Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സെന്റര്‍; '237 കോടി ചിലവില്‍ പിപിപി മാതൃക'

ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായാണ് ഗ്രഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പി രാജീവ്.

kerala cabinet approves graphene pilot production facility centre joy
Author
First Published Oct 25, 2023, 7:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍വ്വഹണ ഏജന്‍സിയാവും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് അനുമതി നല്‍കി. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഭാവിയിലെ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീന്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍ദ്ദിഷ്ട ഗ്രാഫീന്‍ ഇക്കോ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്ന ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നോവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ എന്ന ഗവേഷണ വികസന കേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഒരു മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.  

ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായാണ് ഗ്രഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ ഗ്രാഫീന്‍ മുന്നേറ്റത്തിന് കൂടുതല്‍ വേഗത കൈവരിക്കുന്നതിനാണ് സെന്റര്‍ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നാളെയുടെ പദാര്‍ഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ അധിഷ്ഠിത വ്യാവസായികോല്‍പ്പാദനത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ തുടക്കമായിരുന്നു.  ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളില്‍ ഉള്‍പ്പെടെ ഗ്രഫീന് വന്‍സാധ്യതയാണുള്ളത്. സ്വാഭാവിക സിന്തറ്റിക് റബര്‍ ഗുണനിലവാരം ഉയര്‍ത്തല്‍, കൊറോഷന്‍ കോട്ടിങ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ് വേഗം വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഗ്രഫീന്‍ ഉപയോഗിക്കുന്നുണ്ട്.

അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു 
 

Follow Us:
Download App:
  • android
  • ios