കൊമ്പുകളും ചെയിൻസോയുമുള്ള നാല് കാലുകളുള്ള ത്രീഹാൽവ്സ് എന്ന റോബോട്ട് അതിന്റെ ഭയപ്പെടുത്തുന്ന രൂപം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ, വനം വെട്ടിത്തെളിക്കൽ പോലുള്ള അപകടകരമായ ജോലികളിൽ മനുഷ്യരെ സഹായിക്കാനാണ് കാലിഫോർണിയൻ കമ്പനിയായ സാറ്റിറസ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൊമ്പുകളും ചെയിൻസോയും നാല് കാലുകളുമുള്ള ഒരു റോബോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യ കാഴ്ചയിൽ ഒരു സയൻസ് ഫിക്ഷൻ ഹൊറർ സിനിമയിലെ ഭീകര ജീവിയെപ്പോലെ തോന്നിപ്പിക്കുന്ന ഈ യന്ത്രം, യഥാർഥത്തിൽ മനുഷ്യരുടെ അപകടകരമായ ജോലികൾ സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തതാണെന്നാണ് നിർമാതാക്കളുടെ വിശദീകരണം.
കാലിഫോർണിയ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ സാറ്റിറസ് വികസിപ്പിക്കുന്ന പ്രോട്ടോടൈപ്പ് റോബോട്ടായ ത്രീഹാൽവ്സ് ആണിപ്പോൾ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇതിന്റെ രൂപകൽപ്പനയെ ഭയപ്പെടുത്തുന്നതും അസാധാരണവുമെന്നാണ് വിശേഷിപ്പിക്കുന്നത്. ചിലർ ഇതിനെ പൈശാചിക ജീവികളോടും ഡെമൺ രൂപങ്ങളോടും വരെ താരതമ്യം ചെയ്തിട്ടുണ്ട്. എന്നാൽ സാറ്റിറസ് സ്ഥാപകൻ ബ്യൂ ജി പറയുന്നത്, ഈ റോബോട്ടിന്റെ ലക്ഷ്യം ഭയം സൃഷ്‍ടിക്കുകയല്ല, മറിച്ച് മനുഷ്യരെ അപകടകരമായ ജോലികളിൽ നിന്ന് സംരക്ഷിക്കുകയാണ് എന്നാണ്.
അപകട മേഖലകളിൽ മനുഷ്യന്റെ സഹായിയായി റോബോട്ട്
വനം വെട്ടിത്തെളിക്കൽ, വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മരങ്ങൾ നീക്കം ചെയ്യൽ, കാട്ടുതീ ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം, മണ്ണിടിച്ചിൽ മേഖലകളിലെ പ്രവർത്തനങ്ങൾ, തകർന്ന കെട്ടിടങ്ങളിലെ അപകടകരമായ ഇടപെടലുകൾ തുടങ്ങിയ ജോലികൾക്കായാണ് ത്രീഹാൽവ്സ് രൂപകൽപ്പന ചെയ്യുന്നത്. മരങ്ങൾ വീഴാനുള്ള സാധ്യത, അസ്ഥിരമായ ഭൂമി, മറ്റ് ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ എന്നിവ കാരണം ഇത്തരം ജോലികൾ ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. "സാങ്കേതിക പുരോഗതിയുടെ ഭാഗമായി മനുഷ്യാകാര റോബോട്ടുകൾ ഭാവിയിൽ അനിവാര്യമായേക്കും," എന്ന് ബ്യൂ ജി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
നാല് കാലുകളുള്ള 'സെന്റോർ' റോബോട്ട്
രണ്ട് കാലുകളിൽ നടക്കുന്ന സാധാരണ മനുഷ്യാകാര റോബോട്ടുകളിൽ നിന്ന് വ്യത്യസ്‍തമാണ് ത്രീഹാൽവ്സ്. അസമമായ ഭൂപ്രദേശങ്ങളിലും കൂടുതൽ സ്ഥിരത ലഭിക്കുന്നതിനായി നാല് കാലുകളുള്ള സെന്റോർ രൂപകൽപ്പനയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. താഴത്തെ ഭാഗം നാല് കാലുകളുള്ള ചാസിസാണ്. അതിന് മുകളിൽ മനുഷ്യന്റെ ശരീരത്തെ ഓർമിപ്പിക്കുന്ന ഭാഗവും വിവിധ ഉപകരണങ്ങൾ ഘടിപ്പിക്കാവുന്ന കൈകളും നൽകിയിട്ടുണ്ട്. ചെയിൻസോ, ഡ്രിൽ, റെഞ്ച് തുടങ്ങിയ ഉപകരണങ്ങൾ ആവശ്യാനുസരണം മാറ്റി ഘടിപ്പിക്കാനും കഴിയും. ഏകദേശം 7 അടി (2 മീറ്റർ) ഉയരമുള്ള റോബോട്ടിന് സാധാരണ പിക്കപ്പ് ട്രക്കിൽ വശത്തായി ഉൾക്കൊള്ളാൻ കഴിയുന്ന വലുപ്പമാണുള്ളതെന്നും കമ്പനി പറയുന്നു.
