കേരളത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്ത് എന്ന ബഹുമതി നേടിയ ഗ്രാമ പഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. 

തിരുവനന്തപുരം: സ്വന്തമായൊരു യൂട്യൂബ് ചാനല്‍ വേണമെന്ന 68കാരിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. അറുപത്തിയെട്ടാം വയസില്‍ ഡിജിറ്റല്‍ സാക്ഷരത നേടിയ പുല്ലമ്പാറ സ്വദേശി സരസുവിന്റെ സ്വപ്നമായ 'സരസുവിന്റെ ലോകം' എന്ന യൂട്യൂബ് ചാനലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഡിജിറ്റല്‍ സാക്ഷരത നേടിയെങ്കിലും സ്വന്തമായി ഒരു സ്മാര്‍്ട്ട് ഫോണ്‍ ഇല്ലാത്തതായിരുന്നു യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ സരസുവിന്റെ മുന്നിലുണ്ടായിരുന്ന തടസം. എന്നാല്‍ 'ഡിജി കേരളം' പദ്ധതിയുടെ പ്രചാരണാര്‍ത്ഥം തദ്ദേശ സ്വയംഭരണ വകുപ്പ് തുടക്കം കുറിച്ച ഡിജിറ്റല്‍ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍, സരസുവിന് 'ഡിജി പുല്ലമ്പാറ' കോര്‍ ടീം അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചതോടെ യൂട്യൂബ് ചാനല്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. 

68 വയസിലും സരസു നിഷ്പ്രയാസം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സരസു തന്നെയാണ് ഡിജി കേരളത്തിന്റെ ഉത്തമമാതൃകയെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്ത് എന്ന ബഹുമതി നേടിയ ഗ്രാമ പഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. 

തദ്ദേശ സ്വയംഭരണ വകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം. ജി രാജമാണിക്ക്യം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സരസുവിന് മൊമെന്റോ നല്‍കി, പൊന്നാട അണിയിച്ച് ആദരിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ. ജി ഒലീന, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ സജിനാ സത്താര്‍, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി രാജേഷ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ സുനില്‍ ജി. കെ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിച്ച വാരാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഡിജി കേരളം' പദ്ധതിയില്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു. 

യുവമോര്‍ച്ച നേതാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

YouTube video player