Asianet News MalayalamAsianet News Malayalam

സക്കര്‍ബര്‍ഗ് വില്‍ക്കുമോ വാട്ട്സ്ആപ്പിനെ?; കണക്കുകൂട്ടലുകള്‍ പിഴച്ചതെവിടെ..!

വാട്ട്സ്ആപ്പിന്‍റെ കാര്യത്തിലേക്ക് വന്നാല്‍, വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഡീല്‍ നടന്നതിന് മുന്‍പോ ശേഷമോ വാട്ട്സ്ആപ്പ് ഒരിക്കലും അമേരിക്കയില്‍ ഒരു മുഖ്യധാര സന്ദേശ കൈമാറ്റ ആപ്പായി മാറിയിട്ടില്ല. എന്നാല്‍ ലോകത്തെമ്പാടും ഇപ്പോളും വാട്ട്സ്ആപ്പ് ജനപ്രിയം തന്നെയാണ് 200 കോടി സജീവ അംഗങ്ങള്‍ വാട്ട്സ്ആപ്പിന് ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. 

mark zuckerberg lack interest in whatsapp report
Author
WhatsApp Headquarters, First Published Jul 27, 2022, 9:45 PM IST

ഫേസ്ബുക്ക് അടങ്ങുന്ന മെറ്റയുടെ 2022 രണ്ടാം പാദത്തിലെ ഫലങ്ങളിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉറ്റുനോക്കുന്നത്. എന്തായാലും വിപണി വിശകലനം ചെയ്യുന്നവരുടെ കണക്കുകള്‍ പോലെ, രണ്ടാം പാദത്തിലെ കണക്കുകള്‍ അത്ര നല്ലതായിരിക്കില്ലെന്ന് സ്വന്തം ജീവനക്കാരോടും മെറ്റ് സിഇഒ സക്കര്‍ബര്‍ഗ് സൂചിപ്പിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം തന്നെ ഫേസ്ബുക്ക് സ്ഥാപകനെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അലട്ടുന്നത് തന്‍റെ ഏക്കാലത്തെയും വലിയ നിക്ഷേപമാണ്. അതേ വാട്ട്സ്ആപ്പ് വാങ്ങിയ കാര്യം തന്നെ. ഇത് കൊണ്ട് എന്ത് നേട്ടം എന്ന ചോദ്യം സക്കര്‍ബര്‍ഗ് കേട്ടുതുടങ്ങിയെന്നാണ് വിവരം. 

ബ്ലൂംബെര്‍ഗിന്‍റെ പാര്‍മി ഓല്‍സണ്‍ എഴുതിയ ഏറ്റവും പുതിയ അവലോകനത്തില്‍ വാട്ട്സ്ആപ്പ് ഏറ്റെടുക്കല്‍ എന്തുകൊണ്ട് ഒരു നല്ല നീക്കമല്ല ഇപ്പോള്‍ മെറ്റയായി മാറിയ ഫേസ്ബുക്കിന് ഉണ്ടാക്കിയത് എന്ന് വിശദമായി വിലയിരുത്തുന്നുണ്ട്. ഇതിന് പിന്നാലെ വാട്ട്സ്ആപ്പ് സക്കര്‍ബര്‍ഗ് വില്‍ക്കുമോ എന്ന ചോദ്യവും ടെക് ലോകത്ത് സജീവമാണ്. 

