തിരുവനന്തപുരം: സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന്‍ പി-ഹണ്ട് പുതിയ ഘട്ടത്തിലാണ്.

അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് ഇതിന്‍റെ മൂന്നാംഘട്ടം. 

ഓപ്പറേഷന്‌ പി ഹണ്ടിൽ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയകളിലൂടെ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. 

Read More; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗൺലോഡ് ചെയ്തു; ബിജെപി ഐടി സെൽ മുൻ കോ-ഓർഡിനേറ്റർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം മാത്രം 41 പേരാണ് അറസ്റ്റിലായത്. നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. 

ടെലഗ്രാമിലെ ‘സ്വർഗത്തിലെ മാലാഖമാർ’ പോലുള്ള ഗ്രൂപ്പുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തി. ഇവിടെ നിന്ന് വിഡിയോകൾ വൻ വിലയ്ക്കാണ് ആവശ്യക്കാർക്ക് വിൽക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 

നേരത്തെ ഓപ്പറേഷന്‍ പി-ഹണ്ടിന്‍റെ രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം പലരും പൊലീസ് നടപടിയില്‍ കുടുങ്ങിയിരുന്നു. നിലവില്‍ പുതിയ ഘട്ടത്തില്‍ കുട്ടികളുടെ അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ട് 227 കേസുകളാണ് പൊലീസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. പാലക്കാടാണ് കൂടുതൽ പേർ അറസ്റ്റിലായത്– ഒമ്പത്. 

കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്തും-44. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 326 ഓളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഫോണുകൾ, മോഡം, ഹാർഡ് ഡിസ്ക്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ തുടങ്ങി 285 ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

Read More: സൈബര്‍ ഇരപിടുത്തക്കാരെ കെണിവച്ച് പിടിച്ച് പൊലീസ്; ഓപ്പറേഷന്‍ പി ഹണ്ടിന് പിന്നില്‍

അതേ സമയം ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയും ആണ് കുട്ടികളുടെ ചിത്രങങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. എന്നാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഇത്തരക്കാര്‍ പിടിവീഴാന്‍ ഇപ്പോള്‍ സഹായമാകുന്നു. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് വരും ദിവസങ്ങളില്‍ ശക്തമാക്കും.