ ആപ്പ് ആകണം എന്നാണ് മസ്കിന്‍റെ ആഗ്രഹം. അതായത് പണമിടപാട് മുതല്‍ ക്യാബ് ബുക്ക് ചെയ്യുന്നതുവരെ ഇതിനുള്ളില്‍ തന്നെ നടക്കണം. ഒരു സോഷ്യല്‍ മീഡിയ ആപ്പ് എന്ന നിലയില്‍ ഇത്തരം ഒരു വലിയ മാറ്റം എന്നതിന്‍റെ തുടക്കമാണ് ട്വിറ്ററിന്‍റെ പേര് മാറ്റി എക്സ് എന്നാക്കിയത് എന്നാണ് മസ്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 44 ബില്ല്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മസ്ക് ട്വിറ്ററില്‍ വരുത്തിയ പരമ്പരയായ മാറ്റങ്ങളുടെ ഏറ്റവും അവസാനത്തെ കളിയാണ് കിളിയുടെ പോക്കും, എക്സിന്‍റെ വരവും. 

ട്വിറ്റര്‍ ആസ്ഥാനത്ത് നിന്നും ലോഗോ നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു

എന്തുകൊണ്ട് ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ പേര് 'എക്സ്' എന്നാക്കി.!

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News

Follow Us:
Download App:
  • android
  • ios