Asianet News MalayalamAsianet News Malayalam

മറ്റു വഴിയില്ലെങ്കില്‍ സ്വന്തമായി ഫോണ്‍ ഇറക്കും; ആപ്പിളിനും ആന്‍ഡ്രോയ്ഡിനും മസ്കിന്‍റെ വെല്ലുവിളി.!

മസ്ക് സമൂഹമാധ്യമ രംഗത്തേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കമ്പനികളുടെയും ചങ്കിടിപ്പ് വർധിപ്പിച്ചുകൊണ്ടാണ്. 

Elon Musk says he will make an alternative to iPhone and Android phones
Author
First Published Nov 29, 2022, 7:01 AM IST

സന്‍ഫ്രാന്‍സിസ്കോ: ചുമ്മാ പറയുന്നതൊന്നുമല്ല... നിവ്യത്തിയില്ലാതെ വന്നാൽ സ്വന്തമായി ഒരു ഫോൺ തന്നെയങ്ങ് ഇറക്കും.  മാർഗങ്ങളൊന്നും ഇല്ലെങ്കിൽ ഫോൺ ഇറക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ട്വിറ്ററിന്റെ മേധാവിയായ ഇലോൺ മസ്കാണ്. മസ്ക് സമൂഹമാധ്യമ രംഗത്തേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കമ്പനികളുടെയും ചങ്കിടിപ്പ് വർധിപ്പിച്ചുകൊണ്ടാണ്. 

മസ്കിനും ട്വിറ്ററിനും എതിരെ നിരവധി പ്രചരണങ്ങൾ നടന്നിരുന്നു. മസ്‌ക് ട്വിറ്ററിനെ  ഇല്ലാതാക്കും എന്നത് മുതൽ പല തരം പ്രചരണങ്ങൾ കമ്പനികൾ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും മസ്കിനെയോ അദ്ദേഹത്തിന്റെയോ നടപടികളെ ബാധിക്കുന്നില്ല.“ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ ബൂട്ട് ചെയ്യുകയാണെങ്കിൽ, എലോൺ മസ്‌ക് സ്വന്തമായി സ്മാർട്ട്‌ഫോൺ നിർമ്മിക്കണം. രാജ്യത്തെ പകുതി ആൾക്കാരും ഐഫോണും ആൻഡ്രോയിഡും ഒഴിവാക്കും. മസ്ക്  റോക്കറ്റുകൾ നിർമ്മിക്കുന്നു, അപ്പോൾ ഒരു ചെറിയ സ്മാർട്ട്ഫോൺ എളുപ്പമായിരിക്കില്ലെ?" മുൻ ന്യൂസ് ഹോസ്റ്റായ ലിസ് വീലർ ട്വിറ്ററില്‍ എഴുതി. 

ഈ ട്വീറ്റിന് മറുപടിയുമായി മസ്ക് തന്നെ രംഗത്ത് എത്തി. “അത് അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ, മറ്റ് മാർഗമില്ലെങ്കിൽ, ഞാൻ ഒരു ബദൽ ഫോൺ ഉണ്ടാക്കും,” മസ്‌ക് മറുപടി നൽകി.
 മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി ഉപയോക്താക്കളുടെ വിലക്കുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു. 

സ്ഥിരമായി സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചിരുന്നു. വേറിട്ട കാഴ്ചപ്പാടുകളുള്ളവരെ ഉൾക്കൊള്ളിച്ച് 'കണ്ടന്റ് മോഡറേഷൻ കൗൺസിൽ'ആരംഭിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കൗൺസിലിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യൽ. കൗൺസിലിന്റെ സഹായത്തോടെയല്ലാതെ കണ്ടന്റ് മോഡറേഷനെക്കുറിച്ചോ ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചോ ഉള്ള പ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. 

ഇതിന്റെ പശ്ചാത്തലത്തിലാണ് വീലറുടെ അഭിപ്രായപ്രകടനം. 2021 ജനുവരിയിൽ യുഎസ് കാപ്പിറ്റോൾ കലാപത്തിന് പിന്നാലെ  ട്വിറ്ററിലും ഫേസ്ബുക്കിലും ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്‌നാപ്ചാറ്റ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയും ട്രംപിനെ പുറത്താക്കിയിരുന്നു. 

തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ട്രംപിനെ  താൽക്കാലികമായി വിലക്കിയിരുന്നു. സസ്‌പെൻഷൻ പിൻവലിക്കാൻ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് യൂട്യൂബ് വക്താവ് ഐവി ചോയ് പറഞ്ഞത്.

ട്വിറ്ററിനെ പരസ്യദാതാക്കള്‍ കൈവിട്ടു; ഒരു മാസത്തിനുള്ളിൽ വമ്പൻ കൊഴിഞ്ഞുപോക്ക്

Follow Us:
Download App:
  • android
  • ios