ഒരു ഐടി കമ്പനിയുമായി ജോലി കരാറിലായാല്‍ അവരുടെ ജീവിതം അവിടെ തന്നെ തീര്‍ക്കുന്ന കാലം അവസാനിച്ചു. അഭിഭാഷകരെപ്പോലെ കണ്‍സള്‍ട്ടന്‍റായി ഒന്നിലധികം പ്രൊജക്ടുകള്‍ ചെയ്യുന്ന കാലം വരും.

ദില്ലി: ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയ ജീവനക്കാരായിരിക്കുമ്പോള്‍ തന്നെ മറ്റു ജോലികള്‍ ചെയ്ത് അധിക വരുമാനം നേടുന്ന രീതിയാണ് മൂണ്‍ലൈറ്റിംഗ് എന്ന് അറിയപ്പെടുന്നത്. ഈ സംവിധാനത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഈ കാര്യം അറിയിച്ചു.

മൂണ്‍ലൈറ്റിംഗിനെതിരെ പ്രമുഖ ഐടി സ്ഥാപനങ്ങള്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. നേരത്തെ ഇന്‍ഫോസിസ്, വിപ്രോ, ഐബിഎം പൊലുള്ള ഐടി കമ്പനികള്‍ മൂണ്‍ലൈറ്റിംഗിനെതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ആദ്യ വിശദീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 

മൂണ്‍ലൈറ്റിംഗ് നല്ല രീതിയാണ്. ഇന്നത്തെ ഐടി പ്രഫഷണലുകള്‍ ഒരേ സമയം ജീവനക്കാരനും, സംരംഭകനുമാണ്. എന്നാല്‍ ഈ രീതി തൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ ലംഘനങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായി മാറരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ഐടി ജീവനക്കാരുടെ കാഴ്ചപ്പാടുകളില്‍ വന്ന മാറ്റം കമ്പനികള്‍ ഉള്‍കൊള്ളണം. 

ഒരു ഐടി കമ്പനിയുമായി ജോലി കരാറിലായാല്‍ അവരുടെ ജീവിതം അവിടെ തന്നെ തീര്‍ക്കുന്ന കാലം അവസാനിച്ചു. അഭിഭാഷകരെപ്പോലെ കണ്‍സള്‍ട്ടന്‍റായി ഒന്നിലധികം പ്രൊജക്ടുകള്‍ ചെയ്യുന്ന കാലം വരും. അതാണ് ഐടി തൊഴില്‍ രംഗത്തിന്‍റെ ഭാവിയായി മാറുന്നത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വന്തം കഴിവ് ഉപയോഗിച്ച് കൂടുതല്‍ പണവും മൂല്യവും ഉണ്ടാക്കാം എന്ന ആത്മവിശ്വാസം ഇപ്പോഴത്തെ ഐടി ജീവനക്കാര്‍ക്കുണ്ട്. അവര്‍ തന്നെ തുടങ്ങുന്ന സ്റ്റാര്‍ട്ട് അപില്‍ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമം പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

'മൂൺലൈറ്റിംഗ് പാടില്ല' ജീവനക്കാരോട് നിലപാട് കര്‍ശ്ശനമാക്കി ഇൻഫോസിസ്

'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