ഗൂഗിൾ വർക്ക്‌സ്‌പേസ് ആപ്പുകളായ ജിമെയിൽ, ഡോക്സ്, കീപ്പ് എന്നിവയിൽ ജെമിനി എഐയുടെ പുതിയ വോയിസ് ഫീച്ചറുകൾ അവതരിപ്പിച്ചു. ഫീച്ചർ ഉപയോഗിച്ച് വോയ്സിലൂടെ ഇമെയിലുകൾ തിരയാനും രേഖകൾ തയ്യാറാക്കാനും കുറിപ്പുകൾ ക്രമീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ജിമെയിൽ ലൈവ്, ഡോക്സ് ലൈവ്, കീപ്പ് ലൈവ് എന്നിങ്ങനെയുള്ള ഈ സൗകര്യങ്ങൾ ഗൂഗിൾ എഐ വരിക്കാർക്ക് ലഭ്യമാകും.

ടൈപ്പ് ചെയ്യാതെ സംസാരിച്ചുകൊണ്ട് ഇമെയിലുകൾ തിരയാനും രേഖകൾ തയ്യാറാക്കാനും കുറിപ്പുകൾ ക്രമീകരിക്കാനും കഴിയുന്ന പുതിയ വോയിസ് ഫീച്ചറുമായി ഗൂഗിൾ. ജിമെയിൽ, ഡോക്സ്, കീപ്പ് എന്നിവയിൽ ജെമിനിയുടെ ശബ്‍ദ അധിഷ്‍ഠിത സൗകര്യങ്ങളാണ് കമ്പനി അവതരിപ്പിച്ചത്.

ഗൂഗിൾ വർക്ക്‌സ്‌പേസിൽ ജെമിനിയുടെ പുതിയ എഐ വോയിസ് ഫീച്ചറുകൾ ലഭ്യമാകുന്നതായി കമ്പനി ബ്ലോഗ് കുറിപ്പിലൂടെ അറിയിച്ചു. ആശയങ്ങൾ കുറിച്ചുവയ്ക്കുന്നത് മുതൽ ഇമെയിലിലെ വിവരങ്ങൾ കണ്ടെത്തുന്നതും പുതിയ രേഖകൾ തയ്യാറാക്കുന്നതും വരെ ശബ്‍ദം ഉപയോഗിച്ച് ചെയ്യാനാകുമെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുതിയ ഫീച്ചറുകളെക്കുറിച്ച് പ്രതികരിച്ചു. ജിമെയിൽ ഇൻബോക്സ് തിരയാനും ഗൂഗിൾ കീപ്പിലെ ചിന്തകളും ജോലികളും ക്രമീകരിക്കാനും പുതിയ ഡോക്സ് തയ്യാറാക്കാനും ഇനി ജെമിനിയുമായി സംസാരിച്ചാൽ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

മൂന്ന് പുതിയ വോയിസ് ഫീച്ചറുകൾ

ഗൂഗിൾ വർക്ക്‌സ്‌പേസിലാണ് പ്രധാനമായും മൂന്ന് പുതിയ വോയിസ് ഫീച്ചറുകൾ എത്തിയിരിക്കുന്നത്. ജിമെയിൽ ലൈവ്, ഡോക്സ് ലൈവ്, കീപ്പ് ലൈവ് എന്നിവയാണ് അവ. ഓരോന്നും വ്യത്യസ്‍ത ആവശ്യങ്ങൾക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തന രീതി ഒന്നുതന്നെയാണ്. അതായത്, ഉപയോക്താവ് സംസാരിക്കുന്നു, ജെമിനി ജോലി ചെയ്യുന്നു.

ജിമെയിൽ ലൈവ്: ഇമെയിൽ സെർച്ചിന് സംസാരിച്ചാൽ മതി

ജിമെയിൽ ലൈവിലൂടെ ഇൻബോക്സിലെ വിവരങ്ങൾ സംസാരിച്ച് കണ്ടെത്താം. നിരവധി ഇമെയിലുകൾ തുറന്ന് പരിശോധിക്കുകയോ ദൈർഘ്യമേറിയ സന്ദേശങ്ങളിലൂടെ താഴേക്ക് നീങ്ങുകയോ വേണ്ട. എയ‍‌ർപോ‌ർട്ടിൽ “വിമാനത്തിന്റെ ഗേറ്റ് നമ്പർ എത്രയാണ്?”, “ഈ ആഴ്ച കുട്ടിയുടെ സ്‍കൂളിൽ എന്തൊക്കെയാണ് നടക്കുന്നത്?” തുടങ്ങിയ ചോദ്യങ്ങൾ ജെമിനിയോട് ചോദിച്ചാൽ ഇൻബോക്സിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ മറുപടി നൽകും.

ഡോക്സ് ലൈവ്: ആശയങ്ങൾ ഡോക്യുമെന്‍റാക്കാം

കൃത്യമായ രൂപമില്ലാത്ത ഒരു ആശയം പോലും സംസാരിച്ചുകൊണ്ട് ഡോക്സ് ലൈവിലൂടെ ഡോക്യുമെന്‍റാക്കി മാറ്റാം. ഉപയോക്താവ് പറയുന്ന കാര്യങ്ങൾ ജെമിനി ക്രമപ്പെടുത്തി സാഹചര്യത്തിന് അനുയോജ്യമായ ഡോക്യുമെന്‍റാക്കി മാറ്റും. അനുമതി നൽകിയാൽ ജിമെയിൽ, ഡ്രൈവ്, ചാറ്റ്, വെബ് എന്നിവയിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങളും ജെമിനിക്ക് ഉപയോഗിക്കാൻ സാധിക്കും. ആശയരൂപീകരണം, രൂപരേഖ തയ്യാറാക്കൽ, എഴുത്തിന്റെ ശൈലി മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലും ഇത് സഹായിക്കും.

കീപ്പ് ലൈവ്: ചിന്തകൾ കുറിപ്പുകളാക്കാം

പെട്ടെന്ന് മനസിൽ വരുന്ന ആശയങ്ങളും കാര്യങ്ങളും ക്രമപ്പെടുത്തി സൂക്ഷിക്കാനാണ് കീപ്പ് ലൈവ് സഹായിക്കുന്നത്. സംസാരിച്ചുപോകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞാൽ അവയെ ജെമിനി ക്രമീകരിച്ച കുറിപ്പുകൾ, ലിസ്റ്റുകൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവയായി മാറ്റും.

ആർക്കൊക്കെ ലഭിക്കും?

പുതിയ വോയ്സ് ഫീച്ചറുകൾ ഈ ആഴ്ച മുതൽ ലഭ്യമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജിമെയിൽ ലൈവും കീപ്പ് ലൈവും ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്ക് ലഭിക്കും. ഡോക്സ് ലൈവ് പ്രോ, അൾട്രാ വരിക്കാർക്കാണ് നിലവിൽ ലഭിക്കുക. ഗൂഗിൾ വർക്ക്‌സ്‌പേസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലേക്കും ഈ ഫീച്ചറുകൾ ഉടൻ എത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.