Asianet News MalayalamAsianet News Malayalam

ജിപെയ്‌ക്കുള്ള മസ്‌കിന്‍റെ പണിയോ; പേയ്‌മെന്‍റ് സംവിധാനം ട്വിറ്ററില്‍ വരുന്നതായി സൂചന! ചിത്രം പുറത്ത്

എലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ ഏറെ മാറ്റങ്ങളാണ് ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്

Payments service coming to X Twitter soon report
Author
First Published Aug 8, 2024, 3:46 PM IST | Last Updated Aug 8, 2024, 3:49 PM IST

സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് (പഴയ ട്വിറ്റര്‍) ആപ്പിനുള്ളില്‍ പേയ്‌മെന്‍റ് സംവിധാനം ഉടന്‍ കൊണ്ടുവരാനൊരുങ്ങുന്നതായി സൂചന. ഒരു ആപ്ലിക്കേഷന്‍ ഗവേഷകനാണ് ഈ വിവരം സ്ക്രീന്‍ഷോട്ട് സഹിതം പുറത്തുവിട്ടത് എന്ന് ഗാഡ്‌ജറ്റ്‌സ് 360 റിപ്പോര്‍ട്ട് ചെയ്‌തു. 

എലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ ഏറെ മാറ്റങ്ങളാണ് ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്. ലോഗോയും പേരും മുതല്‍ ഈ മാറ്റം ഒറ്റനോട്ടത്തില്‍ ദൃശ്യമായിരുന്നു. സമ്പൂര്‍ണ ആപ്ലിക്കേഷനാക്കി എക്‌സിനെ മാറ്റുക എന്ന മസ്‌കിന്‍റെ കാഴ്‌ചപ്പാടിന്‍റെ ഭാഗമായി പേയ്‌മെന്‍റ് സംവിധാനവും ആപ്പിലൊരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം. 'എവരിതിംഗ് ആപ്പ്' എന്നാണ് മസ്‌ക് എക്‌സിന് നല്‍കുന്ന വിശേഷണം. എക്‌സില്‍ പേയ്മെന്‍റ് ഓപ്ഷന്‍ വരുന്നതായി സ്വതന്ത്ര ആപ്പ് ഗവേഷകനായ നിമ ഓവ്‌ജിയാണ് വെളിപ്പെടുത്തിയത്. എക്‌സിലെ പുതിയ അപ്‌ഡേറ്റുകളെയും ഫീച്ചറുകളെയും കുറിച്ചുള്ള വിവരങ്ങള്‍ പിന്തുടരുന്നയാളാണ് ഓവ്‌ജി. എക്‌സില്‍ വരാന്‍ പോകുന്ന മാറ്റത്തെ കുറിച്ച് നിമ ഓവ്‌ജി സ്ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 

ഇടതുവശത്തെ നാവിഗേഷന്‍ പാനിലില്‍ ബുക്ക്‌മാര്‍ക്കിന് താഴെയായി പെയ്‌മെന്‍റ്സ് എന്ന ഓപ്ഷന്‍ ആപ്പില്‍ വരുന്നതായാണ് സ്ക്രീന്‍ഷോട്ടിലുള്ളത്. ട്രാന്‍സാക്ഷന്‍സ്, ബാലന്‍സ്, ട്രാന്‍സ്‌ഫര്‍ എന്നീ മൂന്ന് ഓപ്ഷനുകള്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ കാണാമെന്ന് ഓവ്‌ജി ടെക്‌ക്രഞ്ചിനോട് പറഞ്ഞു. പീയര്‍-ടു-പീയര്‍ പേയ്‌മെന്‍റ് സംവിധാനം കൊണ്ടുവരുന്നതാണ് 2024ലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് എക്‌സ് ബ്ലോഗ് പോസ്റ്റിലൂടെ ജനുവരി 9ന് അറിയിച്ചിരുന്നു. ഇതിനെ കുറിച്ച് വലിയ പ്രതീക്ഷയും എക്‌സ് അന്ന് പങ്കുവെച്ചിരുന്നു. 

Read more: എക്‌സില്‍ പലരുടെയും ഹൃദയം തകരും; ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിക്കാന്‍ മസ്‌ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios