ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്.
പാലാ: പാല നഗരസഭയുടെ ഭരണം ആർക്കെന്ന് ഇനി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ തീരുമാനിക്കും. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലായുടെ ഭരണം തീരുമാനിക്കുന്ന മൂന്ന് കൗൺസിലർമാർ. പാലാ നഗരസഭയിലെ വോട്ട് എണ്ണിതീരുമ്പോൾ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ 5 സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. ബിനുവിന്റെ മകളാണ് ദിയ. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം. നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു.
ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ. എൽഡിഎഫിന് കനത്ത തിരിച്ചടിയായാണ് പുളിക്കക്കണ്ടം കുടുംബാംഗങ്ങളുടെ വിജയം.