സക്കര്‍ബര്‍ഗ് അനുഭവിക്കുന്ന പ്രതിസന്ധികള്‍

നിലവില്‍ സക്കര്‍ബര്‍ഗ് അനുഭവിക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ഇന്‍സ്റ്റഗ്രാം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ടിക്ടോക്കിന്‍റെ വെല്ലുവിളിയാണ് ഇന്‍സ്റ്റ നേരിടുന്ന പ്രതിസന്ധി. അതില്‍ ഇന്‍സ്റ്റയെ തന്നെ അനുകരിച്ചുള്ള ഏതിര്‍ നമ്പറുകള്‍ ഒരു പരിധിവരെ വിജയിക്കുന്നുണ്ട്. യുവ തലമുറയ്ക്ക് ഫേസ്ബുക്കിനോട് താല്‍പ്പര്യം നശിക്കുകയാണ്. ഫേസ്ബുക്ക് വളര്‍ച്ച വളരെ മന്ദഗതിയിലായിട്ടുണ്ട്. ഒപ്പം തന്നെ ആപ്പിള്‍ ഏര്‍പ്പെടുത്തിയ പുതിയ സ്വകാര്യത നയം ഫേസ്ബുക്കിന്‍റെ പരസ്യവരുമാനത്തെ കീഴ്മേല്‍ മറിച്ചു. 

വാട്ട്സ്ആപ്പിന്‍റെ കാര്യത്തിലേക്ക് വന്നാല്‍, വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഡീല്‍ നടന്നതിന് മുന്‍പോ ശേഷമോ വാട്ട്സ്ആപ്പ് ഒരിക്കലും അമേരിക്കയില്‍ ഒരു മുഖ്യധാര സന്ദേശ കൈമാറ്റ ആപ്പായി മാറിയിട്ടില്ല. എന്നാല്‍ ലോകത്തെമ്പാടും ഇപ്പോളും വാട്ട്സ്ആപ്പ് ജനപ്രിയം തന്നെയാണ് 200 കോടി സജീവ അംഗങ്ങള്‍ വാട്ട്സ്ആപ്പിന് ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. എന്നാല്‍ വരുമാനം ഉണ്ടാക്കുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ മെറ്റ കുടുംബത്തിലെ ഏറ്റവും കാര്യക്ഷമതയില്ലാത്ത ആപ്പ് എന്ന് കുറ്റപ്പെടുത്തിയാല്‍ അത്ഭുതമില്ല. 

പണം കായ്ക്കുന്ന മരമല്ല വാട്ട്സ്ആപ്പ്

2012-ൽ സക്കർബർഗ് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഏറ്റെടുത്തത് 1 ബില്യൺ ഡോളറിനാണ് വാങ്ങി, 2019-ൽ എത്തുമ്പോള്‍ മെറ്റയുടെ  വരുമാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമിന്‍റെ പങ്ക് 20 ബില്യൺ ഡോളറാണ്. 2014-ൽ 19 ബില്യൺ ഡോളറിന്  വാട്ട്‌സ്ആപ്പ് വാങ്ങി, എന്നാല്‍ ആ തുകയോളം വരുമാനം വന്നോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ഇവിടെയാണ് വൈരുദ്ധ്യം കിടക്കുന്നത്. 

സക്കർബർഗ് ഏറ്റെടുത്ത് എട്ട് വർഷത്തിന് ശേഷവും, വാട്ട്‌സ്ആപ്പിനെ ലാഭകരമായ ഒരു ആപ്പായി മാറ്റാൻ സാധിച്ചില്ല എന്നത് സക്കര്‍ബര്‍ഗിന്‍റെ കരിയര്‍ പരിശോധിച്ചാല്‍ അതിശയകരമാണ്. 2009-ൽ സ്ഥാപിതമായ വാട്ട്‌സ്ആപ്പ് തുടക്കത്തിൽ ചെറിയൊരു തുക വാർഷിക സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് സമ്പാദിച്ചിരുന്നു. കാരണം പരസ്യങ്ങളെ വെറുക്കുന്നവരായിരുന്നു അതിന്‍റെ സ്ഥാപകര്‍. 

