അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു
മൂത്ത മകനെ മദ്രസയിൽ പറഞ്ഞയച്ച യുവതി ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. ഭർത്താവ് ആബിദ് മലേഷ്യയിലാണ്

തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയച്ച സബീന, രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. ഭർത്താവ് ആബിദ് മലേഷ്യയിലാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചതിനുശേഷം സംസ്കാര ചടങ്ങുകൾ നടക്കും. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.
ഭർതൃവീട്ടുക്കാർക്കെതിരെയാണ് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ബന്ധുക്കളുടെ പരാതി ഇപ്രകാരം
ഭർതൃവീട്ടുക്കാർക്കെതിരെ സബീനയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തി. ഭർതൃവീട്ടുക്കാരുടെ മാനസിക പീഡനമാണ് സബീനയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി കുന്നംകുളം പൊലീസിൽ സബീനയുടെ ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)