മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫെബ്രുവരിയിലേക്ക് നീട്ടാതെ ജനുവരിയിൽ തന്നെ ലയനത്തിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നാണ് വിവരം. 

മുംബൈ: ഇന്ത്യന്‍ വിനോദ ലോകത്തെ ഏറ്റവും വലിയ ലയനത്തിന് റിലയൻസും ഡിസ്നി സ്റ്റാറും കഴിഞ്ഞ ആഴ്ച ലണ്ടനിൽ ഒപ്പുവച്ചുവെന്ന് റിപ്പോര്‍ട്ട്. ഒപ്പുവച്ച നോൺ-ബൈൻഡിംഗ് കരാർ പ്രകാരം റിലയൻസിന്‍റെ ജിയോ സിനിമയും ഡിസ്നിയുടെ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയിക്കും. 2024 ഫെബ്രുവരിയിൽ കരാര്‍ പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. കരാര്‍ പ്രകാരം ഇരു കമ്പനികളും ലയിക്കുമ്പോള്‍ റിലയന്‍സ് 51 ശതമാനം ഷെയറും ഡിസ്നി 49 ശതമാനം ഷെയറും കമ്പനിയില്‍ നിലനിര്‍ത്തും. 

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫെബ്രുവരിയിലേക്ക് നീട്ടാതെ ജനുവരിയിൽ തന്നെ ലയനത്തിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നാണ് വിവരം. പക്ഷേ ഈ കരാര്‍ സംബന്ധിച്ച് നിരവധി വിശദാംശങ്ങൾ പരിഹരിക്കാനുണ്ട്. അംബാനിയുടെ അടുത്ത സഹായിയായ മനോജ് മോദിയും ഡിസ്നിയുടെ മുൻ എക്സിക്യൂട്ടീവായ കെവിൻ മേയറും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് നോൺ-ബൈൻഡിംഗ് കാരാര്‍ ഒപ്പിട്ടത് എന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

റിലയൻസ്-ഡിസ്‌നി ലയനം ഇന്ത്യയിലെ ഒടിടി വിപണിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകള്‍ കാണുന്ന കായിക ഇനമായ ക്രിക്കറ്റിന്‍റെ ഓണ്‍ലൈന്‍ പ്രക്ഷേപണത്തില്‍ വന്‍ മാറ്റം ഉണ്ടാക്കും. സ്റ്റോക്ക് സ്വാപ്പിലൂടെ സ്റ്റാർ ഇന്ത്യയെ ഏറ്റെടുത്ത് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന്‍റെ ഒരു അനുബന്ധ സ്ഥാപനം സൃഷ്ടിക്കുക എന്നതാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് ഇടി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റിലയൻസിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും കരാറിന്റെ ഭാഗമായത് തുടര്‍ച്ചയായി നഷ്ടത്തിലേക്ക് നീങ്ങുന്ന ഡിസ്‌നി + ഹോട്ട്‌സ്റ്റാറിന് ആശ്വാസമാണ്. റിലയൻസും ഡിസ്നി സ്റ്റാറും 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം ഈ കരാറിനൊപ്പം നടത്തുമെന്നാണ് കരുതുന്നത്. അംബാനിയുടെ സ്ഥാപനം സ്റ്റാർ ഇന്ത്യയുടെ ചാനലുകളുടെ വിതരണ നിയന്ത്രണം ഏറ്റെടുത്തേക്കും. 

ക്രിക്കറ്റ് സ്ട്രീമിംഗ് അവകാശത്തെച്ചൊല്ലി അവരും റിലയൻസും തമ്മിലുള്ള ലേല യുദ്ധം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഡിസ്നി സ്റ്റാർ ഈ ഇടപാടിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനത്തോടെ റിലയൻസ് പ്രധാന ഷെയര്‍ ഉടമകളായി മാറും. 

മുകേഷ് അംബാനിയുടെ മൂത്തമകൻ ആകാശ് അംബാനിയും പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസിന് ശേഷം വയാകോം18ൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വച്ചിരിക്കുന്ന ബോധി ട്രീയുടെ ഉദയ് ശങ്കറാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍ എന്നാണ് റിപ്പോര്‍ട്ട്. ലയനത്തിന് ശേഷം രൂപീകരിക്കുന്ന പുതിയ സംവിധാനം സംബന്ധിച്ച് കൂടുതൽ അറിവില്ലെങ്കിലും. അതിന്റെ പ്രധാന മത്സരം നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ സ്ട്രീമിംഗ് സേവനങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഗംഭീര ഓഫര്‍ ഇങ്ങനെ

മുകേഷ് അംബാനി 'എന്നാ സുമ്മാവാ'; ഡിജിറ്റല്‍ ബാങ്കിംഗ് യുദ്ധത്തിനൊരുങ്ങി ജിയോ