എന്നാല്‍ വില്‍പ്പനയോടെ ഈ ആദര്‍ശം ഫേസ്ബുക്ക് തുടര്‍ന്നില്ല, പരസ്യത്തിലൂടെ പണം കണ്ടെത്താന്‍ തന്നെയായിരുന്നു ഫേസ്ബുക്കിന്‍റെ നീക്കം.  ഇതിനെ ചൊല്ലിയാണ് വാട്ട്സ്ആപ്പ് സ്ഥാപകര്‍ ഫേസ്ബുക്കിനോടുള്ള ബന്ധം അവസാനിച്ച് അവിടം വിട്ടത്. 2020-ഓടെ, മെറ്റ പരസ്യം നല്‍കി വാട്ട്സ്ആപ്പില്‍ നിന്നും പണം ഉണ്ടാക്കുക എന്നത് ഏതാണ്ട് ഉപേക്ഷിച്ചു, പകരം ആപ്പിലെ ഉപഭോക്താക്കളുടെ ബിസിനസുകളിൽ നിന്ന് പണം ഈടാക്കാണ് ഇപ്പോള്‍ ശ്രമം. 

ഇത്തരം ഒരുഘട്ടത്തില്‍ ഫേസ്ബുക്കിന്‍റെ ഭാവി ബിസിനസിന്‍റെ കേന്ദ്രമായി വാട്ട്സ്ആപ്പ് മാറുമോ എന്ന് പോലും കരുതിയവരുണ്ട്. 2021 മാർച്ചിൽ, സക്കർബർഗ് 'പ്രൈവസിയാണ് തങ്ങളുടെ ലക്ഷ്യം' എന്ന പ്രഖ്യാപനം നടത്തിയത്  വാട്ട്‌സ്ആപ്പ് പോലുള്ള സന്ദേശ ആപ്പുകളുടെ ഭാവി കൂടി കണ്ടാണ് എന്ന് പ്രവചിക്കപ്പെട്ടു. എന്നാല്‍ വെറും ഏഴുമാസത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

മെറ്റയുടെ ആരംഭത്തിലൂടെ "പുതിയ അധ്യായം" തുടങ്ങുന്നുവെന്നാണ് സുക്കര്‍ബര്‍ഗ് പറഞ്ഞത്. മെറ്റാവേർസിലാണ്  ഇന്റർനെറ്റിന്റെ ഭാവി കിടക്കുന്നതെന്നാണ് സക്കര്‍ബര്‍ഗിന്‍റെ പുതിയ നിലപാട്. സുക്കര്‍ബര്‍ഗ് തന്നെ മെറ്റയുടെ പ്രഖ്യാപനത്തിന് ശേഷം വാട്ട്സ്ആപ്പിനെക്കുറിച്ച് അധികം പരാമര്‍ശിക്കാറില്ല എന്നാണ് ടെക് നിരീക്ഷകര്‍ പറയുന്നത്. അതായത് മെറ്റ കുടുംബത്തില്‍ വാട്ട്സ്ആപ്പിന്‍റെ സ്ഥാനം ഇപ്പോള്‍ താഴെയായി മാറിയിരിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയാണ് തങ്ങളുടെ പുതിയ പാത എന്ന് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ച സ്ഥിതിയില്‍ വാട്ട്സ്ആപ്പിനെ ഇനി കാത്തിരിക്കുന്നത് എന്ത്. ബ്ലൂബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പാര്‍മി ഓല്‍സണ്‍ പറയുന്നത് ഇതാണ്. ' പണം ഉണ്ടാക്കുന്നു എന്നതിനപ്പുറം ഈ ആപ്പിന് വലിയ മൂല്യം ഉള്ളതിനാല്‍, റെഗുലേറ്റര്‍മാരും മറ്റും സ്വകാര്യത ലംഘനം അടക്കം കുരുക്കുകള്‍ മുറുക്കാതിരിക്കാന്‍ ഒരു വഴിപാട് പോലെ ഇത് സുക്കര്‍ബര്‍ഗ് കൊണ്ട് നടക്കും'. 

വാട്ട്സ്ആപ്പ് പണം കിട്ടാത്ത ഒരു ആപ്പാണോ, ശരിക്കും...
തുടരും അടുത്ത ദിവസം

Follow Us:
Download App:
  • android
  • ios