റോബോട്ടിനെ നിയന്ത്രിക്കുന്നത് മനുഷ്യൻ തന്നെ
ത്രീഹാൽവ്സ് സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കുന്ന റോബോട്ട് അല്ലെന്ന് സാറ്റിറസ് വ്യക്തമാക്കി. പകരം, ഒരു മനുഷ്യ ഓപ്പറേറ്റർ ദൂരത്തുനിന്ന് നിയന്ത്രിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുക. ജോയ്സ്റ്റിക്കുകൾ, ക്യാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ച് ഡ്രോൺ നിയന്ത്രിക്കുന്നതിന് സമാനമായ രീതിയിൽ മനുഷ്യർക്ക് റോബോട്ടിനെ നിയന്ത്രിക്കാനാകും. ഇതിലൂടെ കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ, വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള അപകട മേഖലകൾ, അസ്ഥിരമായ ഭൂമികൾ എന്നിവിടങ്ങളിൽ റോബോട്ട് പ്രവർത്തിക്കുമ്പോൾ നിയന്ത്രിക്കുന്ന വ്യക്തിക്ക് സുരക്ഷിതമായ അകലത്തിൽ തുടരാൻ കഴിയും.
കൊമ്പുകൾക്കുള്ളിലും സാങ്കേതികവിദ്യ
റോബോട്ടിന്റെ തലയിലെ അസാധാരണമായ കൊമ്പുകൾ വെറും രൂപകൽപ്പനയ്ക്കായി നൽകിയതല്ലെന്നാണ് കമ്പനി പറയുന്നത്. ഈ കൊമ്പുകൾക്കുള്ളിൽ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. റോബോട്ടിന്റെ കൈകളുടെയും ഉപകരണങ്ങളുടെയും ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഇവ സഹായിക്കുന്നു. അടിയന്തര ബ്രേക്കിങ് സംവിധാനം, തകരാർ സംഭവിച്ചാൽ ഉടൻ പ്രവർത്തനം നിർത്തുന്ന സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രചോദനമായത് സ്ഥാപകന്റെ സ്വന്തം അനുഭവം
ത്രീഹാഫ്സ് എന്ന ആശയം രൂപപ്പെട്ടത് തന്റെ സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് ബ്യൂ ജി പറയുന്നു. കാലിഫോർണിയയിലെ ടാഹോ നാഷണൽ ഫോറസ്റ്റിന് സമീപത്തെ തന്റെ വസ്‍തുവകകളിൽ കൊടുങ്കാറ്റിനെ തുടർന്ന് മരങ്ങൾ തകർന്നതോടെയാണ് അപകടകരമായ മരങ്ങൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ശ്രദ്ധിച്ചത്. മനുഷ്യരുടെ ജീവൻ അപകടത്തിലാക്കാതെ ഇത്തരം കഠിനമായ ജോലികൾ ചെയ്യാൻ കഴിയുന്ന യന്ത്രം വികസിപ്പിക്കണമെന്ന ആശയമാണ് ത്രീഹാഫ്‍സിന് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോൾ പ്രോട്ടോടൈപ്പ് മാത്രം
ത്രീഹാൽവ്സ് വികസിപ്പിക്കാൻ ഇതിനോടകം 1.5 ലക്ഷം ഡോളറിലധികം ചെലവായിട്ടുണ്ടെങ്കിലും, നിലവിൽ ഇത് ഒരു പ്രോട്ടോടൈപ്പ് മാത്രമാണ്. ഇത് വിൽപ്പനയ്ക്ക് എത്തുന്ന തീയതിയോ വിലയോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മനുഷ്യരെ ഭയപ്പെടുത്തുന്ന റോബോട്ട് നിർമ്മിക്കുകയല്ല ലക്ഷ്യമെന്നും, ലോകത്തിലെ ഏറ്റവും അപകടകരമായ ചില ജോലികൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും സാറ്റിറസ് വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ഭീതിയും തമാശയും
എന്നാൽ റോബോട്ടിന്റെ രൂപം ഇന്റർനെറ്റിൽ വലിയ ചർച്ചയ്ക്കാണ് കാരണമായത്. മനുഷ്യന്റെ മുകൾഭാഗവും നാല് കാലുകളുള്ള അടിഭാഗവും ചേർന്നതിനാൽ പലരും ഇതിനെ "സെന്റോർ റോബോട്ട്" എന്നാണ് വിശേഷിപ്പിക്കുന്നത്. കാട്ടുതീയിൽ നിന്ന് രക്ഷിക്കാൻ പുകയിലൂടെ ഈ റോബോട്ട് വന്നാൽ തീയിൽ നിന്ന് ഓടിപ്പോകുന്നതിന് പകരം തീയുടെ അടുത്തേക്ക് പോകുമെന്ന തരത്തിലുള്ള തമാശകളും ചിലർ പങ്കുവെച്ചു. മറ്റുചിലർ ചെയിൻസോ ഘടിപ്പിച്ച റോബോട്ടിക് സെന്റോർ എന്ന ആശയം ഭയപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു. എന്നാൽ സാറ്റിറസിന്റെ വാദം ലളിതമാണ് — ഭയപ്പെടുത്താനല്ല, അപകടകരമായ ജോലികളിൽ മനുഷ്യജീവൻ സംരക്ഷിക്കാനാണ് ത്രീഹാൽവ്സ്.


