Asianet News MalayalamAsianet News Malayalam

ആമസോണ്‍ തലവനെ കാണാന്‍ വിസമ്മതിച്ച് മോദിയും മന്ത്രിമാരും; യഥാര്‍ത്ഥ കാരണം ഇത്.!

അടുത്തകാലത്ത് ഓണ്‍ലൈന്‍ വ്യാപരത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമാണ് പ്രധാനമായും സര്‍ക്കാര്‍ ജെഫിന് കാര്യമായ പ്രധാന്യം നല്‍കാത്തത് എന്നാണ് വ്യാപര ലോകത്തെ സംസാരം. എന്നാല്‍ മറ്റൊരു കാരണമാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

real reason why BJP Govt and Modi is unhappy with Jeff Bezos and Amazon
Author
New Delhi, First Published Jan 17, 2020, 4:43 PM IST

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം മേധാവി ജെഫ് ബെസോസ് ഇന്ത്യയില്‍ എത്തിയത് വലിയ വാര്‍ത്തയാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ കച്ചവടത്തിനെതിരെ സര്‍ക്കാര്‍ നടപടികള്‍ വരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ആമസോണ്‍ മേധാവിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. ഇന്ത്യയില്‍ നിന്നും അഞ്ച് കൊല്ലത്തിനിടെ 100 കോടി ഡോളറിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കും എന്നതടക്കം വലിയ പ്രഖ്യാപനങ്ങളാണ് ബെസോസ് നടത്തിയത്. എന്നാല്‍ ബെസോസിന്‍റെ വരവിലോ, പ്രഖ്യാപനങ്ങളിലോ ഒരു താല്‍പ്പര്യവും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല എന്നത് വലിയ വാര്‍ത്ത പ്രധാന്യം നേടുകയാണ്.

ഒരു സാമ്പത്തിക മാന്ദ്യത്തെ നേരിടുന്ന രാജ്യം ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ ഒന്നിന്‍റെ മേധാവി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും അതിന് ഒരു പ്രധാന്യം നല്‍കാത്തത് എന്താണെന്ന ചോദ്യം സാമ്പത്തിക രംഗത്ത് ഉയരുന്നുണ്ട്. ലോകത്തിലെ ഇന്‍റര്‍നെറ്റ് അധിഷ്ഠിത വ്യാപരത്തിന്‍റെ വലിയൊരു ഭാഗം കൈയ്യാളുന്ന കമ്പനിയാണ് ആമസോണ്‍. എന്നാല്‍ അതിന്‍റെ മേധാവി ജെഫ് ബെസോസ് ഇന്ത്യയില്‍ എത്തിയിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തെ കാണുവാന്‍ സമയം നല്‍കിയില്ല എന്നതാണ് പ്രധാനമായും പ്രചരിക്കുന്ന വാര്‍ത്ത.

നേരത്തെ മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തലവന്മാര്‍ അടക്കം ലോകത്തിലെ മുന്‍നിര കമ്പനി മേധാവികള്‍ ഇന്ത്യയില്‍ എത്തിയാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാറുണ്ട്. ഈ പതിവ് എന്നാല്‍ ആമസോണ്‍ തലവന്‍റെ കാര്യത്തില്‍ ഉണ്ടായില്ല. മോദി മാത്രമല്ല കേന്ദ്രമന്ത്രിമാര്‍ ആരും ജെഫുമായി കൂടികാഴ്ചയ്ക്ക് തയ്യാറായില്ല എന്നതാണ് വിവരം. മോദിയുമായി ജെഫിന്‍റെ ഓഫീസ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൂടികാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അത് അനുവദിച്ചില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും ബിസോസ് കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്.

അടുത്തകാലത്ത് ഓണ്‍ലൈന്‍ വ്യാപരത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമാണ് പ്രധാനമായും സര്‍ക്കാര്‍ ജെഫിന് കാര്യമായ പ്രധാന്യം നല്‍കാത്തത് എന്നാണ് വ്യാപര ലോകത്തെ സംസാരം. എന്നാല്‍ മറ്റൊരു കാരണമാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വിദേശ പത്രമാണ് വാഷിംങ്ടണ്‍ പോസ്റ്റ്. അടുത്തിടെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലടക്കം വലിയ തോതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിമര്‍ശിക്കുന്ന രീതിയില്‍ ഈ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More; 1000 കോടി ഡോളറിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍; ഇന്ത്യയ്ക്ക് വന്‍ വാഗ്ദാനങ്ങളുമായി ആമസോണ്‍ മേധാവി

വാഷിംങ്ടണ്‍ പോസ്റ്റിന്‍റെ ഉടമസ്ഥര്‍  ജെഫ് ബെസോസിന്‍റെ ആമസോണ്‍ കമ്പനിയാണ്. ജെഫ് ബെസോസ് ഇന്ത്യയിലെ തന്‍റെ പരിപാടി ട്വീറ്റ് ചെയ്തിരുന്നു ഊര്‍ജ്ജസ്വലമായ,ചലനാത്മകമായ ജനാധിപത്യം ഇത് ഇന്ത്യയുടെ നൂറ്റാണ്ട് എന്ന ക്യാപ്ഷനോടെയായിരുന്നു ട്വീറ്റ്. എന്നാല്‍ ഇതിനെ റീട്വീറ്റ് ചെയ്ത ബിജെപി വിദേശകാര്യ വിഭാഗം മേധാവി ഡോ. വിജയ് ചൗത്വായ്വാല, ജെഫ് ബെസോസ് ദയവായി ഇത് നിങ്ങളുടെ വാഷിംങ്ടണിലെ ജീവനക്കാരോട് പറയുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമയവും പണവും നഷ്ടമാണ് എന്ന് കുറിച്ചു.

എന്നാല്‍ പിന്നീട് ഇതിനോട് പ്രതികരിച്ച ഡോ. വിജയ്. ഞങ്ങള്‍ ആമസോണ്‍ കമ്പനിക്ക് എതിരല്ലെന്നും. വാഷിംങ്ടണ്‍ പോസ്റ്റിന്‍റെ പക്ഷപാതപരമായ മോദി വിരുദ്ധ എഡിറ്റോറിയല്‍ നയത്തിനെതിരാണ് എന്ന് വിശദീകരിച്ചു. അതേ സമയം ആമസോണിന്‍റെ നിക്ഷേപം സംബന്ധിച്ച് പ്രതികരിച്ച കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ ആമസോണിന്‍റെ നിക്ഷേപം ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്യില്ലെന്നാണ് പ്രതികരിച്ചത്.

അതേ സമയം ആമസോണിന്‍റെ മേധാവിയുമായി കൂടികാഴ്ച  നടത്തുന്നത് രാജ്യത്തെ വ്യാപാരി സമൂഹത്തെ ചൊടിപ്പിക്കും എന്നതിനാലാണ് പ്രധാനമന്ത്രി അടക്കം ജെഫിനെ കാണാതിരുന്നത് എന്നാണ് ചില ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. അടുത്ത് തന്നെ ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയില്‍ കേന്ദ്രം നിയമനിര്‍മ്മാണം ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാപകമാണ്.
 

Follow Us:
Download App:
  • android
  • ios